ന്യൂദല്‍ഹി: ഹിജാബ് വിഷയത്തില്‍ ആശങ്ക അറിയിച്ച ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോപറേഷന്റെ (ഒഐസി) പ്രസ്താവനയില്‍ പ്രതികരിച്ച് ഇന്ത്യ. ഒഐസിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും കലാപത്തിന് ആഹ്വാനം ചെയ്യുന്നതരത്തിലുള്ളതുമാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയ്ക്കെതിരായ ഒഐസിയുടെ പ്രചാരണം വര്‍ദ്ധിക്കുന്നതായും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
57 അംഗരാജ്യങ്ങളാണ് ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോപറേഷന്റെ ഭാഗമായുള്ളത്. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഒ.ഐ.സി ഇടപെട്ടതിനെയാണ് ഇന്ത്യ രൂക്ഷമായി വിമര്‍ശിച്ചത്. ഇന്ത്യയിലെ പ്രശ്നങ്ങള്‍ പരിഗണിക്കുന്നതും പരിഹരിക്കുന്നതും ഭരണഘടനാ സംവിധാനങ്ങള്‍ക്കും ജനാധിപത്യ ധാര്‍മ്മികതയ്ക്കും അനുസരിച്ചാണ്. ഒഐസിയുടെ വര്‍ഗീയ ചിന്താഗതി ഈ യാഥാര്‍ത്ഥ്യങ്ങളെ ശരിയായ രീതിയില്‍ വിലയിരുത്താന്‍ അനുവദിക്കുന്നില്ല. ഈ പ്രവണത തുടരുകയാണെങ്കില്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇന്ത്യ അറിയിച്ചു.
കര്‍ണാടകയില്‍ വിദ്യാര്‍ഥികള്‍ക്ക് ഹിജാബ് ധരിക്കാന്‍ വിലക്കേര്‍പ്പെടുത്തിയ നടപടി അതീവ ഗുരുതരമാണെന്നാണ് ഒഐസി പ്രസ്താവനയില്‍ വ്യക്തമാക്കിയത്. മുസ്ലിങ്ങളെയും അവരുടെ ആരാധനാലയങ്ങളെയും ലക്ഷ്യമാക്കിയുള്ള തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഇന്ത്യയില്‍ വ്യാപകമായി വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്നും വിവിധ സംസ്ഥാനങ്ങളില്‍ മുസ്ലീം വിരുദ്ധ നിയമനിര്‍മാണ പ്രവണതയും വര്‍ദ്ധിക്കുന്നതായും ഒഐസി ആരോപിച്ചിരുന്നു.
വിഷയത്തില്‍ ഐക്യരാഷ്ട്രസഭ, ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സില്‍ തുടങ്ങിയ സംഘടനകളും ഇന്റര്‍നാഷണല്‍ കമ്യൂണിറ്റിയും ഇടപെടണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടു. പിന്നാലെയാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങളോട് പ്രതികരിച്ച് ഇന്ത്യ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: