കൊല്‍ക്കത്ത: ഏകദിന പരമ്പരയിലെ വിജയങ്ങള്‍ ട്വന്റി20യിലും ആവര്‍ത്തിക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് കൊല്‍ക്കത്തയില്‍. വൈകിട്ട് 7.30ന് കളി തുടങ്ങും. പരമ്പരയിലെ മൂന്ന് മത്സരങ്ങളും ഈഡന് ഗാര്‍ഡന്‍സിലാണ്. കെ.എല്‍. രാഹുലിന്റെ അഭാവത്തില്‍ ഋഷഭ് പന്ത് ടീമിന്റെ ഉപനായകനാകും.
എട്ട് മാസങ്ങള്‍ക്ക് ശേഷം നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പ് ലക്ഷ്യം വച്ചുള്ള തുടക്കത്തിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. ടീമിനെ തയ്യാറാക്കുകയും ഒത്തിണക്കം വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം. ലോകകപ്പിന് മുമ്പ് 10 ട്വന്റി20 മത്സരങ്ങളാണ് ഇന്ത്യക്കുള്ളത്. യുവതാരങ്ങളെയടക്കം പരീക്ഷിച്ച് മികച്ച ടീമിനെ തെരഞ്ഞെടുക്കുന്നതിന്റെ ആദ്യ പടിയായി ഇന്നും അപ്രതീക്ഷിത മാറ്റങ്ങള്‍ ടീമിലുണ്ടായേക്കാം. ഉപനായകന്‍ കെ.എല്‍. രാഹുല്‍ പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ ഇഷാന് കിഷനാകും ഒപ്പണിങ്ങിലെത്തുക. നായകന് രോഹിത് ശര്‍മ്മക്കൊപ്പം ഐപിഎല്ലിലും ഇതേ ഓപ്പണിങ് സഖ്യമുണ്ടാകുന്നത് ഇന്ത്യക്ക് കരുത്താണ്.
വിരാട് കോഹ്ലി, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ മധ്യനിരയില്‍ കളിക്കാനാണ് സാധ്യത. മോശം ഫോമിലുള്ള കോഹ്ലിക്ക് റണ്‍സ് കണ്ടത്തേണ്ടത് അനിവാര്യമാണ്. ഋതുരാജ് ഗെയ്ക്വാദ് ആദ്യ മത്സരത്തില്‍ കളിക്കാനിടയില്ല. ശ്രേയസ് അയ്യരുടെ സ്ഥാനവും അനിശ്ചിതത്വത്തിലാണ്. ദീപക് ഹൂഡയോ വെങ്കിടേഷ് അയ്യരോ ഓള്‍റൗണ്ടറായി ടീമിലെത്തും. അവസരങ്ങള്‍ മുതലാക്കാതിരുന്ന വെങ്കിടേഷ് അയ്യര്‍ക്ക് ടീമിലിടം ലഭിക്കാന്‍ സാധ്യതയില്ല. യുസ്വേന്ദ്ര ചഹല്‍ സ്പിന്നറായി കളിച്ചേക്കും. ഭുവനേശ്വര്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പേസ് നിരയില്‍ മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ കളിച്ചേക്കും. ഷര്‍ദുല്‍ താക്കൂര്‍, ദീപക് ചഹര്‍ എന്നിവരില്‍ ഒരാള്‍ക്കും അവസരം ലഭിക്കും.
മറുവശത്ത് ട്വന്റി20യില്‍ കൂടുതല്‍ കരുത്തരാണ് വിന്‍ഡീസ്. കീറണ്‍ പൊള്ളാര്‍ഡിന്റെ നേതൃത്വത്തില്‍ ബ്രണ്ടന്‍ കിങ്, ജെയ്സണ്‍ ഹോള്‍ഡര്‍, നിക്കോളാസ് പൂരാന്, ഷായ് ഹോപ്പ്, ഒഡിയന്‍ സ്മിത്ത് എന്നിവരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: