ഡോ. സന്തോഷ് മാത്യു
കിഴക്കന്‍ യൂറോപ്പില്‍ കരിങ്കടല്‍ തീരത്തെ വലിയ രാജ്യങ്ങളിലൊന്നായ ഉക്രൈനില്‍ യുദ്ധകാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുകയാണ്. രണ്ടാംലോകയുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ സേനാവിന്യാസമാണിപ്പോള് അവിടെ നടക്കുന്നത്. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രൈന് കുറച്ചുകാലമായി യൂറോപ്പിനോടും പാശ്ചാത്യശക്തികളോടും അടുക്കുകയാണ്. 1954ല്‍ സോവിയറ്റ് ഭരണാധികാരി നികിത ക്രൂഷ്ചേവ് ഉക്രൈന് കൈമാറിയ പ്രദേശമായിരുന്നു ക്രൈമിയ. ഉക്രൈനില്‍ നിന്ന് റഷ്യ ഇത് എട്ട് വര്‍ഷം മുന്‍പ് പിടിച്ചെടുത്തു. ക്രൈമിയയിലെ അധിനിവേശവും തുടര്‍ന്നുള്ള ഏറ്റുമുട്ടലും ഉക്രൈനെ പാശ്ചാത്യലോകവുമായി കൂടുതല്‍ അടുപ്പിച്ചു. നാറ്റോയുടെ പങ്കാളിരാജ്യമാണ് ഉക്രൈന്. ഭാവിയില്‍ അതില്‍ അംഗമാകാന്‍ അനുമതി ലഭിക്കാവുന്ന രാജ്യമെന്നാണ് ഇതിനര്‍ഥം. ഇതാണ് റഷ്യയെ അസ്വസ്ഥമാക്കുന്നത്. റഷ്യയുടെ അയല്‍രാജ്യങ്ങളെ നാറ്റോയില്‍ അംഗമാക്കരുതെന്നതാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ പ്രധാന ആവശ്യം. 1990കളില്‍, അതായത് 16 അംഗങ്ങള്‍ മാത്രമുണ്ടായിരുന്നപ്പോഴത്തെ നിലയിലേക്ക് നാറ്റോ സേനാവിന്യാസം ചുരുക്കണം. എന്നാല്‍, നാറ്റോ അംഗത്വകാര്യത്തില്‍ റഷ്യ ആവശ്യപ്പെടുംപോലുള്ള ഉറപ്പുനല്‍കാന്‍ അമേരിക്ക തയ്യാറല്ല. ഉക്രൈന് പ്രതിസന്ധിയില്‍ റഷ്യയ്ക്കൊപ്പമാണ് ചൈന. ഫെബ്രുവരി പകുതി കഴിഞ്ഞാല്‍ ഉക്രൈനിലെ മഞ്ഞുറഞ്ഞ് കട്ടിയാകും. ഇത് സൈനികവാഹനങ്ങളുടെ നീക്കത്തിന് ഗുണംചെയ്യും. അതുകാത്തിരിക്കുകയാണ് റഷ്യ എന്നാണ് നിഗമനം.
ഒരു ലക്ഷത്തിലേറെ റഷ്യന്‍ ഭടന്മാര് ഉക്രൈന് അതിര്‍ത്തികളില്‍ നിലയുറപ്പിച്ചതോടെ ഏതു സമയവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാം. യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ എംബസികള്‍ ഇതിനകം ഉക്രൈനിലെ സേവനം അവസാനിപ്പിച്ചു. സ്ഥിതിഗതികള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ഇവിടെ നിന്ന് വിദ്യാര്‍ത്ഥികളുള്‍പ്പടെ എല്ലാ ഇന്ത്യക്കാരും താല്‍ക്കാലികമായി നാട്ടിലേക്ക് മടങ്ങണമെന്ന് കീവിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇരുപത്തയ്യായിരത്തോളം ഇന്ത്യക്കാരാണ് ഉക്രൈനില്‍ വസിക്കുന്നത്, ഭൂരിഭാഗവും മലയാളികള്‍. .അതായത് യുദ്ധത്തിന്റെ അലയൊലികള്‍ ഇവിടെയും എത്തിക്കഴിഞ്ഞു. യുദ്ധമുണ്ടാവുകയോ ഇപ്പോഴത്തെ സ്ഥിതി നീളുകയോ ചെയ്താല്‍ ഇന്ത്യയ്ക്കു പല പ്രയാസങ്ങളുമുണ്ടാകും. റഷ്യയില്‍ നിന്നുള്ള എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ കൈമാറ്റം വൈകും. എണ്ണവില ഇനിയും വര്‍ധിപ്പിക്കും. യുദ്ധമുണ്ടായാല്‍ അത് വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള ഇന്ത്യക്കാരെ കാര്യമായി ബാധിക്കും.
നിര്‍ണായകം നയതന്ത്ര ശ്രമം
ഉക്രൈനില്‍ യുദ്ധമുണ്ടാകുന്നതു തടയാനുള്ള നയതന്ത്ര നീക്കങ്ങള്‍ ഇതുവരെ ഫലം കണ്ടില്ല. ഈ രാജ്യത്ത് ഏതു തരത്തിലുള്ള അക്രമം നടത്തിയാലും റഷ്യയ്ക്കെതിരെ തല്‍ക്ഷണം വന്‍തോതിലുള്ള സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്നും ഉക്രൈന് ഉടന്‍ സഹായമെത്തിക്കുമെന്നും ജി 7 രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും റഷ്യയും പുടിനും ഒട്ടും അയഞ്ഞിട്ടില്ല. ലോകത്തിലെ ഏഴ് അതിവികസിതരാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 7. ഉക്രൈനിന്റെ മൂന്ന് വശത്തും ഒരുലക്ഷത്തിലേറെ സൈനികരെ നിയോഗിച്ചിട്ടുള്ള റഷ്യയുടെ നിലപാടില്‍ ഇതുവരെ മാറ്റം വന്നിട്ടില്ല. ബെലാറൂസ് അതിര്‍ത്തിയിലെ സൈനികാഭ്യാസവും കരിങ്കടലിലെ നാവികാഭ്യാസവും റഷ്യ തുടരുന്നതും മധ്യസ്ഥത വഹിക്കുന്ന ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് സ്കോള്‍സിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.
യുദ്ധഭീഷണിയെത്തുടര്‍ന്ന് 9 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ എണ്ണ വില എത്തി. റഷ്യയിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും ഓഹരിക്കമ്പോളങ്ങളില്‍ വീണ്ടും ഇടിവുണ്ടായി. ഇതിന്റെ പ്രത്യാഘാതം ഇന്ത്യന്‍ ഓഹരിവിപണിയിലും പ്രതിഫലിച്ചു. നാറ്റോയില്‍ ചേരില്ലെന്ന് ഉക്രൈന് പരസ്യമായി സമ്മതിച്ചാല്‍ തന്നെ റഷ്യയുടെ പ്രശ്നത്തിന് പരിഹാരമായി എന്ന് അവര്‍ പറയുന്നു. എന്നാല്‍ നാറ്റോ വിഷയത്തിലൊഴികെ മറ്റേതു കാര്യത്തിലും പുനഃപരിശോധനയാകാമെന്നാണ് ഉക്രൈന് നിലപാട്.
ഉക്രൈന് ആയുധ സഹായവും സൈനിക പരിശീലനവും നാറ്റോ (നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്ഗനൈസേഷന്) നല്‍കുന്നത് തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് റഷ്യന്‍ വാദം. റഷ്യ ആരംഭിച്ച നാവികാഭ്യാസത്തില്‍ 140 പടക്കപ്പലുകള്‍ പങ്കെടുക്കുന്നുണ്ട്. യുഎസ് മുങ്ങിക്കപ്പല്‍ പസഫിക്കില്‍ റഷ്യയുടെ സമുദ്രാതിര്‍ത്തി ഭേദിച്ചുവെന്നും റഷ്യയുടെ കപ്പല്‍ അതിനെ തുരത്തിയെന്നുമുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ശീതയുദ്ധകാലത്തിനുശേഷം യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ സംഘര്‍ഷ സാഹചര്യം ലഘൂകരിക്കാനായി നയതന്ത്ര നീക്കങ്ങള്‍ കാര്യമായി നടക്കുന്നുണ്ടെങ്കിലും വിജയം കാണുന്നില്ല. ക്രൈമിയ ഉപദ്വീപ് തീരത്ത് റഷ്യയുടെ ആറ് യുദ്ധക്കപ്പലുകള്‍ യുദ്ധ സന്നദ്ധമായി കിടക്കുകയാണ്. യുദ്ധമുണ്ടായാല്‍ അതു റഷ്യയുടെ മാത്രമല്ല, യൂറോപ്യന്‍ യൂണിയന്റെയും സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കു തിരിച്ചടിയാകും. റഷ്യന്‍ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പ്രധാന വിപണി യൂറോപ്പാണ്. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ ഉപയോഗിക്കുന്ന വാതകത്തിന്റെ മൂന്നിലൊന്നും റഷ്യയില്‍ നിന്നാണ്. നിലവില്‍ ജര്‍മനിയടക്കമുള്ള രാജ്യങ്ങളില്‍ ആവശ്യത്തിന് ഇന്ധനവിതരണമില്ല. ഇതുമൂലം ഇന്ധനവിലക്കയറ്റം പ്രധാന പ്രശ്നമാണ്. റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി വര്‍ധിപ്പിക്കേണ്ടതു കുറഞ്ഞ നിരക്കില്‍ ഇന്ധനം ലഭ്യമാക്കാന്‍ അനിവാര്യമാണ്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞാണു യൂറോപ്യന്‍ നേതാക്കള്‍ വിഷയത്തില്‍ ഇടപെടുന്നത്. ഇന്ധനപ്രശ്നം പരിഹരിക്കാനുള്ള വാതക പൈപ്ലൈന് പദ്ധതിയാണ് നോര്‍ഡ് സ്ട്രീം 2. റഷ്യന്‍ സര്‍ക്കാരിന്റെ ഊര്‍ജ്ജക്കമ്പനി ഗാസ്പ്രോമിന്റെ ഉടമസ്ഥതയിലുള്ള പൈപ്ലൈന് ഉത്തര റഷ്യയില്‍നിന്നു ബാള്‍ട്ടിക് സമുദ്രത്തിനടിയിലൂടെ ജര്‍മനിയിലേക്കു പ്രകൃതിവാതകമെത്തിക്കുന്നു. 1100 കോടി ഡോളറിന്റെ പദ്ധതി. നിലവിലുള്ള നോര്‍ഡ് സ്ട്രീം 1 പദ്ധതിയുടെ ശേഷിയെ ഇത് ഇരട്ടിയാക്കുന്നു. ഇത് യാഥാര്‍ത്ഥ്യമായാല്‍ ജര്‍മനിക്കു കുറഞ്ഞ നിരക്കില്‍ ഗാര്‍ഹിക ഇന്ധനം വിതരണം ചെയ്യാനാകും. യുദ്ധമുണ്ടായാല്‍ ആദ്യം പ്രശ്നത്തിലാകുന്നതും ഈ പൈപ്ലൈന് പദ്ധതിയാകും.
ഫലം കാണുമോ ഉപരോധ നീക്കങ്ങള്‍
യൂറോപ്യന്‍ സമ്പദ്വ്യവസ്ഥയില് റഷ്യയുടെ സ്വാധീനം യുഎസിനു ഒട്ടും ഹിതകരവുമല്ല. റഷ്യയ്ക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധമാണ് യുഎസിന്റെയും യൂറോപ്യന്‍ സഖ്യകക്ഷികളുടെയും അജണ്ടയിലുള്ളത്. റഷ്യന്‍ പ്രസിഡന്റിനെ വ്യക്തിപരമായി ലക്ഷ്യമിടുന്ന നടപടികളും ഇതിലുണ്ട്. പുടിന്റെ വിദേശനിക്ഷേപങ്ങള്‍ മരവിപ്പിക്കുകയാണ് ഇതിലൊന്ന്. യുഎസ് ഡോളര്‍ റഷ്യയ്ക്കു വിലക്കുകയാണു യുഎസിന്റെ കയ്യിലുള്ള മറ്റൊരു ശക്തമായ ആയുധം. റഷ്യയുടെ വരുമാനത്തിന്റെ 40 ശതമാനം എണ്ണവാതക കയറ്റുമതിയാണ്. ബാങ്കുകളില്‍ നിന്നു ബാങ്കുകളിലേക്കു ലോകമെങ്ങും പണം കൈമാറ്റം ചെയ്യപ്പെടുന്ന ‘സ്വിഫ്റ്റ്’ ധനകാര്യ സംവിധാനത്തില്‍ നിന്നു റഷ്യയെ പുറത്താക്കുക എന്നതാണ് ഏറ്റവും കര്‍ശനമായ മറ്റൊരു സാമ്പത്തിക നടപടി. മുഴുവന്‍ രാജ്യാന്തര സാമ്പത്തിക ഇടപാടുകളില്‍ നിന്നും റഷ്യയെ വിലക്കുന്നതിന് ഇതിലൂടെ സാധിക്കും. റഷ്യന്‍ സൈനികരില്മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പാശ്ചാത്യ രാജ്യങ്ങളും മാധ്യമങ്ങളും മറുപക്ഷത്തിന്റെ യുദ്ധസന്നാഹത്തില്‍ മൗനം പാലിക്കുന്നു എന്ന ആക്ഷേപവും ഉയരുന്നുണ്ട്. റഷ്യ തുടര്‍ച്ചയായി ആശങ്ക അറിയിച്ചിട്ടും അമേരിക്കയും സഖ്യ രാജ്യങ്ങളും കിഴക്കന്‍ യൂറോപ്പിലേക്ക് സൈനികരെയും യുദ്ധോപകരണങ്ങളും അയക്കുന്നത് തുടരുന്നു എന്നാണ് പുടിന് പറയുന്നത്. ഉക്രൈനെ നാറ്റോയുടെ ഭാഗമാക്കരുതെന്നത് ഉള്‍പ്പെടെയുള്ള റഷ്യയുടെ ആവശ്യങ്ങളില്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണം എന്നും പുടിന് പറയുന്നു.
നാല് നൂറ്റാണ്ടിന്റെ അധിനിവേശ ചരിത്രം
ഉക്രൈനോട് റഷ്യ എന്തുകൊണ്ട് ഈ വിധം പെരുമാറുന്നു എന്നറിയാന്‍ നാലുനൂറ്റാണ്ട് പിന്നിലേക്കു സഞ്ചരിക്കണം. റഷ്യന്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനായ സര് ചക്രവര്‍ത്തി മഹാനായ പീറ്ററിന്റെ കാലത്തു സ്വീഡന് 1709ല്‍ റഷ്യയില്‍ അധിനിവേശം നടത്തി.1812-ല്‍ നെപ്പോളിയന്റെ ‘വന്‍പട’ ഫ്രാന്‍സില്‍ നിന്നെത്തി മോസ്കോയോട് അടുത്തെങ്കിലും മോശം കാലാവസ്ഥ അവരെ ചതിച്ചു. രണ്ടാംലോകയുദ്ധകാലത്ത് ഹിറ്റ്ലറുടെ പട സോവിയറ്റ് യൂണിയനില്‍ കടന്നുകയറി. അവരെ സ്റ്റാലിന് പണിപ്പെട്ടാണ് തുരത്തിയത്. ഇതെല്ലം നൂറുവര്‍ഷത്തെ ഇടവേളകളിലാണ് സംഭവിച്ചത്. അങ്ങനെ നോക്കിയാല്‍ നാല് നൂറ്റാണ്ടിന്റെ പാരമ്പര്യം നാറ്റോയുടെ രൂപത്തില്‍ വരുമെന്ന ഭയം പുടിനുമുണ്ടാകും.
സോവിയറ്റ് യൂണിയന്റെ തിരോധാനത്തോടെ അസ്തമിച്ച കമ്മ്യൂണിസ്റ്റ് സമഗ്രാധിപത്യം വിപുലപ്പെടുത്തി വേറിട്ടുപോയ റിപ്പബ്ലിക്കുകളെ റഷ്യയോട് കൂട്ടിച്ചേര്‍ക്കാനുള്ള വിശാല പദ്ധതിയാണ് പ്രസിഡന്റ് പുടിന്റെ ഉക്രൈന് അധിനിവേശത്തിന് പിന്നിലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ജോര്‍ജിയ, എസ്തോണിയ, ലാത്വിയ, ലിത്വേനിയ, ബെലറൂസ് തുടങ്ങിയ സ്വതന്ത്ര രാഷ്ട്രങ്ങളെകൂടി ചേര്‍ത്തുപിടിച്ചുള്ള വിശാല റഷ്യയാണ് പുടിന്റെ ആഗ്രഹം. 2014ലെ ക്രീമിയന്‍ കടന്നുകയറ്റത്തിന്റെ പേരില്‍ നേരിടുന്ന പാശ്ചാത്യ ഉപരോധത്തിന്റെ കെടുതികളെ ന്യായീകരിക്കാനും ഭരണകൂട അഴിമതിക്കു മറയിടാനും ഈ സൈനിക നീക്കം സഹായിക്കും എന്നും പുടിന് കണക്കുകൂട്ടുന്നു. ബലപ്രയോഗത്തിലൂടെയും അധിനിവേശം ഉറപ്പിച്ച് റഷ്യ സൈനികവിന്യാസം വിപുലപ്പെടുത്തുകയും അമേരിക്ക തിരിച്ചടി ഭീഷണി മുഴക്കുകയും ചെയ്യുമ്പോള്‍ ഈ യുദ്ധമേഘം എങ്ങനെയെങ്കിലും ദുര്‍ബലപ്പെടട്ടെ എന്ന പ്രാര്‍ത്ഥനയിലും പ്രതീക്ഷയിലുമാണ് സമാധാനം ആഗ്രഹിക്കുന്നവര്‍,
പ്രതികരിക്കാൻ ഇവിടെ എഴുതുക: