വയനാട്: കേരളത്തിലെ എല്ലാവരുടെയും വീടിന്റെ വാതില്ക്കല് ശുദ്ധമായ ചാണകം എത്തിക്കുമെന്ന് ഉറപ്പുമായി കേരള സര്‍ക്കാര്‍. സര്‍ക്കാര്‍ സംരംഭമായ മില്‍മയുടെ നേതൃത്വത്തിലാണ് ഇത്തരമൊരു പദ്ധതി പിണറായി സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നത്. തങ്ങള്‍ എത്തിക്കുന്നത് പാക്കറ്റുകളിലാക്കിയ ശുദ്ധമായ ചാണകമാണെന്ന് മില്‍മ പറയുന്നു. കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന ചാണകമാണ് മില്‍മ പാക്കറ്റുകളിലാക്കി വിതരണത്തിനെത്തിക്കുന്നത്.
മില്‍മയുടെ അനുബന്ധ സ്ഥാപനമായ പ്രവര്‍ത്തിക്കുന്ന മലബാര്‍ റൂറല്‍ ഡവലപ്മെന്റ് ഫൗണ്ടേഷനാണ് (എംആര്‍ഡിഎഫ്) ചാണകം ബ്രാന്‍ഡ് ചെയ്ത് വീടുകളിലേക്ക് എത്തിക്കാനൊരുങ്ങുന്നത്. വലിയ തോട്ടങ്ങളിലും കൃഷിയിടങ്ങളിലും ഉപയോഗിക്കാവുന്ന രീതിയില്‍ മാര്‍ക്കറ്റ് പിടിക്കാനാണ് സര്‍ക്കാര്‍ സ്ഥാപനം ശ്രമിക്കുന്നത്. ഇതിനായി പ്രത്യേക പാക്കറ്റുകളില്‍ ചാണകം അളന്ന് തൂക്കിയാണ് മാര്‍ക്കറ്റുകളില്‍ എത്തിക്കുന്നത്.
1, 2, 5,10 കിലോഗ്രാം പാക്കറ്റിനു യഥാക്രമം 25, 27, 70, 110 രൂപയാണു വില. വന്‍കിട കര്‍ഷകര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന രീതിയില്‍ അതത് സ്ഥലങ്ങളിലും എത്തിച്ച് നല്‍കും. കൃഷിവകുപ്പ്, പ്ലാന്റേഷന് കോര്പറേഷന്, സര്‍ക്കാരിന്റെ ഫാമുകള്‍ എന്നിവയ്ക്കായി വലിയ തോതില്‍ ചാണകം നല്‍കാനുള്ള അനുമതിക്കായി മില്‍മ പിണറായി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ചിനു വേണ്ടി വലിയ അളവില്‍ ചാണകം ഈ സര്‍ക്കാര്‍ സ്ഥാപനം നല്‍കുന്നുണ്ട്. ക്ഷീരസംഘങ്ങളോടനുബന്ധിച്ചു കര്‍ഷക കൂട്ടായ്മകള്‍ രൂപീകരിച്ചാണ് എംആര്‍ഡിഎഫ് ചാണകം പൊടിയാക്കി വിപണിയിലെത്തിക്കുന്നത്.
ഇതിന്റെ ഭാഗമായി മലബാര്‍ റൂറല്‍ ഡെവലപ്മെന്റ് ഫൗണ്ടേഷനും പുല്‍പ്പള്ളി ക്ഷീരോല്പ്പാദക സഹകരണ സംഘവും മില്‍മയുടെ സഹായത്തോടെ ആരംഭിക്കുന്ന ചാണക സംഭരണ വിതരണ കേന്ദ്രം പുല്‍പ്പള്ളി ക്ഷീരസംഘത്തിന്റെ ആനപ്പാറ ചില്ലിങ് പ്ലാന്റിനു സമീപം മില്‍മ ചെയര്മാന് കെ എസ് മണി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാര്‍ അധ്യക്ഷനായി. എംആര്‍ഡിഎഫ് സിഇഒ ജോര്‍ജ് കുട്ടി ജേക്കബ്ബ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. പി മുരളി ആദ്യ വില്‍പ്പന നടത്തി. കെ സി ജെയിംസ്, സജി കാവനാക്കുഴിയില് എന്നിവര്‍ സംസാരിച്ചു. പുല്‍പ്പള്ളി ക്ഷീര സംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി സ്വാഗതവും സെക്രട്ടറി എം ആര് ലതിക നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: