ന്യൂദല്‍ഹി: ഹിജാബ് വിവാദം ആളിക്കത്തുന്നതിനിടയില്‍ തെഹ് രീക് ഇ താലിബാന് ഇന്ത്യ(ടിടി ഐ) എന്ന പുതിയ ഭീകരസംഘടനയുടെ പേജ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. ഇത് പാകിസ്ഥാന് തലവേദനയായ തെഹ് രീക് ഇ താലിബാന് പാകിസ്ഥാന് (ടിടിപി) എന്ന സംഘടനയുടെ ഇന്ത്യന്‍ പതിപ്പാണെന്ന് പറയപ്പെടുന്നു. തെഹ് രീക് ഇ താലിബാന് പാകിസ്ഥാന് തന്നെയാണ് തങ്ങളുടെ ഇന്ത്യന്‍ ശാഖ ആരംഭിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ടിടി ഐയുടെ ട്വിറ്റര്‍ പേജ് നിരോധിക്കണമെന്ന് ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ട്വിറ്റര്‍ ഈ സംഘടനയുടെ അക്കൗണ്ട് അഡ്മിനെ അറിയിച്ചിട്ടുണ്ട്.
പാകിസ്ഥാന് സര്‍ക്കാരിനെതിരെ പൊരുതുന്ന സംഘടനയാണ് ടിടിപി. അഫ്ഗാന്-പാകിസ്ഥാന് അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന പഷ്തൂണ്‍ വംശജരായ സായുധ വിദ്യാര്‍ത്ഥികളുടെ ഗ്രൂപ്പാണിത്. അല്‍ ക്വെയ്ദയാണ് ടിടിപിയ്ക്ക് താത്വിക മാര്‍ഗ്ഗദര്‍ശനം നല്‍കുന്നത്. അല്‍ ക്വെയ്ദയുമായി അടുത്ത ബന്ധമുണ്ട്. അഫ്ഗാന്-പാകിസ്ഥാന് അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സായുധ വിദ്യാര്‍ത്ഥി സംഘടനയുടെ മാതൃസംഘടന കൂടിയാണ് ടിടിപി. ടിടിപി നേതാക്കളില്‍ അധികം പേരെയും പാകിസ്ഥാന് സൈന്യം തന്നെയാണ് വകവരുത്തിയിരിക്കുന്നത്. ചില ടിടിപി തീവ്രവാദികള്‍ ഇസ്ലാമിക് സ്റ്റേറ്റിലും ചേര്‍ന്നിട്ടുണ്ട്. 2019ലെ കണക്കനുസരിച്ച് അഫ്ഗാനിസ്ഥാനില്‍ മാത്രം 3000 മുതല്‍ 4000 വരെ ടിടിപി തീവ്രവാദികളുണ്ട്.
ഏറ്റവുമൊടുവില്‍ പങ്കുവെച്ച ട്വീറ്റില്‍ ടിടി ഐ കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിക്കുകയാണ്. ‘ഇന്ത്യയിലെ ഫാസിസ്റ്റ് സര്‍ക്കാരിന് തെഹ് രീക് ഇ താലിബാന് ഇന്ത്യയുടെ ട്വിറ്റര്‍ പേജ് ബ്ലോക് ചെയ്യാന്‍ കഴിഞ്ഞേക്കും. പക്ഷെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഞങ്ങളുടെ യുദ്ധത്തെ ആര്‍ക്കും തടയാനാവില്ല’- ഇതാണ് ടിടി ഐയുടെ ഒടുവിലത്തെ ട്വിറ്റര്‍ സന്ദേശം.
കഴിഞ്ഞ ദിവസം നടത്തിയ ട്വീറ്റില്‍ ഇന്ത്യയിലെ എമീറിനെ അഥവാ സംഘത്തലവനെ ഉടനെ പ്രഖ്യാപിക്കുമെന്ന് സംഘടന അവകാശപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസം മൗലാന അല്‍ ഖുറേഷിയെ ഇന്ത്യയിലെ ആദ്യ എമീറായി അഥവാ സംഘത്തലവനായി തെരഞ്ഞെടുത്തതായി അറിയിച്ച് ട്വീറ്റ് പങ്കുവെച്ചു.
ഹിജാബിനെ അനുകൂലിച്ചും സംഘടന ഒരു ട്വീറ്റ് നല്‍കിയിരുന്നു: ‘ഹിജാബ് ഹയ ആണ്, ഹയ ഇമാന് ആണ്. ഞങ്ങള്‍ക്ക് മരിക്കാനാവും, എന്നാല്‍ കീഴടങ്ങാനാവില്ല. ഹിജാബ് ധരിച്ച പെണ്‍കുട്ടികളോടൊപ്പം ഞങ്ങള്‍ നിലകൊള്ളുന്നു. ‘
മറ്റൊരു ട്വീറ്റില്‍ ടിടി ഐ പറയുന്നത് താലിബാന് എന്ന പേരിന് അഫ്ഗാനിസ്ഥാനിലെയോ പാകിസ്ഥാനിലെയോ താലിബാനുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ്. ‘ഇന്ത്യന്‍ താലിബാന് സൃഷ്ടിക്കപ്പെട്ടത് മുസ്ലിം പണ്ഡിതരാല്‍ ആണ്. അത് ഇന്ത്യയിലും കശ്മീരിലും സമാധാനം സ്ഥാപിക്കാനാണ്. ഇതുവരെ ആയിരക്കണക്കിന് ഇന്ത്യയിലെയും കശ്മീരിലെയും മുസ്ലിങ്ങള്‍ ചേര്‍ന്നിട്ടുണ്ട്,’- ‘ട്വീറ്റില്‍ പറയുന്നു.
ഫിബ്രവരി 12ന് ഇറക്കിയ ട്വീറ്റില്‍ ബൈഡനും യുഎസിനും എതിരെ ആഞ്ഞടിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ പണം ബൈഡന് മറ്റുള്ളവര്‍ക്ക് നല്കി. ഇതിന് പ്രത്യാഘാതമായി സംഘടനയില്‍ നിന്നും ഇന്ത്യയില്‍ ജീവിക്കുന്ന അമേരിക്കക്കാര്‍ക്ക് നല്ല തിരിച്ചടി കിട്ടുമെന്നും പറയുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 700 കോടി ഡോളര്‍ തുക 9-11 തീവ്രവാദി ആക്രമണത്തില്‍ ഇരയായവര്‍ക്ക് അമേരിക്ക പങ്കുവെച്ച് നല്‍കിയെന്നാണ് ടിടി ഐ ആരോപിക്കുന്നത്.
ഫിബ്രവരി 13ന് ബിജാപൂരില്‍ ഒരു പൊലീസ് ഓഫീസറെ കൊന്നുവെന്നും മറ്റൊരു ട്വീറ്റിലൂടെ ടിടി ഐ അവകാശപ്പെട്ടിരുന്നു. ട്വീറ്റിനോടൊപ്പം നല്കിയ ഭൂപടത്തില്‍ ബിജാപൂര്‍ അടയാളപ്പെടുത്തിയിട്ടുള്ളത് കര്‍ണ്ണാടകയിലാണ്. എന്നാല്‍ ഒരു സിആര്‍പിഎഫ് ജവാന് നക്സലൈറ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് കര്‍ണ്ണാടകയിലെ ബിജാപൂരിലല്ല, ഛത്തീസ്ഗഡിലെ ബിജാപൂരിലാണ്.
ഈ ട്വിറ്റര്‍ അക്കൗണ്ടിലെ ലൊക്കേഷന്‍ നല്‍കിയിരിക്കുന്നത് ദല്‍ഹി എന്നാണ്. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പൊതുവായുള്ള പഷ്തോ എന്ന ഭാഷയിലാണ് ലൊക്കേഷന്‍ എഴുതിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: