കോഴിക്കോട്: വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ രാസലായനി കുടിച്ച വിദ്യാർത്ഥികൾക്ക് പൊള്ളലേറ്റു. കോഴിക്കോട് വരക്കൽ ബീച്ചിൽ ഉപ്പിലിട്ടതു വിൽക്കുന്ന പെട്ടിക്കടയിൽ നിന്നാണ് രാസവസ്തു കുടിച്ചത്. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. പഠനയാത്രയ്ക്കായി കോഴിക്കോട്ടെത്തിയ കാസർകോട് തൃക്കരിപ്പൂർ ആയട്ടി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവർക്കാണു പൊള്ളലേറ്റത്.
ഉപ്പിലിട്ടതു കഴിച്ച് എരിവു തോന്നിയപ്പോള്‍ അടുത്തുകണ്ട കുപ്പിയില്‍ വെള്ളമാണെന്നു കരുതി കുടിക്കുകയായിരുന്നു. കുടിച്ച കുട്ടിയുടെ വായ പൊള്ളി. ഈ കൂട്ടിയുടെ ഛര്‍ദ്ദില്‍ ദേഹത്തുപറ്റിയ മറ്റൊരുകുട്ടിക്കും പൊള്ളലേറ്റു. കോഴിക്കോട്ട് മെഡിക്കല്‍ കോളജില്‍ ചികിത്സക്കു വിധേയമാക്കിയ ശേഷം നാട്ടിലേക്കു കൊണ്ടുപോയി. നിലവില്‍ കാസര്‍കോട് ചികിത്സയിലാണുള്ളത്.
ഉപ്പിലിട്ടത് വേഗം പാകമാകാൻ പ്രദേശത്തെ കടക്കാർ ചില രാസവസ്തുക്കൾ ചേർക്കുന്നതായി വ്യാപക പരാതിയുണ്ട്. കുട്ടിയുടെ തൊണ്ടയിലും അന്നനാളിയിലും പൊള്ളലേറ്റിട്ടുണ്ടെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: