ന്യൂദൽഹി: കൊവിഡ് മൂന്നാം തരംഗത്തെതുടർന്ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയിരുന്ന രാത്രി കർഫ്യൂവും മറ്റ് നിയന്ത്രണങ്ങളും പിൻവലിച്ചു. രാജ്യത്തുടനീളം കൊവിഡ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന ടിപിആർ നിരക്കും കുറയുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ കാരണം.
ആന്ധ്രാപ്രദേശ് സർക്കാർ ഫെബ്രുവരി 14ന് രാത്രികാല കർഫ്യൂ പിൻവലിച്ചു. കൊറോണ വൈറസിന്റെ നിലവിലെ സാഹചര്യത്തെക്കുറിച്ച് മുഖ്യമന്ത്രി തിങ്കളാഴ്ച അവലോകന യോഗം നടത്തിയതിന് ശേഷമാണ് രാത്രി കർഫ്യൂ പിൻവലിക്കാൻ തീരുമാനിച്ചത്. കൊറോണ വൈറസ് അണുബാധ കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ, ഫെബ്രുവരി 13 ന് ഉത്തർപ്രദേശ് സർക്കാരും രാത്രി കർഫ്യൂവിന് ഒരു മണിക്കൂർ ഇളവ് നൽകി. രാത്രി 10 മണിക്ക് പകരം രാത്രി 11 മണി മുതൽ (രാവിലെ 6.00 വരെ) രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി (ഹോം) അവനീഷ് അവസ്തി അറിയിച്ചു.
ഹിമാചൽ പ്രദേശ് സർക്കാരും കഴിഞ്ഞയാഴ്ച രാത്രി കർഫ്യൂ പിൻവലിച്ചു. ബിഹാർ സർക്കാരും അടുത്തിടെയുള്ള കൊവിഡിന്റെ കുതിച്ചുചാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ രാത്രി കർഫ്യൂ ഉൾപ്പെടെയുള്ള “എല്ലാ നിയന്ത്രണങ്ങളും” എടുത്തുകളഞ്ഞു. ദേശീയ തലസ്ഥാനമായ ദൽഹിയിൽ ദിവസേന വളരെ കുറച്ച് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും രാത്രി കർഫ്യൂ നീക്കിയിട്ടില്ല. ദൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (ഡിഡിഎംഎ) അടുത്ത യോഗത്തിൽ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെയാണ് രാത്രി കർഫ്യൂ.
ദിവസേനയുള്ള കൊറോണ വൈറസ് അണുബാധയിൽ ഗണ്യമായ കുറവുണ്ടായതിനാൽ രാജസ്ഥാൻ സർക്കാരും രാത്രി കർഫ്യൂ അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: