മോസ്കോ: ഉക്രൈനെ 48 മണിക്കൂറിനുള്ളില്‍ റഷ്യ ആക്രമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ലോകരാജ്യങ്ങളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് ഇന്നലെയും ഉക്രൈന് അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ റഷ്യ വിന്യസിച്ചു. യുഎസിന്റെയും യൂറോപ്യന്‍ യൂണിയന്റെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്കിയ റിപ്പോര്‍ട്ടനുസരിച്ച് 48 മണിക്കൂറിനുള്ളില്‍ ആക്രമണമുണ്ടായേക്കും.
ഉക്രൈനില്‍ നിരവധി രാജ്യങ്ങളുടെ എംബസികള്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ അടച്ചുപൂട്ടി. ജീവനക്കാരോട് നാട്ടിലെത്താനും നിര്‍ദേശം നല്കി. നേരത്തെ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാന്‍ നിരവധി രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിദേശികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ റഷ്യയുമായി മറ്റൊരു ചര്‍ച്ചയ്ക്ക് കൂടി ഉക്രൈന് മുന്‍കൈയെടുക്കുന്നതായി വാര്‍ത്തകളുണ്ട്. 48 മണിക്കൂറിനുള്ളില്‍ യൂറോപ്പിലെ പ്രധാന രാജ്യങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ചര്‍ച്ച നടത്താനാണ് ശ്രമം.
ഉക്രൈന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഇന്നലെയും അറിയിച്ചു. റഷ്യന്‍ അധിനിവേശമുണ്ടായാല്‍ ഇടപെടുമെന്ന് പ്രസിഡന്റ് വ്ലോഡിമിര്‍ സെലന്‍സ്കിയെ ഫോണില്‍ വിളിച്ച് ബൈഡന് ഉറപ്പ് നല്കി. സൈനിക സഹായം നല്‍കുമെന്ന് ബ്രിട്ടണും അറിയിച്ചു. റഷ്യയുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്താന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് സ്കോള്‍സ് മോസ്കോയിലെത്തി. അധിനിവേശം നടത്തരുതെന്നും ശ്രമമുണ്ടായാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും റഷ്യയെ അറിയിക്കും. ഇതിനിടെ ഉക്രൈനെ വളയുന്ന രീതിയില്‍, മൂന്ന് ദിക്കുകളിലായി സൈനിക വിന്യാസം നടത്തുകയാണ് റഷ്യ. ക്രിമിയ, പടിഞ്ഞാറന്‍ റഷ്യ, ബലാറസ് എന്നിവിടങ്ങളില്‍ റഷ്യ കൂടുതല്‍ സൈനികരെ എത്തിച്ചിട്ടുണ്ട്.
ആക്രമണം ഉറപ്പായതോടെ പൗരന്മാര്ക്ക് ആയുധ പരിശീലനം നല്‍കുകയാണ് ഉക്രൈന്. രാജ്യത്തുടനീളം പൗരന്മാര്ക്ക് എകെ 47 തോക്കുകള്‍ ഉപയോഗിച്ച് പരിശീലനം നല്‍കുകയാണ്. പ്രായമേറിയവര്‍ക്കുവരെ സൈനികര്‍ പരിശീലനം നല്‍കുന്നതിന്റെ ചിത്രങ്ങള്‍ ഉക്രൈന് പുറത്തുവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: