എരുമേലി: എരുമേലി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ ഒഴക്കനാട് കോളനിയിലെ നിരവധി കുടുംബങ്ങളെ ദുരിതത്തിലാക്കി കുടിവെള്ളക്ഷാമം രൂക്ഷം. കുടിവെള്ള വിതരണത്തിനായി കൊണ്ടുവന്ന നൂറോളം വലിയ പൈപ്പുകള്‍ റോഡരികില്‍ വര്‍ഷങ്ങളായി കൂട്ടിയിട്ടിരിക്കുകയാണ്. എരുമേലി മുതല്‍ കോളനി വരെ പൈപ്പ് സ്ഥാപിക്കുന്നതിനായാണ് വലിയ പൈപ്പുകള്‍ വിവിധ സ്ഥലങ്ങളില്‍ ഇറക്കിയത്.
എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൈപ്പ് സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. പഞ്ചായത്തിന്റെ മറ്റു പല വാര്‍ഡുകളിലും കുടിവെള്ളവിതരണം ആരംഭിച്ചുവെങ്കിലും അഞ്ചാം വാര്‍ഡില്‍ മാത്രം കുടിവെള്ള വിതരണത്തിന് പൈപ്പുകള്‍ പോലും സ്ഥാപിക്കാത്തതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
ചില സ്ഥലങ്ങളില്‍ ചെറിയ പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ പ്രധാന പൈപ്പ് സ്ഥാപിക്കാത്തതിനാല്‍ കണക്ഷന് കൊടുക്കാന്‍ കഴിയില്ല. കോളനിയിലെ നിരവധി പേരാണ് കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. പൈപ്പുകള്‍ പൊട്ടി വന്‍തോതില്‍ കൂടി വെള്ളം പാഴായി ഒഴുകുമ്പോഴും കോളനി പ്രദേശങ്ങളില്‍ പൈപ്പുകള്‍ സ്ഥാപിക്കാതെ അധികൃതര്‍ അവഗണിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഒഴക്കനാട് കോളനിയിലേക്കുള്ള കുടിവെള്ള വിതരണത്തിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: