തിരുവനന്തപുരം: പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന വാവാ സുരേഷിനെ സന്ദര്‍ശിച്ച് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. ഇന്നലെ വൈകുന്നേരം വാവാസുരേഷിന്റെ ശ്രീകാര്യത്തെ വീട്ടിലെത്തിയ കേന്ദ്ര മന്ത്രി ചികിത്സാ വിവരങ്ങളും ബുദ്ധിമുട്ടുകളും ചോദിച്ചറിഞ്ഞു. പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയവെ സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം വ്യക്തിഹത്യ ചെയ്യുന്നതരത്തില്‍ നടന്ന പ്രചരണത്തിന് പിന്നില്‍ ചില നിക്ഷിപ്ത താത്പര്യക്കാരാണെന്നും ഇതില്‍ സംസ്ഥാന വനം വകുപ്പ് ഉദ്യോഗസ്ഥരുമുണ്ടെന്നും അദ്ദേഹം പരാതി പറഞ്ഞു.
വര്‍ഷങ്ങളോളം വനം വകുപ്പിന് പാമ്പ് പിടിക്കുന്നതില്‍ താന്‍ പരിശീലനം നല്‍കിയിട്ടുണ്ട്. വാഹനാപകടത്തിലുണ്ടായ ശാരീരിക ആസ്വാസ്ഥ്യമാണ് കോട്ടയത്ത് വച്ച് പാമ്പിന്റെ കടിയേല്‍ക്കാന്‍ കാരണമായത്. ആദ്യമായാണ് തുടയില്‍ പാമ്പ് കടിക്കുന്നത്. പാമ്പിനെ പിടികൂടണമെന്ന് വ്യാജ ഫോണ്‍വിളിയുണ്ടാകുകയും ദീര്‍ഘദൂരം യാത്രചെയ്ത് സ്ഥലത്തെത്താറാകുമ്പോള്‍ പാമ്പിനെ പിടികൂടിയെന്ന് അറിയിക്കുന്ന നിരവധി സംഭവങ്ങളാണ് അടുത്തകാലത്തായി ഉണ്ടാകുന്നത്. തന്നെ പാമ്പ് പിടിക്കാന്‍ വിളിക്കരുതെന്ന പ്രചരണവും ഒരു വിഭാഗം നടത്തുന്നുണ്ടെന്ന് വാവ മന്ത്രിയോട് വ്യക്തമാക്കി. സുരേഷിന്റെ അമ്മയേയും സഹോദരങ്ങളെയും സമാധാനിപ്പിച്ചാണ് കേന്ദ്രമന്ത്രി മടങ്ങിയത്.
സ്വന്തമായി ഒന്നും നേടാന്‍ വേണ്ടി അല്ലാതെ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് എന്തെങ്കിലും സഹായം ചെയ്തുകൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയത് ഉപദ്രവിക്കാതിരിക്കാനുള്ള സമീപനമാണ് ഉണ്ടാകേണ്ടതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് പറഞ്ഞു. കഴിഞ്ഞ കുറച്ചുകാലങ്ങളായി കേരളത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും നിരന്തരമായ ബുദ്ധിമുട്ടുകളാണ് വാവാ സുരേഷിന് നേരിടേണ്ടി വന്നിട്ടുള്ളത്. ഇത്തവണ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികള്‍ സന്ദര്‍ശിച്ച സാഹചര്യത്തില്‍ ഇനി അത്തരത്തിലുള്ള പീഡനങ്ങള്‍ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. ലക്ഷക്കണക്കിന് ആളുകളുടെ പ്രാര്‍ത്ഥനയോടൊപ്പം വാവാ സുരേഷ് ഇത്രയുംകാലം ചെയ്തിട്ടുള്ള ജനോപകാരപ്രദമായ നന്മകളും അദ്ദേഹത്തിന്റെ ആത്മധൈര്യവും കൊണ്ടാണ് ജീവിതത്തില്‍ സജീവമായി തിരിച്ചുവരാനായതെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: