തൃശ്ശൂര്‍: ശക്തന് മത്സ്യമാര്‍ക്കറ്റ് ഹൈ ടെക് ആക്കുന്നതിന് ഒരു കോടി അനുവദിച്ചതിന് പിന്നാലെ നഗരത്തിന്റെ വികസനത്തിന് സഹായം തേടി നടനും രാജ്യസഭാ എം.പിയുമായ സുരേഷ്ഗോപി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ കണ്ടു. കൂടിക്കാഴ്ചയുടെ ചിത്രം തന്റെ ഫെയ്സ് ബുക്കിലൂടെയാണ് പുറത്ത് വിട്ടത്. ‘തൃശ്ശൂര്‍ ചര്‍ച്ചയില്‍ അടുത്ത തവണ ഇങ്ങനെയൊരു കൂടിക്കാഴ്ചയില്‍ തൃശ്ശൂര്‍ മേയറും ഒപ്പം ഉണ്ടായിരിക്കു’മെന്ന കുറിപ്പോടെയാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ഓഫീസില്‍ കൂടിക്കാഴ്ച നടത്തുന്ന ചിത്രത്തോടൊപ്പം സുരേഷ്ഗോപി പങ്കുവെച്ചത്.
സുരേഷ്ഗോപിയുടെ പേജിന്റെ സ്ക്രീന്‍ ഷോട്ട് അടക്കം തൃശ്ശൂരിന്റെ ആവശ്യങ്ങള്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് മുന്നില്‍ എത്തിച്ച സുരേഷ്ഗോപി എം.പിക്ക് ഒരായിരം നന്ദി എന്ന് അറിയിച്ച് മേയര്‍ എം.കെ വര്‍ഗീസ് മേയറുടെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതിനിടെ, തൃശ്ശൂരില്‍ നിന്ന് ജയിപ്പിച്ച് വിട്ട പാര്‍ലമെന്റ് അംഗം എവിടെയെന്നും പരാജയപ്പെട്ടയാള് നാടിന്റെ വികസനത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍, തൃശൂര്‍ എം.പി ഇംഗ്ലീഷ് പഠിക്കുകയാണെന്നും പ്രതാപന്റെ പാര്‍ലമെന്റിലെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ച് സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും സുരേഷ്ഗോപിയുടെ പ്രഖ്യാപനമായിരുന്നു തോറ്റാലും താന്‍ തൃശ്ശൂരിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന്. തെരഞ്ഞെടുപ്പ് സമയത്ത് പ്രചരണത്തിനിടയിലായിരുന്നു ശക്തനിലെ മത്സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടത്. എം.പി ഫണ്ടില്‍ നിന്ന് ഒരു കോടി പ്രഖ്യാപിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും വാഗ്ദാനം മറന്നില്ല. എം.പി ഫണ്ടില്‍ നിന്നും ഒരു കോടി അനുവദിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ശക്തന് നഗറിലെ വികസനത്തിനായി കേന്ദ്ര സഹായം വേണമെന്ന മേയറുടെ അഭ്യര്‍ഥനയും ഇത് സംബന്ധിച്ച നിവേദനവും നല്‍കിയിരുന്നു. ഉടന്‍ കേന്ദ്ര ധനമന്ത്രിയെ കാണുമെന്നായിരുന്നു കഴിഞ്ഞ മാസം കോര്‍പ്പറേഷനില്‍ മേയറുമായുള്ള കൂടിക്കാഴ്ചയില്‍ സുരേഷ്ഗോപി ഉറപ്പ് നല്‍കിയത്. ഇതിനെ തുടര്‍ന്നായിരുന്നു കൂടിക്കാഴ്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: