ന്യൂദല്‍ഹി: ഹിജാബിന് വേണ്ടി ശബ്ദമുയര്‍ത്തി കമ്മ്യൂണിസ്റ്റ് നേതാവ് കവിതാ കൃഷ്ണന്‍. ഒരു കാലത്ത് ഹിജാബിനെ പുരുഷമേധാവിത്വത്തിന്റെ പ്രതീകമായി കണ്ടിരുന്ന കമ്മ്യൂണിസ്റ്റുകാര്‍ എല്ലാവരും സ്‌കൂളില്‍ ഹിജാബ് ധരിയ്‌ക്കേണ്ടത് ഭരണഘടനയുടെ 25(1) വകുപ്പ് പ്രകാരമുള്ള മൗലികാവകാശമായാണ് ഇപ്പോള്‍ കാണുന്നത്.സിപി ഐഎംഎല്‍ ലിബറേഷന്‍ പൊളിറ്റ് ബ്യൂറോ അംഗമാണ് കവിതാ കൃഷ്ണന്‍.
ദ ഹിന്ദു പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കവിതാ കൃഷ്ണന്‍ വിചിത്ര വാദങ്ങള്‍ നിരത്തുന്നത്. 2018ല്‍ ഫാത്തിമ തസ്‌നീമും കേരള സര്‍ക്കാരും തമ്മില്‍ കേരള ഹൈക്കോടതിയില്‍ നടന്ന കേസില്‍ ക്ലാസ് മുറിയില്‍ ഹിജാബ് ധരിയ്‌ക്കേണ്ടതില്ലെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചത്. കേരളത്തിലെ സിഎം ഐ സഭ നടത്തുന്ന സ്‌കൂള്‍ അന്ന് ഹിജാബ് ധരിച്ച് സ്കൂളിലേക്ക് വരുന്നതിന് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഫാത്തിമ തസ്‌നീമിന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.
ഇക്കാര്യത്തില്‍ വ്യക്തിയുടെ താല്പര്യത്തേക്കാള്‍ വിദാഭ്യാസസ്ഥാപനത്തിന്റെ പൊതുതാല്‍പര്യമാണ് സംരക്ഷിക്കേണ്ടതെന്നാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് വിധിച്ചത്. ‘ഭരണഘടനയുടെ 25(1) വകുപ്പ് മതസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെങ്കിലും ഭരണഘടനയുടെ മറ്റൊരു വകുപ്പ് പ്രകാരം വിദ്യാഭ്യാസസ്ഥാപനത്തില്‍ തുല്യത പാലിക്കേണ്ടതിനാല്‍ വിദ്യാഭ്യാസതാല്‍പര്യത്തിന്റെ വിശാലതാല്‍പര്യത്തിന് ഫാത്തിമ തസ്‌നീമിന്റെ സ്വകാര്യതാല്‍പര്യത്തേക്കാള്‍ വില കല്‍പിക്കുകയായിരുന്നു ഹൈക്കോടതി സിംഗിള്‍ബെഞ്ച്. ഇതിനെതിരെ ഫാത്തിമ തസ്‌നീമിന്റെ പിതാവ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ നയിച്ച ബെഞ്ച് ഈ അപേക്ഷ തള്ളിക്കളയുകയായിരുന്നു. ഇതിനെതിരെ അന്ന് കേരളത്തില്‍ ഒരു രാഷ്‌ട്രീയപാര്‍ട്ടിയും മിണ്ടിയില്ല. ഇസ്ലാമിക മതസംഘടനകളും പ്രതികരിച്ചിരുന്നില്ല.
എന്നാല്‍ കവിതാ കൃഷ്ണന്‍ വാദിക്കുന്നത് ഹിന്ദുത്വ അധീശത്വത്തിനെതിരെ പൊരുതാന്‍ ഹിജാബ് സ്‌കൂളില്‍ നിര്‍ബന്ധമാക്കണമെന്നാണ്. ഹിജാബ് ധരിയ്‌ക്കാന്‍ വിസമ്മതിക്കുന്നത് മൂലം മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തന്നെ കര്‍ണ്ണാടകത്തിലെ സ്‌കൂളുകള്‍ നിഷേധിക്കുന്നുവെന്നും കവിതാ കൃഷ്ണന്‍ വാദിക്കുന്നു. ഉഡുപ്പിയിലെ ഒരു സ്‌കൂളിലെ വെറും എട്ട് വിദ്യാര്‍ത്ഥിനികള്‍ മാത്രമാണ്, ഇത്രയും വര്‍ഷത്തെ പതിവ് തെറ്റിച്ച് ഉഡുപ്പിയിലെ സ്‌കൂളിന്റെ യൂണിഫോം നിയമം ലംഘിച്ച് ഹിജാബ് ധരിച്ച് എത്തിയത്. ഈ എട്ടു വിദ്യാര്‍ത്ഥിനികളുടെ താല്‍പര്യത്തെ ഉയര്‍ത്തിപ്പിടിച്ചാണ് ഹിജാബ് ധരിക്കാന്‍ വിസമ്മതിക്കുന്നതിനാല്‍ മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം കര്‍ണ്ണാടകത്തിലെ ബിജെപി സര്‍ക്കാര്‍ നിഷേധിക്കുന്നതായി കവിതാ കൃഷ്ണന്‍ വാദിക്കുന്നത്. എന്നാല്‍ ഈ എട്ടു പെണ്‍കുട്ടികളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്നും അവര്‍ മതമൗലികചിന്താഗതികളിലേക്ക് മാറ്റപ്പെട്ട കുട്ടികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മാത്രമല്ല, മതം ആചരിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന ഇന്ത്യന്‍ ഭരണഘടന അതുവഴി സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുകയാണെന്നും കവിതാ കൃഷ്ണന്‍ വാദിക്കുന്നു. ഹിജാബ് ധരിക്കുന്നത് വഴി മതം ആചരിക്കാന്‍ സ്വാതന്ത്ര്യം ലഭിക്കുകയാണെന്നും കവിതാകൃഷണന്‍ ലേഖനത്തില്‍ പറയുന്നു.
ഹിജാബ് പുരുഷ മേധാവിത്വത്തിന്റെ പ്രതീകമാണെന്ന് ഹിന്ദു വര്‍ഗ്ഗീയതയും കര്‍ണ്ണാടകത്തിലെ ബിജെപി സര്‍ക്കാരും സത്യസന്ധമല്ലാതെ വാദിക്കുകയാണെന്നതാണ് കവിതാ കൃഷ്ണന്റെ മറ്റൊരു ഞെട്ടിപ്പിക്കുന്ന വാദം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പ്രതിഭാ പാട്ടിലൂം തലയിലൂടെ സാരി പുതച്ച് നടന്ന വനിതകളാണെന്നും ഇവര്‍ ശിരസ് തുണികൊണ്ട് മറച്ചാല്‍ അത് പുരുഷമേധാവിത്വമാകുമെന്ന പരമ്പരാഗത ചിന്താഗതികള്‍ തകര്‍ത്തവരാണെന്നും പറയുന്നു. ഇന്ത്യയില്‍ ഹിജാബിന്റെ പേരില്‍ എല്ലാ ലിബറലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും പൊതുവായ ചില വാദഗതികളാണ് നിരത്തുന്നത്. ഇതിനര്‍ത്ഥം കൃത്യമായി ബിജെപി വിരുദ്ധ അജണ്ട പ്രചരിപ്പിക്കുകയാണ് ഇവര്‍ എന്ന് വേണം കരുതാന്‍. എൻജിഒകളും ഇതിന് പിന്നിലുണ്ടെന്ന് വേണം കരുതാന്‍. മലാല ഹിജാബിനെ സ്കൂളില്‍ വിലക്കുന്നത് ഇന്ത്യയിലെ മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസ്സം സൃഷ്ടിക്കുന്നതിന് തുല്ല്യമാണെന്ന് വാദിക്കുമ്പോള്‍ ഇന്ത്യയിലെ കവിതാ കൃഷ്ണനും ഇന്ത്യയ്‌ക്ക് പുറത്തുള്ള മലാലയും ഒരേ വാദമാണ് ഉയര്‍ത്തുന്നത്. അതായത് ഈ വാദമുഖങ്ങള്‍ ഒരു അന്താരാഷ്‌ട്ര ഗൂഡാലോചനയുടെ ഭാഗമാണെന്ന് വേണം കരുതാന്‍.
ഒടുവില്‍ അസദുദ്ദീന്‍ ഒവൈസി എന്ന തീവ്രവാദ ഇസ്ലാമിക നേതാവ് പറഞ്ഞ ഒരു വാചകം തന്നെ കവിതാ കൃഷ്ണനും ആവര്‍ത്തിക്കുന്നു. ഭാവിയില്‍ ഇന്ത്യയില്‍ ഹിജാബ് ധരിച്ച ഒരു വനിത പ്രധാനമന്ത്രിയാകുന്ന കാലവും വിദൂരമല്ലെന്നാണ് ഒവൈസിയെപ്പോലെ കവിതാ കൃഷ്ണനും അടിവരയിട്ട് പറയുന്നത്. അതായത് കമ്മ്യൂണിസ്റ്റുകളും ലിബറലുകളും എന്‍ജിഒകളും ഇന്ത്യയിലെ ന്യൂനപക്ഷ വര്‍ഗ്ഗീയതയുമായി കൈകോര്‍ത്ത് മോദി സര്‍ക്കാരിനെ മുട്ടുകുത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നര്‍ത്ഥം.
ഇന്ന് ഹിജാബ് സ്കൂളില്‍ നിരോധിക്കപ്പെട്ടാല്‍ ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് നാളെ പബ്ബില്‍ നൃത്തം ചെയ്യാനോ പാവാട ധരിച്ച് യാത്ര ചെയ്യാനോ സാധിക്കില്ലെന്നുമുള്ള ഭീതിയും ലേഖനത്തിന്റെ ഒടുവില്‍ കവിതാ കൃഷ്ണന്‍ പങ്കുവെയ്‌ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: