തലശ്ശേരി: മയ്യഴിപ്പുഴ വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായുള്ള കിടഞ്ഞി തുരുത്ത് ഡെസ്റ്റിനേഷനിലേക്ക് ട്രയല്‍ യാത്ര സംഘടിപ്പിച്ചു. മുന്നൂറ് കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന മയ്യഴിപുഴ വിനോദസഞ്ചാരത്തിന്റെ ഭാഗമായാണ് ഉന്നതസംഘം തുരുത്തിലേക്ക് ട്രയല്‍ ബോട്ട് യാത്ര നടത്തിയത്.
മയ്യഴി പുഴയില്‍ നിന്നും 16 കിലോമീറ്ററോളം പുഴയിലൂടെ യാത്ര ചെയ്താണ് സംഘം തുരുത്തിലേക്ക് എത്തിച്ചേര്‍ന്നത്. തലശ്ശേരി സബ് കളക്ടര്‍ അനുകുമാരി, അസിസ്റ്റന്റ് കളക്ടര്‍മാരായ സുഫിയാന് അഹമ്മദ്, സച്ചിന് യാദവ്, സന്ദീപ്കുമാര്‍, മുഹമ്മദ് ഷെഫീഖ് തുടങ്ങിയവരും യാത്രയില്‍ സംബന്ധിച്ചു.
പ്രകൃതി മനോഹരമായ ഈ തുരുത്തിനെ വിനോദസഞ്ചാര ഭൂപടത്തില്‍ ചേര്‍ത്തുവെക്കുന്നതിനുള്ള ആദ്യ ചുവട് വെപ്പായി മാറുകയാണ് ട്രയല്‍ ബോട്ട് യാത്രയെന്നും സ്വകാര്യ പങ്കാളിത്തമടക്കം ഉപയോഗപ്പെടുത്തി പ്രകൃതിസൗഹൃദ വിനോദസഞ്ചാര പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്നും എംഎല്‍എ എ.എന്‍. ഷംസീര്‍ പറഞ്ഞു. കണ്ണുര്‍ ജില്ലയിലെ കരിയാട് പഞ്ചായത്തിന്റേയും, കോഴിക്കോട് ജില്ലയിലെ ഏറാമല പഞ്ചായത്തിന്റേയും മദ്ധ്യേയാണ് നാല് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രകൃതി രമണിയമായ ഏഴ് ഏക്കറോളം വരുന്ന ഈ ഹരിത തുരുത്ത്.
ഉഗ്രവിഷമുള്ള മൂര്‍ഖന്‍, അണലി തുടങ്ങി പെരുമ്പാമ്പുകള്‍, മുള്ളന്‍പന്നി, ദേശാടനപ്പക്ഷികള്‍ തുടങ്ങിയവയുടെ ആവാസ കേന്ദ്രവുമാണ് ഇവിടം. ഒരുകാലത്ത് ഏളമ്പക്ക വന്‍തോതില്‍ ലഭിച്ചിരുന്ന സ്ഥലമാണിത്. മണലൂറ്റുകൊണ്ടാണ് ഇവ ഇല്ലാതായത്. കുടിവെള്ളവും വൈദ്യുതിയും പൈപ്പ് ലൈന്‍ വഴി കണ്ണൂര്‍-കോഴിക്കോട് ജില്ലകളില്‍ നിന്നാണ് കൊണ്ടുവരുന്നത്. കോഴിക്കോട്ടെ ഒരു സ്വകാര്യ ഹോട്ടലുടമയാണ് ഇവര്‍ക്ക് യാത്രാ സൗകര്യത്തിന് തോണി നല്‍കിയത്. ചെറിയ കുട്ടികള്‍ പോലും തോണി തുഴയും. മാഹിയില്‍ നിന്ന് പുഴ വഴി അഞ്ച് കി.മീ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. സഞ്ചാരവഴിയില്‍ പുഴയോരത്ത് ന്യൂമാഹി, പാത്തിക്കല്‍, കക്കടവ്, മോന്താല്‍, കാഞ്ഞിരക്കടവ് എന്നിവിടങ്ങളില്‍ മനോഹരമായ ബോട്ട് ജെട്ടികള്‍ നിര്‍മ്മിച്ചു കഴിഞ്ഞു.
രണ്ട് വീടുകളിലായി 14 പേരാണ് തുരുത്തിലെ താമസക്കാര്‍. പ്രളയകാലത്ത് ഇവരുടെ സ്ഥിതി കഷ്ടമാണ്. വീട്ടിനകത്ത് പോലും വെള്ളം കയറി ഒഴിഞ്ഞ് പോകേണ്ടി വരും. ദ്വീപിനകത്ത് കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ ഒരു പൊടിക്കളമുണ്ട്. ഭരണിക്കാലത്ത് ഇവിടെ ഗുരുതി നടക്കും. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ധാരാളം വിശ്വാസികള്‍ ഉത്സവത്തില്‍ പങ്കെടുക്കാനെത്തും. തെങ്ങ് ധാരാളമുള്ള ഈ തുരുത്തില് മുന്‍കാലങ്ങളില്‍ കള്ള് ചെത്തി ചക്കരയുണ്ടാക്കി വിറ്റാണ് ഇവര്‍ ഉപജീവനം കഴിച്ചിരുന്നത്. ഇപ്പോള്‍ കൂലിവേല ചെയ്താണ് ഇവര്‍ ജീവിക്കുന്നത്. മയ്യഴി വിനോദസഞ്ചാര പദ്ധതി യഥാര്‍ഥ്യമാകുമ്പോള്‍ അതിലെ ഏറ്റവും ആകര്‍ഷമായ ഒരു പ്രദേശമായി കിടഞ്ഞി തുരുത്ത് മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: