ശ്രീനഗര്‍: ഞാന്‍ നല്ല മുസ്ലീമാണ്, അതു തെളിയിക്കാന്‍ ഹിജാബ് ധരിക്കണമെന്ന് ഞാന്‍ കരുതുന്നുമില്ല. ഹൃദയം കൊണ്ടു ഞാന്‍ മുസ്ലിമാണ്, ഹിജാബു കൊണ്ടല്ല… പറയുന്നത് അരൂസ പര്‍വൈസ്. ജമ്മു കശ്മീരിലെ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ അഞ്ഞൂറില്‍ 499 മാര്‍ക്കു നേടി ഉജ്വല വിജയം കുറിച്ച് ഒന്നാമതെത്തിയിട്ടും മുസ്ലിം മതമൗലികവാദികളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനമാണ് അരൂസയ്ക്ക് നേരിടേണ്ടി വന്നത്. ആരും അഭിനന്ദിച്ചില്ല, പകരം ഹിജാബ് ധരിച്ചില്ല എന്നു പറഞ്ഞ് രൂക്ഷമായ ആക്രമണവും. സോഷ്യല്‍ മീഡിയയില്‍ വളരെ മോശം വാക്കുകള്‍ ഉപയോഗിച്ചാണ് അരൂസയെ മതമൗലികവാദികള്‍ ആക്രമിച്ചത്.
എന്നാല്‍ അതൊന്നും അരൂസയെ തളര്‍ത്തിയില്ല. വിമര്‍ശനങ്ങള്‍ക്ക് ഈ പതിനേഴുകാരി പ്രായത്തില്‍ കവിഞ്ഞ പക്വതയോടെ മറുപടി നല്കി. ഞാന്‍ അള്ളാഹുവില്‍ വിശ്വസിക്കുന്നു. നല്ല മുസ്ലീമാണ് ഞാന്‍. എന്നാല്‍ അതു തെളിയിക്കാന്‍ ഹിജാബ് ധരിക്കേണ്ടതില്ല. സോഷ്യല്‍ മീഡിയയില്‍ വരുന്ന വിമര്‍ശനങ്ങളെ ഞാന്‍ ഭയക്കുന്നില്ല. അതെന്നെ സ്പര്‍ശിക്കുന്നു പോലുമില്ല. എന്നാല്‍ എന്റെ അച്ഛനമ്മമാരെ അതു വേദനിപ്പിക്കുണ്ട്, അരൂസ പറയുന്നു. ഹിജാബ് ധരിക്കുന്നതോ ധരിക്കാത്തതോ ഒരാളുടെ മതവിശ്വാസത്തെ നിര്വ്വചിക്കുന്നില്ലെന്ന് അരൂസ പറഞ്ഞു. വിമര്ശകരെക്കാള് കൂടുതല്‍ ഞാന്‍ അള്ളാഹുവിനെ സ്നേഹിക്കുന്നു, അരൂസ തിരിച്ചടിച്ചു.
ഫെബ്രുവരി എട്ടിനാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. ശ്രീനഗറിലെ ഇല്ലാഹ്ബാഗ് സ്വദേശിയാണ് അരൂസ. പന്ത്രണ്ടാം ക്ലാസില്‍ സയന്‍സ് ഗ്രൂപ്പാണ് പഠിച്ചത്. ജില്ലാ ഭരണകൂടം വെള്ളിയാഴ്ച അഭിനന്ദന ചടങ്ങ് സംഘടിപ്പിച്ചു. പതിനായിരം രൂപ പാരിതോഷികം നല്കി. തുടര്‍ന്ന് അരൂസ പര്‍വൈസ് മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തില്‍ ഹിജാബ് ധരിക്കാതെ പ്രത്യക്ഷപ്പെട്ടതാണ് ഇസ്ലാമിസ്റ്റുകളെ ചൊടിപ്പിച്ചത്. ശനിയാഴ്ച മുതല്‍ അവര്‍ അരൂസയെ രൂക്ഷമായി വിമര്‍ശിച്ചു തുടങ്ങി. അരൂസയെ പിന്തുണച്ചും നിരവധി പേര് രംഗത്തെത്തി.
കര്‍ണാടകത്തില്‍ ഹിജാബും കറുത്ത വസ്ത്രങ്ങളും അണിഞ്ഞ് അല്ലാഹു അക്ബര്‍ മുദ്രാവാക്യം മുഴക്കിയ മുഷ്കാന് ഖാന് എന്ന പെണ്‍കുട്ടിക്ക് അഞ്ചു ലക്ഷവും ഐ ഫോണും നല്കിയവര് കശ്മീരിലെ മിടുക്കിയായ വിദ്യാര്‍ഥിനിയെ അവഹേളിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. അഞ്ചു ലക്ഷം രൂപയുടെ ചെക്കുമായി ഒരാളും അരൂസ പര്‍വൈസിനെ തേടിയെത്തിയില്ലല്ലോ എന്നാണ് ഒരാളുടെ ചോദ്യം. ഹിജാബിന്റെ പേരില്‍ കുഴപ്പങ്ങളുണ്ടാക്കുന്നവര്‍ അരൂസയെ കണ്ടു പഠിക്കണമെന്നും കശ്മീരിലെ പെണ്‍കുട്ടികള്‍ക്ക് ഈ പെണ്‍കുട്ടി ഉദാത്ത മാതൃകയാണെന്നുമായിരുന്നു മറ്റൊരു കമന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: