തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്ന സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഇന്നു മുതല്‍ സാധാരണ നിലയിലേക്ക്. ഒമ്പതാം ക്ലാസുവരെ ആദ്യം ഉച്ചവരെയാകും ക്ലാസുകള്‍ ഉണ്ടാവുക. 21 മുതല്‍ സ്കൂളുകളില്‍ രാവിലെ മുതല്‍ വൈകിട്ടു വരെ മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തി ക്ലാസുകള്‍ ക്രമീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എല്ലാ ക്ലാസുകളിലും വാര്‍ഷിക പരീക്ഷയും ഉണ്ടായിരിക്കും. കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പടെ എല്ലാ വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ തീരുമാനം ബാധകമാണ്. പാഠഭാഗങ്ങള്‍ പഠിപ്പിച്ച് പൂര്‍ത്തിയാക്കുന്നതിലേക്ക് വേണ്ടി അധ്യാപകര്‍ക്ക് അധിക സമയം ഉപയോഗപ്പെടുത്താമെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂളില്‍ എത്താന്‍ ബുദ്ധിമുട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഒഴികെ എല്ലാ കുട്ടികളും ക്ലാസില്‍ എത്തണം. ഹാജര്‍നില പരിശോധിച്ച് ക്ലാസില്‍ എത്താത്തവരെ തിരികെയെത്തിക്കാന്‍ അദ്ധ്യാപകര്‍ക്ക് ചുമതല നല്കി. അതേസമയം പരീക്ഷയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് സ്കൂളുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നു എന്നത് ശ്രദ്ധേയമാണ്. കൊവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് ഭാഗികമായി സ്കൂളുകള്‍ തുറന്നിരുന്നെങ്കിലും മുഴുവന്‍ പേരും എത്തുന്ന തരത്തിലുള്ള മുന്നൊരുക്കങ്ങളാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: