വിഷയം അത്ര ലളിതമല്ല, കേസില്‍ കുടുങ്ങിയവരും നിസാരക്കാരല്ല. അനധികൃത മണല്‍വാരല്‍ കേസില്‍ പെട്ടത് സിറോ മലബാര്‍ സഭ പത്തനംതിട്ട രൂപതാധ്യക്ഷന്‍ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസും വികാരി ജനറല്‍ ഷാജി തോമസ് മണിക്കുളം, പുരോഹിതന്മാരായ ജോര്‍ജ് സാമുവല്‍, ജോസ് ചാമക്കാല, ഷാജി തോമസ്, ജിജോ ജെയിംസ്, ജോര്‍ജ് കവിയല്‍ എന്നിവരുമാണ് സഭയിലെ ഏറ്റവും പ്രമുഖര്‍.
ബിഷപ്പും അഞ്ച് വികാരിമാരും അറസ്റ്റിലാകുമ്പോള്‍, ഉയരുന്നത് നിരവധി ചോദ്യങ്ങളാണ്. സഭയുടെ അധ്യക്ഷനും വികാരിമാരും കേസില്‍ പെട്ടത് സ്വാഭാവികം മാത്രമാണെന്ന് കേസിന്റെ വിശദാംശങ്ങളിലേക്ക് പോയാല്‍ ആര്‍ക്കും മനസിലാകും. തിരുനെല്‍വേലിയിലെ അംബാസമുദ്രത്തില്‍, താമ്രപര്‍ണി നദിക്കരയില്‍ സഭയ്ക്ക് 300 ഏക്കര്‍ ഭൂമിയുണ്ട്. വര്‍ഷങ്ങളായി ഇത് കോട്ടയം സ്വദേശി മാനുവല്‍ ജോര്‍ജ്ജ് എന്നയാള്‍ക്ക് കൃഷിക്ക് പാട്ടത്തിന് നല്‍കിയിരിക്കുകയാണ്. പാട്ട വ്യവസ്ഥ ലംഘിച്ച് ഇയാള്‍ ഭൂമിയില്‍ നിന്നും നദിയില്‍ നിന്നും മണല്‍വാരി വില്‍ക്കുന്നുവെന്നതാണ് കേസ്. ഇതിനകം 27,000 ലേറെ ക്യുബിക്കടി മണല്‍ വാരിക്കഴിഞ്ഞു. കൊവിഡ് കാരണം രണ്ടു വര്‍ഷമായി ആരും അവിടേക്ക് പോവുകയോ വസ്തു നോക്കുകയോ ചെയ്യാറില്ല. അതിനാല്‍ തങ്ങള്‍ അറിയാതെ സംഭവിച്ചതാണ് മണല്‍വാരല്‍ എന്നാണ് സഭയുടെ വിശദീകരണം. അത് അവിശ്വസിക്കേണ്ടതില്ല. സഭാധ്യക്ഷനായ ബിഷപ്പും വികാരി ജനറലും മറ്റും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവെന്ന് ആരും കരുതുന്നില്ല. അവര്‍ക്ക് മണല്‍വാരി കടത്തി പണമുണ്ടാക്കലുമല്ല ജോലി. വസ്തുവിന്റെ ഉടമയും സഭാധികാരികളും എന്ന നിലയ്ക്കാണ് അവര്‍ കേസില്‍ പെട്ടതെന്നും കരുതാം.
പക്ഷെ കത്തോലിക്കാ സഭയും മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും എല്ലാം പറയേണ്ട ഉത്തരങ്ങളുണ്ട്.
ഒന്ന്, ഈ സംഭവം കര്‍ണാടകത്തിലോ യുപിയിലോ ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലോ ആയിരുന്നുവെങ്കില്‍ എന്താകുമായിരുന്നു പ്രതികരണം? കര്‍ണ്ണാടകത്തിലെ ചെറിയ സംഭവങ്ങള്‍ പോലും വളച്ചൊടിച്ചും ആളിക്കത്തിച്ചും പര്‍വ്വതീകരിച്ചത് അടുത്തിടെയാണ്. ഏതാനും മാസം മുന്‍പ് ദല്‍ഹിയില്‍ അനധികൃതമായി സ്ഥലം കൈയേറിയെന്നു ചൂണ്ടിക്കാട്ടി ഒരു ആരാധനാ ഹാള്‍ പൊളിച്ചതിന്റെ ഉത്തരവാദിത്വം പോലും ബിജെപിയുടെ മേല്‍ വെച്ചുകെട്ടാന്‍ ശ്രമമുണ്ടായി. യുപിയില്‍ കന്യാസ്ത്രീയടക്കമുള്ള ഒരു ചെറു സംഘത്തെ ചില ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍, മതംമാറ്റ ശ്രമം ആണോയെന്ന് സംശയിച്ച് ചോദ്യം ചെയ്തതിന്റെ പേരിലുണ്ടായ പ്രശ്നം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. അവരെ മര്‍ദ്ദിച്ചുവെന്നു പോലും പ്രചരിപ്പിച്ചു. മാധ്യമങ്ങള്‍ ദിവസങ്ങളോളം ഈ വാര്‍ത്തയും തുടര്‍ വാര്‍ത്തകളും പൊടിപ്പും തൊങ്ങലും വച്ച് തട്ടിക്കൂട്ടി അന്തിച്ചര്‍ച്ചയ്ക്ക് പാത്രമാക്കി. കോണ്‍ഗ്രസും സിപിഎമ്മും നടത്തിയ കുപ്രചാരണങ്ങള്‍ക്കും കൈയും കണക്കുമില്ല. ഉള്ളിപൊളിച്ചതുപോലുള്ള ഈ സംഭവങ്ങളെ പര്‍വ്വതീകരിക്കുന്നതില്‍ സഭ വഹിച്ച പങ്ക് അത്ര ചെറുതല്ലെന്ന് പറയേണ്ടിവരുന്നതില്‍ ഖേദമുണ്ട്. മുന്‍പ് ദല്‍ഹിയില്‍ പള്ളികളില്‍ അക്രമങ്ങള്‍ ഉണ്ടായതിന്റെ പേരില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ മാധ്യമങ്ങളും പാര്‍ട്ടികളും സഭയും കടന്നാക്രമിച്ചിരുന്നു. പിന്നില്‍ മോഷണമാണെന്ന് തെളിഞ്ഞിട്ടും ഇന്നും അതേറ്റുപാടുന്നുണ്ട്. മാത്രമല്ല സംഭവത്തിനു പിന്നില്‍ മോഷ്ടാക്കളാണെന്ന വാര്‍ത്ത പലരും സൗകര്യം പോലെ മുക്കി. മെഴുകുതിരികളുമായി കുട്ടികളെ തെരുവിലിറക്കുന്നു. പള്ളികളില്‍ പ്രാര്‍ഥനകള്‍ നടത്തുന്നു.
ഇപ്പോള്‍ ഇതൊന്നും വേണ്ടാത്തത് എന്തുകൊണ്ട്? ഡിഎംകെ ഭരിക്കുന്ന തമിഴ്നാട്ടില്‍ ആയതുകൊണ്ടോ? ലൈംഗിക പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്ക്ല്‍ ജയിലിലായപ്പോഴും ആരും കേരളത്തിലെ സര്‍ക്കാരിനെ കുറ്റം പറഞ്ഞുകണ്ടില്ല. ജാഥ നടത്തി കണ്ടില്ല. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ പ്രസ്താവന നടത്തിയതായി കണ്ടിട്ടില്ല. ഇപ്പോഴും കോണ്‍ഗ്രസും സിപിഎമ്മും ബിഷപ്പിന്റെ അറസ്റ്റിനെതിരെ വായ തുറന്നിട്ടില്ല. മാധ്യമങ്ങള്‍ കടുത്ത നിയന്ത്രണത്തിലാണ്. തീര്‍ച്ചയായും വേണം നിയന്ത്രണം. ഈ വാര്‍ത്ത ആഘോഷിക്കേണ്ടതുമല്ലായിരിക്കാം. പക്ഷെ അറസ്റ്റ് ബിജെപി ഭരിക്കുന്ന സംസ്ഥാനത്തായിരുന്നുവെങ്കില്‍ ഈ നിയന്ത്രണവും മാധ്യമ അച്ചടക്കവും ഉണ്ടാകുമായിരുന്നോ? എന്തിന് ഫ്രാങ്കോ കേസു പോലും ബിജെപി ഭരിക്കുന്ന സംസ്ഥാനത്തായിരുന്നുവെങ്കില്‍ എന്തുതരം റിപ്പോര്‍ട്ടിങ് ഈ മാധ്യമങ്ങള്‍ സ്വീകരിക്കുമായിരുന്നുവെന്ന് നമുക്ക് ഊഹിക്കാം.
ഹിജാബിലും അപകടരമായ കളി
ഹിജാബ് കേസിലും സ്ഥിതി വ്യത്യസ്തമല്ല. 2018ല്‍ ജസ്റ്റിസ് മുഷ്താഖ് അഹമ്മദിന്റെ ബെഞ്ച് ഹിജാബ് മതവസ്ത്രമല്ലെന്ന് വ്യക്തമാക്കി രണ്ടു പെണ്‍കുട്ടികള്‍ നല്കിയ ഹര്‍ജികള്‍ തള്ളിയിരുന്നു. അന്നും മാധ്യമങ്ങള്‍ ‘കടുത്ത നിയന്ത്രണങ്ങളാണ്’ പാലിച്ചത്. വിവാദമുണ്ടാക്കിയില്ല. രാഷ്ട്രീയ നിരീക്ഷകരും നിയമ വിദഗ്ധരും മിണ്ടിയില്ല. പല മാധ്യമങ്ങള്‍ക്കും മൗനമായിരുന്നു.
ഇവിടെയിപ്പോള്‍ കര്‍ണ്ണാടകത്തില്‍ ബിജെപി ഭരണമാണ്. അല്പകാലം മുന്‍പു വരെ ഉഡുപ്പിയിലെ വിദ്യാലയങ്ങളില്‍ കുട്ടികള്‍ ഹിജാബ് ധരിച്ചല്ല വന്നിരുന്നത്. വളരെ കുറച്ചുകാലമേ ആയിട്ടുള്ളു ഹിജാബ് ധരിച്ചുള്ള വരവ് തുടങ്ങിയിട്ട്. എല്ലാ വിദ്യാലയങ്ങളിലും യൂണിഫോമുണ്ട്. കുട്ടികള്‍ക്ക് തങ്ങള്‍ തുല്യരാണെന്ന ബോധമുണ്ടാകാനും വലുപ്പച്ചെറുപ്പം തോന്നാതിരിക്കാനും ഏകത ഉണ്ടാക്കാനും എല്ലാമാണ് യൂണിഫോം. അത് നിര്‍ബന്ധമാക്കുകയാണ് അവിടെ ചെയ്തത്. അല്ലാതെ ഹിജാബ് വിലക്കുകയല്ല. യൂണിഫോം നിര്‍ബന്ധമാക്കുമ്പോള്‍ സ്വാഭാവികമായും ഹിജാബ് ധരിക്കാതിരിക്കേണ്ടിവരും. മാത്രമല്ല അത് മതപരമായ വേഷവുമല്ല. യൂണിഫോം എന്തിന് എന്ന് ചൂണ്ടിക്കാട്ടി ബോധവത്കരിക്കേണ്ട മാധ്യമങ്ങള്‍ നേരെ കടക വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോള്‍ ചെയ്തുകൊണ്ടാരിക്കുന്നത്. അവരിപ്പോള്‍ മതസ്പര്‍ധ വളര്‍ത്തുകയാണ്. ഏതുവേഷവും ധരിക്കാനുള്ള അവകാശം തകര്‍ക്കുന്നു എന്നൊക്കെയാണ് മാധ്യമങ്ങളുടെ വിലാപം. മുഴുവന്‍ കുട്ടികളും തങ്ങള്‍ക്കിഷ്ടമുള്ള വേഷമണിഞ്ഞ് എത്താന്‍ തുടങ്ങിയാല്‍ വിദ്യാലയങ്ങളിലെ അച്ചടക്കം എവിടെത്തും.? ഭേദഭാവങ്ങള്‍ വിദ്യാര്‍ഥികളില്‍ രൂഢമൂലമാകുകയേയുള്ളു. എന്നാല്‍ അവിടെ ബിജെപി ആയതിനാല്‍ മാധ്യമങ്ങള്‍ ഇത്തരം കാര്യങ്ങള്‍ സൗകര്യപൂര്‍വ്വം മറന്ന് വര്‍ഗീയതയെ, മതസ്പര്‍ധയെ കഴിയുന്നത്ര പ്രോത്സാഹിപ്പിക്കുന്നു. നഷ്ടപ്പെടുന്നത് മാധ്യമങ്ങളുടെ നൈതികതയാണ്, വിശ്വാസ്യതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: