ന്യൂദല്‍ഹി: പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ പ്രതികരിച്ച് നാല് മുസ്ലിം സ്ത്രീകള്‍. എബിപി ന്യൂസ് ആങ്കര്‍ റൂബിക ലിഖായത്, ബംഗ്ലദേശി എഴുത്തുകാരി തസ്ലിമ നസ്റീന്, ഗവേഷക അമാന ബീഗം അന്‍സാരി, പുരോഗമന എഴുത്തുകാരി ആര്‍ഷിയ മാലിക്ക് എന്നിവരാണ് കഴിഞ്ഞ ദിവസം കര്‍ണ്ണാടകയിലെ ഹിജാബ് പ്രശ്നത്തില്‍ പ്രതികരണവുമായി എത്തിയത്.
ബുര്‍ഖ ധരിയ്ക്കുന്നതിനെതിരായ നിലപാടാണ് എബിപി ന്യൂസ് ആങ്കറായ റൂബിക ലിയാഖതിന്. യുവതലമുറയിലെ പെണ്‍കുട്ടികളെ ബുര്‍ഖയിലേക്ക് തള്ളിവിടുന്നതിനെയും ഇവര്‍ ചോദ്യം ചെയ്യുന്നു. തന്റെ കുട്ടിക്കാലത്ത് പോലും ഒരു പെണ്‍കുട്ടിയും സ്കൂളിലേക്ക് ബുര്‍ഖ ധരിച്ച് പോകുന്നത് കണ്ടിട്ടില്ലെന്ന് റൂബിന ലിയാഖത്ത് വാദിക്കുന്നു. ഭാരതീയ വസ്ത്രങ്ങളാണ് അന്നും മുസ്ലിം സ്ത്രീകള്‍ ധരിച്ചിരുന്നതെന്നും അവര്‍ പറയുന്നു.
ഹിജാബ് എന്നത് മതേതരത്വത്തിന്റെ പ്രതീകമാണെന്ന് ചില ആളുകള്‍ ചിന്തിക്കുന്നു. എന്നാല്‍ അങ്ങിനെയല്ലെന്നും അത് ഇസ്ലാമിസത്തിന്റെയും പുരുഷമേധാവിത്വത്തിന്റെയും പ്രതീകമാണെന്നുമാണ് ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്റീന്റെ വാദം.
ഇന്ത്യയില്‍ പസ്മാന്‍ഡ മുസ്ലിങ്ങള്‍ക്കായി വാദിക്കുന്ന ഗവേഷകയും നയവിശകലന വിദഗ്ധയുമായ അമാന ബീഗം അന്‍സാരി ബുര്‍ഖയെ ഒരു പുരുഷമേധാവിത്വ കുടുംബവാഴ്ചയുടെ പ്രതീകമായാണ് കാണുന്നത്. പണ്ട് ഗൂംഗട്ട് (ഹിന്ദു സ്ത്രീകളുടെ മുഖം മറയ്ക്കുന്ന വസ്ത്രം) ഉപേക്ഷിക്കൂ, ലോകത്തെ കാണൂ എന്ന മുദ്രാവാക്യമുയര്‍ത്തി രാജസ്ഥാനിലെ ഉള്‍ഗ്രാമങ്ങളില്‍ പോലും ഹിന്ദു സമുദായത്തിനുള്ളില്‍ വിപ്ലവം കത്തിപ്പടര്‍ന്നിരുന്നു. എന്നാല്‍ പുരുഷാമേധാവിത്വം കൊടികുത്തി വാഴുന്ന മുസ്ലിം സമുദായത്തില്‍ നിന്നും ഒരിയ്ക്കലും ഇത്തരം മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിട്ടില്ലെന്നും അമാന ബീഗം അന്‍സാരി പറയുന്നു.
പുരോഗമന എഴുത്തുകാരിയായ ആര്‍ഷിയ മാലിക്കും ഹിജാബിനെതിരെ നിലകൊള്ളുന്നു. സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ ഹിജാബ് ധരിയ്ക്കുന്നതിനെ ഒരിയ്ക്കലും അനുകൂലിക്കാനാവില്ലെന്ന് ആര്‍ഷിയ മാലിക്ക് തുറന്നടിക്കുന്നു. മുസ്ലിം സംസ്കാരത്തില്‍ ഹിജാബിനെ സ്വാതന്ത്ര്യത്തിന്റെ വഴിയായി കാണാനാവില്ല. പ്രായപൂര്‍ത്തിയാവുന്നവരിലും പ്രായപൂര്‍ത്തിയായി അധികം നാളാകാത്തവരുമാണ് ഹിജാബ് ധരിയ്ക്കും. മുസ്ലിം സ്ത്രീകള്‍ ഇസ്ലാമിന്റെ തന്നെ ഇരയായി മാറുന്ന അവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ടെന്നും അവര്‍ പറയുന്നു. ഹിജാബ് ധരിയ്ക്കുന്നത് ഇസ്ലാമിലെ അവിഭാജ്യസംസ്കാരമായി, ആചാരമായി കാണണമെന്ന് മതഗ്രന്ഥങ്ങള്‍ ഉദ്ധരിച്ച് മുതിര്‍ന്ന അഭിഭാഷകന് ദേവദത്ത് കാമത്ത് വാദിച്ചത് കപടനാട്യമാണെന്നും ആര്‍ഷിയ മാലിക് പറയുന്നു. എന്നുമുതലാണ് ഇന്ത്യയിലെ കോടതികള്‍ ശരിയത്ത് കോടതികളായി മാറിയതെന്നും അവര്‍ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: