മക്കളേ,
നമ്മുടെ ജീവിതത്തില്‍ എന്തെങ്കിലും ഒരു പ്രശ്നമുണ്ടാകുമ്പോള്‍ ജീവിതം തന്നെ ഒരു പ്രശ്നമാണ് എന്നു നമുക്കു തോന്നുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍, നമ്മുടെ ജീവിതത്തില്‍ ഭംഗിയായി നടക്കുന്ന മറ്റ് എത്രയോ കാര്യങ്ങളുണ്ടാകാം. അതൊന്നും നമ്മള് അപ്പോള്‍ ഓര്‍ക്കാറില്ല. ജീവിതത്തിലുണ്ടായ ഏതെങ്കിലും ഒരു പ്രശ്നത്തിനു അമിതമായ പ്രാധാന്യം കൊടുക്കുമ്പോള്‍ ജീവിതം മുഴുവനും ഒരു പ്രശ്നമാക്കി മാറ്റുകയാണ് നമ്മള് ചെയ്യുന്നത്.
വഴിയരികില്‍ വണ്ടി കാത്തുനിന്നിരുന്ന ഒരു മരപ്പണിക്കാരനെ ഒരു പരിചയക്കാരന് തന്റെ കാറില്‍ കയറ്റി. മരപ്പണിക്കാരന്റെ മുഖം മ്ലാനമായിരിക്കുന്നതുകണ്ട് അയാള്‍ ചോദിച്ചു, ”എന്താ എന്തെങ്കിലും പ്രശ്നമുണ്ടോ?” മരപ്പണിക്കാരന് പറഞ്ഞു, ”ഇന്നെല്ലാം പ്രശ്നമായിരുന്നു. ചന്തയില്‍ പോയപ്പോള്‍ എന്റെ സൈക്കിള്‍ മോഷണംപോയി. പിന്നീട് എന്റെ ഈര്ച്ചവാള് ഒടിഞ്ഞു കഷ്ണമായി. ജോലി സമയത്തിന് തീര്‍ക്കാത്തതിന് ഇടപാടുകാരുടെ ചീത്ത കേട്ടു. എല്ലാംകൊണ്ടും ഇന്നൊരു മോശം ദിവസമായിരുന്നു.” മരപ്പണിക്കാരന്റെ വീടെത്തിയപ്പോള്‍ കാറിന്റെ ഉടമസ്ഥനെ അയാള്‍ ചായ കുടിക്കാനായി വീട്ടിലേയ്ക്കു ക്ഷണിച്ചു. വീട്ടിനകത്തേയ്ക്ക് കയറുന്നതിനു മുമ്പ് മരപ്പണിക്കാരന് വീട്ടുമുറ്റത്തുള്ള ഒരു കൊച്ചുമരത്തിനടുത്ത് കുറച്ചുനേരം നിന്നു, മരച്ചില്ലകളെയും ഇലകളെയും ഒന്നു തലോടി. അതിനുശേഷം രണ്ടുകൈകളുംകൊണ്ട് അതിനെ കെട്ടിപ്പിടിച്ചു.
പിന്നീട് വാതില്‍ തുറന്ന് വീട്ടിനകത്തു കയറിയതും അയാളുടെ മുഖഭാവം ആകെ മാറിയിരുന്നു. ഭാര്യയെയും രണ്ടു മക്കളെയും കണ്ടതോടെ അയാളുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. അവരെ ഓരോരുത്തരായി അയാള്‍ സ്നേഹപൂര്‍വ്വം മാറോടു ചേര്‍ത്തണച്ചു. പിന്നീട് അതിഥിയോടൊപ്പം ചായ കുടിച്ചു. അതിഥി തിരിച്ചു പോകാനായി നടന്നു. ആ മരത്തിനടുത്തെത്തിയപ്പോള്‍ കാറുടമ മരപ്പണിക്കാരനോടു ചോദിച്ചു, ”ഞാന്‍ ആകാംക്ഷ കൊണ്ടു ചോദിക്കുകയാണ്, ഈ മരത്തിന്റെ പ്രത്യേകത എന്താണ്?” അയാള്‍ പറഞ്ഞു, ”അതെന്റെ ദുഃഖങ്ങളുടെ മരമാണ്. ജോലിയ്ക്കിടയില്‍ പ്രശ്നങ്ങളുണ്ടാകുക സ്വാഭാവികമാണ്. എന്നാല്‍ എന്റെ പ്രശ്നങ്ങളുമായി വീട്ടിലേയ്ക്കു കയറിച്ചെന്ന് ഭാര്യയെയും കുഞ്ഞുങ്ങളെയുംകൂടി വിഷമിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ദിവസവും വൈകിട്ട് ജോലി കഴിഞ്ഞുവന്ന് വീട്ടില്‍ കയറുന്നതിനുമുമ്പായി എന്റെ പ്രശ്നങ്ങളെല്ലാം ഞാന്‍ ഈ മരത്തില്‍ വെയ്ക്കും. പിറ്റേന്നു രാവിലെ അതെല്ലാം തിരിച്ചെടുക്കും. എന്നാല്‍ അത്ഭുതമെന്നു പറയട്ടെ, രാവിലെ വന്നു നോക്കുമ്പോള്‍ പ്രശ്നങ്ങളുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ടാകും.”
നമുക്കൊരു പ്രശ്നമുണ്ടെങ്കില്‍ സദാസമയവും ആ പ്രശ്നം മനസ്സില്‍ പേറി നടക്കരുത്. നിമിഷങ്ങള്‍ മാറിമാറി വരും. അതനുസരിച്ച് ജീവിതസാഹചര്യങ്ങളും മാറിമാറി വരും. നമ്മുടെ ശ്രദ്ധ എപ്പോഴും വര്‍ത്തമാനനിമിഷത്തില്‍ ആയിരിക്കണം. വര്‍ത്തമാനനിമിഷത്തില്‍ ഏറ്റവും പ്രധാനം എന്താണെന്നു മനസ്സിലാക്കി അതില്‍ ശ്രദ്ധ കൊടുക്കണം. മറവിയിലെ ഓര്മ്മയാണു ജീവിതം. ഒരു കാര്യം മറന്നാല്‍ മാത്രമേ മറ്റൊരു കാര്യം ഓര്‍ക്കാന്‍ കഴിയൂ. ഒരു ഡോക്ടര്‍ ഓപ്പറേഷന് തീയറ്ററില്‍ ഓപ്പറേഷന് ചെയ്യുകയാണെന്നിരിക്കട്ടെ. അന്നേരം അദ്ദേഹം വീട്ടുകാര്യങ്ങള്‍ ഓര്‍ത്താല്‍ എന്തായിരിക്കും സ്ഥിതി? അങ്ങനെയുള്ളവര്‍ക്ക് ഒരിക്കലും ഒരു ജോലിയും കാര്യക്ഷമമായി ചെയ്യാന്‍ കഴിയില്ല. ഇതേ ഡോക്ടര്‍തന്നെ വീട്ടിലെത്തുമ്പോള്‍ രോഗികളുടെ കാര്യം ഓര്‍ത്തുകൊണ്ടിരുന്നാല്‍ എങ്ങനെ അദ്ദേഹത്തിന് നല്ലൊരു ഭര്‍ത്താവാകാന്‍ കഴിയും, എങ്ങനെ നല്ലൊരു അച്ഛനാകാന്‍ കഴിയും, കുടുംബനാഥനാകാന്‍ കഴിയും. കാര്യങ്ങള്‍ ഓര്‍ക്കേണ്ട സമയത്ത് ഓര്‍ക്കാനും മറക്കേണ്ട സമയത്തു മറക്കാനും കഴിയുമ്പോഴാണ് ജീവിതം വിജയകരമാകുന്നത്. വണ്ടിയോടിക്കുന്ന ഒരു ഡ്രൈവര്‍ റോഡിലെ കാര്യങ്ങള്‍ ഓരോ നിമിഷവും ശ്രദ്ധിക്കും. എന്നാല്‍ തൊട്ടടുത്ത നിമിഷം അതു മറന്ന് പുതിയകാര്യങ്ങളെ ശ്രദ്ധിക്കുന്നു. അങ്ങനെ മറക്കുകയും ശ്രദ്ധിക്കുകയും ചെയ്തുകൊണ്ടു മുന്നോട്ടു പോകുന്നു, സുരക്ഷിതമായി ലക്ഷ്യത്തിലെത്തുന്നു. ഇതുതന്നെയാണ് സന്തോഷത്തിന്റെയും ജീവിതവിജയത്തിന്റെയും രഹസ്യം.
മനസ്സിനെ വേണ്ടപോലെ കൈകാര്യം ചെയ്യാനും, ശരിയായ സമയത്ത് ശരിയായ ചിന്തകളെ തിരഞ്ഞെടുക്കാനും നമുക്കു സാധിക്കുകയാണെങ്കില്‍, ജീവിതത്തിലെ ടെന്‍ഷന്‍ വലിയൊരളവുവരെ കുറയ്ക്കുവാനും ഉള്ള പ്രശ്നങ്ങളെ കൂടുതല്‍ ഫലപ്രദമായി നേരിടാനും നമുക്കു കഴിയും. പ്രശ്നങ്ങള്‍ക്കിടയിലും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും മൊട്ടുകള്‍ ഇടയ്ക്കിടെ വിരിയിച്ചു ജീവിതം ധന്യമാക്കാനും നമുക്കു സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: