ന്യൂദല്‍ഹി : കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ യാത്ര വിലക്ക് ഓസ്ട്രേലിയ നീക്കി. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ സന്ദര്‍ശനത്തോടെയാണ് വിസാ വിലക്ക് നീക്കാന്‍ തീരുമാനിച്ചത്.
അതിര്‍ത്തികള്‍ തുറന്നതോടെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് മടങ്ങാന്‍ വഴിയൊരുക്കി. ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ ഈ തീരുമാനം സ്വാഗതാര്‍ഹമാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ മടങ്ങി തുടങ്ങിയെന്ന് ഓസ്ട്രേലിയന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. രണ്ട് വര്‍ശത്തിന് ശേഷമാണ് ഓസ്ട്രേലിയ അതിര്‍ത്തി തുറക്കുന്നത്.
പുതിയ തീരുമാനപ്രകാരം രണ്ടു വാക്സിനെടുത്ത എല്ലാവര്ക്കും വിസ നല്‍കാനാണ് തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്കും ജോലി ലഭിച്ചവര്‍ക്കും മുന്‍ഗണനയുണ്ട്. സന്ദര്‍ശക വിസ ലഭിച്ചവര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇനി ഓസ്ട്രേലിയയിലേക്ക് എത്താം. ക്വാഡ് സഖ്യത്തിന്റെ യോഗത്തിനായി മെല്‍ബണിലെത്തിയ എസ്. ജയശങ്കറും ഓസ്ട്രേലിയയുടെ വിദേശകാര്യമന്ത്രി മാരിസ് പെയിനും സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് വിസ നിയന്ത്രണം പിന്‍വലിച്ചകാര്യം അറിയിച്ചത്.
അതേസമയം ക്വാഡ് കൂട്ടായ്മയ്ക്കെതിരെയുള്ള ചൈനയുടെ വിമര്‍ശനം എസ്. ജയശങ്കര്‍ തള്ളി. വിമര്‍ശനം കൊണ്ട് കൂട്ടായ്മയുടെ പ്രാധാന്യം ഇല്ലാതാവില്ല. അതിര്‍ത്തിയുമായി ബന്ധപ്പെട്ട കരാറുകള്‍ ചൈന ലംഘിച്ചത് പ്രശ്നങ്ങള്‍ വഷളാകാന്‍ കാരണമായി. വലിയ രാജ്യങ്ങള്‍ കരാറുകള്‍ ലംഘിക്കുമ്പോള്‍ അത് അന്താരാഷ്ട്ര സമൂഹത്തിന് ആശങ്ക പകരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ചൈന വിഷയത്തില്‍ ഇടപെടാന്‍ പല രാജ്യങ്ങളും താത്പര്യം പ്രകടിപ്പിക്കുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമങ്ങളില്‍ അധിഷ്ഠിതാമായി വേണം അന്താരാഷ്ട്ര ബന്ധങ്ങള്‍ ഔദ്യോഗികമായി നിലനില്ക്കാന്. രാജ്യങ്ങളുടെ പരമാധികാരം പരസ്പരം മാനിക്കാന്‍ അപ്പോള്‍ സാധിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: