മലപ്പുറം : ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍മിച്ച റോപ്വേയും തടയിണയും അധികൃതര്‍ പൊളിച്ചുമാറ്റിയതിന് പിന്നാലെ പി.വി. അന്‍വര്‍ എംഎല്‍എയ്ക്കെതിരെ ബാങ്ക് ജപ്തി നോട്ടീസും അയച്ചു. വായ്പ്പ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ച് ആക്സിസ് ബാങ്കാണ് ജപ്തി നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഒരു ഏക്കല്‍ ഭൂമിയുടെ ഈടില്‍ 1.14 കോടിയുടെ വായ്പ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് ബാങ്ക് ഇപ്പോള്‍ നടപടിക്ക് ഒരുങ്ങിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ബാങ്ക് പത്ര പരസ്യവും നല്‍കിയിട്ടുണ്ട്. വായ്പ്പയും കുടിശിഖയും പലിശയും രണ്ടുമാസത്തിനകം അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എയ്ക്ക് ഡിമാന്റ് നോട്ടീസ് അയച്ചിരുന്നു. അദ്ദേഹം അത് കൈപ്പറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് തിരിച്ചടവോ ഇതുമായി ബന്ധപ്പെട്ട ഒരറിയിപ്പോ ബാങ്കിന് നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ജപ്തി നടപടിയിലേക്ക് നീങ്ങിയതെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം എംഎല്എയിപ്പോള് ആഫ്രിക്കയിലാണ്. തെരഞ്ഞെടുപ്പ് വേളയില്‍ അദ്ദേഹം വെളിപ്പെടുത്തിയിത് ആഫ്രിക്കയില്‍ 200 കോടി രൂപയുടെ സ്വര്‍ണഖനന ബിസിനസ്സുണ്ടെന്നായിരുന്നു. ഇത് വിവാദമാവുകയും ചെയ്തിരുന്നു.
അതിനിടെ മലപ്പുറം ചീങ്കണ്ണിപ്പാലയില്‍ പി.വി. അന്‍വറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള വസ്തുവിലെ റോപ്വേ പൊളിച്ചുനീക്കുന്ന നടപടി ഇന്നും തുടരും. റോപ് വേയും റോപ് വേ ഉറപ്പിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് തുണുകളുമാണ് പൊളിച്ചു നീക്കുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുളള ഓംബുഡ്സ്മാന്റെ നിര്‍ദ്ദേശാനുസരണമാണ് നടപടി.
ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് 1,47000 രൂപ ചെലവിട്ടാണ് ഈ പ്രവൃത്തി ചെയ്യുന്നത്. അനുമതിയില്ലാതെ നിര്‍മിച്ച റോപ് വേ 10 ദിവസത്തിനകം പൊളിച്ചു നീക്കാനാകുമെന്നാണ് പഞ്ചായത്തിന്റെ കണക്കുകൂട്ടല്‍. ഒരു റോപ് വേ പോയാല്‍ രോമം പോകുന്നത് പോലെയെന്നായിരുന്നു പി.വി. അന്‍വര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: