കേരളം തങ്ങളുടെ സ്വകാര്യ സ്വത്താണെന്ന് സിപിഎം കരുതുന്നു. ഭരണത്തുടര്‍ച്ച ലഭിച്ചതോടെ ഈ വികാരം ശക്തിപ്പെട്ടിരിക്കുകയുമാണ്. തങ്ങളെ ആരെങ്കിലും വിമര്‍ശിച്ചാല്‍, ഭരണത്തെ കുറ്റപ്പെടുത്തിയാല്‍, അത് കേരളത്തിന്റെ അക്കൗണ്ടില്‍പ്പെടുത്തും. കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നതായി ദുര്‍വ്യാഖ്യാനിക്കും. ഊതിപ്പെരുപ്പിച്ച സ്ഥിതിവിവര കണക്കുകളും എടുത്താല്‍ പൊങ്ങാത്ത അവകാശവാദങ്ങളും നിരത്തി വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കാന്‍ നോക്കും. കാലങ്ങളായി തുടരുന്ന ഈ കലാപരിപാടിയുടെ തനിയാവര്‍ത്തനമാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവിടുത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന്റെ തലേന്ന് ജനങ്ങളോട് നടത്തിയ അഭ്യര്‍ത്ഥനയെച്ചൊല്ലി കേരളത്തിന്റെ പേരില്‍ അരങ്ങേറുന്നത്. അഞ്ചുവര്‍ഷത്തെ ബിജെപി ഭരണത്തില്‍ യുപി അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിച്ചുവെന്നും, വിവേകത്തോടെ വോട്ടുചെയ്തില്ലെങ്കില്‍ യുപി, കാശ്മീരോ ബംഗാളോ കേരളമോ ആകാന്‍ അധികനാള്‍ വേണ്ടിവരില്ലെന്നും ആദിത്യനാഥ് പറഞ്ഞതാണ് കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങളെ ഒരുപോലെ അരിശം കൊള്ളിച്ചിരിക്കുന്നത്. യോഗിക്കെതിരെ പിണറായിയെക്കാള്‍ വലിയ കോലാഹലമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്നത്. ഊഴമൊപ്പിച്ച് ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും അധികാരം ലഭിക്കണമെന്നതില്‍ മാത്രമാണല്ലോ കോണ്‍ഗ്രസിന് സിപിഎമ്മിനോട് അഭിപ്രായഭിന്നതയുള്ളത്. അഴിമതിയും സ്വജനപക്ഷപാതവുമുള്‍പ്പെടെ മറ്റെല്ലാ കാര്യത്തിലും ഇരുകൂട്ടരും ഒരേ തൂവല്‍പക്ഷികളാണ്.
അരുതാത്തതൊന്നും മുഖ്യമന്ത്രി യോഗി പറഞ്ഞിട്ടില്ല. അതു പറയാനുള്ള അവകാശവുമുണ്ട്. അതിന് പിണറായിമാരുടെ അനുവാദം ആവശ്യമില്ല. യുപിയില്‍ ബിജെപി സര്‍ക്കാരിന് അധികാരത്തുടര്‍ച്ച ലഭിക്കാതെവന്നാല്‍ ജിഹാദി ശക്തികള്‍ അഴിഞ്ഞാടുമെന്നാണ് യോഗി സൂചിപ്പിച്ചത്. കേരളത്തെ മുന്‍നിര്‍ത്തി മാത്രമല്ല യോഗി ഇങ്ങനെ പറഞ്ഞത്. പശ്ചിമ ബംഗാളിന്റെയും കശ്മീരിന്റെയും പേരെടുത്തു പറഞ്ഞിരുന്നു. ഈ മൂന്ന് സംസ്ഥാനങ്ങളിലും പൊതുവെയുള്ളതാണ് ജിഹാദി വിളയാട്ടം. കേന്ദ്രഭരണത്തിന് കീഴിലായതിനാല്‍ കശ്മീരില്‍ ഈ വിപത്തിനെ ശക്തമായി അടിച്ചമര്‍ത്തുമ്പോള്‍ ബംഗാളിലും കേരളത്തിലും ഭരണത്തിന്റെ തണലില്‍ ജിഹാദികള്‍ അഴിഞ്ഞാടുകയാണ്. ബംഗ്ലാദേശില്‍നിന്നും മറ്റും നുഴഞ്ഞുകയറുന്ന വിദേശപൗരന്മാര് ബംഗാളിലും കേരളത്തിലും താവളമുറപ്പിക്കുന്നു. ഇന്ത്യയില്‍നിന്നുള്ള ഐഎസ് ഭീകരരില്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍നിന്നു പോയിട്ടുള്ളവരാണെന്ന് ഐക്യരാഷ്ട്രസഭ പോലും വ്യക്തമാക്കിയിട്ടുള്ളതാണ്. ഉത്തര്‍പ്രദേശുള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളില്‍ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ കേരളത്തിലെ ഇടതു-വലതു മുന്നണി ഭരണത്തിന്റെ തണലില്‍ കരുത്തു നേടിയിട്ടുള്ളവരാണ്. ഇസ്ലാമിക തീവ്രവാദ സംഘടനകളെ ഘടകകക്ഷികളെപ്പോലെയാണ് ഇരു മുന്നണികള്‍ക്കും യഥാക്രമം നേതൃത്വം നല്കുന്ന സിപിഎമ്മും കോണ്‍ഗ്രസ്സും പരിഗണിക്കുന്നത്. ഓരോ തെരഞ്ഞെടുപ്പ് കാലത്തെയും അന്തരീക്ഷം നോക്കി ഏത് മുന്നണിക്കൊപ്പം നില്‍ക്കണമെന്ന് ജിഹാദികള്‍ തീരുമാനിക്കുന്നു.
യോഗി ഉദ്ദേശിച്ചതെന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷത്തെ വിധേയന്മാര്‍ക്കും നന്നായറിയാം. അതിനു മറുപടി പറയാന്‍ കഴിവില്ലാത്തതിനാല്‍ സമര്‍ത്ഥമായി വിഷയം മാറ്റുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, താമസസൗകര്യം, ആയുര്‍ദൈര്‍ഘ്യം, ലിംഗസമത്വം, വരുമാനം, സാമൂഹ്യസുരക്ഷ എന്നിവയിലൊക്കെ കേരളം വളരെ മുന്നിലാണെന്ന് പിണറായി വാചകമടിക്കുന്നു. ഇതിന്റെയൊക്കെ നിജസ്ഥിതി എന്താണെന്ന് കേരളത്തില്‍ ജീവിക്കുന്നവര്‍ക്കറിയാം. നിരവധി ആധികാരിക റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. കേരളത്തെക്കാള്‍ പലമടങ്ങ് വലിപ്പവും എട്ടിരട്ടിയോളം ജനസംഖ്യയുമുള്ള ഉത്തര്‍പ്രദേശില്‍ ഉള്ളതായി ആരോപിക്കപ്പെടുന്ന എന്ത് തിന്മയാണ് കേരളത്തില്‍ ഇല്ലാത്തത്? കേരളത്തിന്റേതായി പറയുന്ന വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള ചില നന്മകള് ഐക്യകേരളം രൂപപ്പെടുന്നതിന് മുമ്പുള്ള രാജഭരണകാലത്തേതാണ്. വിദ്യാഭ്യാസവും വ്യവസായമേഖലയും നശിപ്പിക്കുകയാണ് ഇടതു-വലതു മുന്നണികളുടെ ഭരണം ചെയ്തിട്ടുള്ളത്. ഉത്തപ്രദേശിലെ അഞ്ചുവര്‍ഷക്കാലത്തെ ബിജെപി ഭരണത്തെക്കുറിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത് വെറും വാക്കല്ലെന്ന് അവിടം സന്ദര്‍ശിക്കുന്ന ആര്‍ക്കും ബോധ്യമാകും. പുതിയ അണക്കെട്ടുകളും വിമാനമിറങ്ങുന്ന ദേശീയപാതകളും വ്യവസായശാലകളുമൊക്കെ നിര്‍മിച്ച് വികസനത്തിന്റെ പുത്തന്‍ കുതിപ്പുകളാണ് ഉത്തര്‍പ്രദേശില്‍ നടക്കുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ ഭരണനേട്ടം വട്ടപ്പൂജ്യമാണ്. സത്യം പറഞ്ഞ യോഗിയെ ശകാരിച്ചാല്‍ ഇതിന് മാറ്റം വരുമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്നും പിണറായിമാര്‍ വ്യാമോഹിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: