ന്യൂദല്‍ഹി: പാകിസ്ഥാനും താലിബാനും തമ്മില്‍ അതിര്‍ത്തിതര്‍ക്കം രൂക്ഷമാവുന്നു. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലുമായി ചിതറിക്കിടക്കുന്ന പഷ്തൂണ്‍ വിഭാഗത്തെ വിഭജിച്ചുകൊണ്ട് അതിര്‍ത്തി വേലി ഉയര്‍ത്താന്‍ അനുവദിക്കില്ലെന്ന ശക്തമായ നിലപാടിലാണ് താലിബാന്. താലിബാന് സര്‍ക്കാരിലെ പ്രധാന ഗോത്രവിഭാഗമാണ് പഷ്തൂണ്‍.
പഷ്തൂണ്കാരെ വിഭജിച്ചുകൊണ്ട് ഡുറന്റ് ലൈനില്‍ അതിര്‍ത്തി തിരിക്കാനുള്ള മുള്ളുവേലി ഉയര്‍ത്താന്‍ അനുവദിക്കില്ലെന്ന് താലിബാന് തറപ്പിച്ചുപറയുന്നു. ഇതോടെ താലിബാനെ പിന്തുണച്ചിരുന്ന പാകിസ്ഥാന് അങ്കലാപ്പിലാണ്.
ബ്രിട്ടീഷുകാരുടെ ഭരണകാലത്താണ് പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും വേര്‍തിരിക്കുന്ന ഡുറന്റ് അതിര്‍ത്തി രേഖ വരയ്ക്കപ്പെടുന്നത്. 2640 കീലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ അതിര്‍ത്തി അന്നുമുതലേ തര്‍ക്ക വിഷയമാണ്. എന്നാല്‍ ഇതേച്ചൊല്ലി ഇരുരാജ്യങ്ങളും ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച ഖുറം ജില്ലയിലെ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പോസ്റ്റില്‍ പാകിസ്ഥാന് താലിബാന് എന്നറിയപ്പെടുന്ന തെഹ്റീക് ഇ താലിബാന് പാകിസ്ഥാന് എന്ന തീവ്രവാദ സംഘടനയുടെ ആക്രമണത്തില്‍ അഞ്ച് പാക് പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നു.
‘പാകിസ്ഥാന്റെ ആശങ്കകള്‍ ദൂരീകരിക്കാന്‍ താലിബാന് കഴിഞ്ഞില്ലെങ്കില്‍ ആരാണ് പിന്നെ അവരെ വിശ്വസിക്കുക? അല്‍ ക്വെയ്ദയുമായും മറ്റ് തീവ്രവാദസംഘടനകളുമായും ഉള്ള ബന്ധം വേര്‍പ്പെടുത്തുമെന്ന താലിബാന്റെ വാഗ്ദാനത്തെ ആര് വിശ്വസിക്കും? ‘- പാകിസ്ഥാന് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി ചോദിക്കുന്നു.
യുഎസ് പിന്തുണയുള്ള അഫ്ഗാന് സര്‍ക്കാരുമായി നേരത്തെ പാകിസ്ഥാന് അതിര്‍ത്തിതര്‍ക്കത്തിന്റെ പേരില്‍ ഏറ്റുമുട്ടിയ ചരിത്രമുണ്ട്. താലിബാന് അധികാരമേറ്റെടുത്ത ആദ്യനാളുകളില്‍ താലിബാന് സര്‍ക്കാര്‍ പാകിസ്ഥാന് പറയുന്നത് കേള്‍ക്കുമെന്ന് കരുതപ്പെട്ടിരുന്നു. മാത്രമല്ല, അഫ്ഗാനിസ്ഥാന്റെ മണ്ണില്‍ നിന്നും തങ്ങള്‍ക്കെതിരെ തിരിയാന്‍ അഫ്ഗാനിസ്ഥാനിലെ ഒരു തീവ്രവാദികളെയും താലിബാന് അനുവദിക്കില്ലെന്നുമുള്ള മൂഢവിശ്വാസം പാകിസ്ഥാന് നഷ്ടപ്പെടുകയാണ്.
അതിര്‍ത്തിക്ക് കുറുകെയുള്ള കള്ളക്കടത്തും തീവ്രവാദ ആക്രമണവും തടയാന്‍ 2014ല്‍ പാകിസ്ഥാന് അതിര്‍ത്തിയില്‍ മുള്ളുവേലി ഉയര്‍ത്താന്‍ ശ്രമിച്ചിരുന്നു. ഏതാണ്ട് 90 ശതമാനത്തിലധികം അതിര്‍ത്തിപ്രദേശത്തും വേലി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഈ അതിര്‍ത്തിയിലൂടെ ഇപ്പോഴും തീവ്രവാദികള്‍ പാകിസ്ഥാനിലെത്തി തീവ്രവാദി ആക്രമണം നടത്തുന്നതായി പറയുന്നു.
ഇക്കഴിഞ്ഞ നാളിലെ മൂന്ന് വ്യത്യസ്ത സംഭവങ്ങളില്‍ താലിബാന്‍കാര്‍ വേലി തകര്‍ത്ത് പാകിസ്ഥാന് പട്ടാളക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു. 2021 ഡിസംബര്‍ 19ന് പുറത്തുവന്ന ഒരു വീഡിയോയില്‍ താലിബാന് കമാന്‍ഡര്‍ പാകിസ്ഥാന് പട്ടാളക്കാരനെ ഭീഷണിപ്പെടുത്തുന്നത് ഇങ്ങിനെ: ‘ഇനിയും ഒരടി മുന്നോട്ട് വന്നാല്‍, ഞാന്‍ താങ്കളുമായി യുദ്ധം ചെയ്യും. താങ്കളുമായി യുദ്ധം ചെയ്യാന്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.’. അതിര്‍ത്തി തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് പാകിസ്ഥാന്റെ ദേശീയ സുരക്ഷ ഉപദേശകന് മൊയീദ് യൂസഫ് ജനവരി 29,30 തീയതികളില്‍ അഫ്ഗാനിസ്ഥാന് സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: