കൊല്ലം: ഇരുപതു വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം നാലുവര്‍ഷം മുന്‍പ് ജയില്‍ മോചിതനായ മോഷ്ടാവ് നൂറോളം മോഷണ കേസുകളില്‍ വീണ്ടും പിടിയില്‍. മോഷണത്തിന് ബുധനാഴ്ചകള്‍ തെരഞ്ഞെടുക്കുന്ന ഇയാളുടെ പതിവാണ് പിടികൂടാന്‍ സഹായകമായത്.
കോട്ടയം തിരുവാര്‍പ്പ് കാഞ്ഞിരം കിളിരൂര്‍ക്കര പത്തില്‍ വീട്ടില്‍ തിരുവാര്‍പ്പ് അജി (അജയന്-49) ആണ് പോലീസ് പിടിയിലായത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണകുളം, പത്തനംതിട്ട ജില്ലകളിലായി നാല് വര്‍ഷത്തിനുള്ളില്‍ നൂറിലധികം മോഷണങ്ങളാണ് ഇയാള്‍ നടത്തിയത്. നാല് വര്‍ഷം മുമ്പ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് മോചിതനായത്. 19-ാം വയസു മുതല്‍ നിരന്തരം മോഷണം നടത്തിയ ഇയാളെ ഒടുവില്‍ മാവേലിക്കര പോലീസാണ് പിടികൂടിയത്.
സ്കൂളുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, സ്റ്റേഷനറി കടകള്‍, ബേക്കറി കടകള്‍ എന്നിവിടങ്ങളില്‍ ഓടിളക്കി മോഷണം നടത്തുന്നതാണ് രീതി. കൂടുതല്‍ തുക ലഭിച്ചാല്‍ അതേ സ്ഥലത്ത് വീണ്ടും മോഷണം നടത്തും. തമിഴ് സിനിമയുടെ ആരാധകനായ ഇയാള്‍ മോഷണ മുതലുമായി തമിഴ്നാട്ടിലേക്ക് കടന്ന് ധൂര്‍ത്തടിച്ചതിന് ശേഷം തിരികെ എത്തി വീണ്ടും മോഷണം നടത്തും.
കൊല്ലം സിറ്റി പോലീസ് പരിധിയിലെ കൊല്ലം വെസ്റ്റ്, ഈസ്റ്റ്, ഇരവിപുരം, ശക്തികുളങ്ങര, കരുനാഗപ്പളളി, ഓച്ചിറ പോലീസ് സ്റ്റേഷന് പരിധികളില്‍ ബുധനാഴ്ച ദിവസങ്ങളില്‍ ആവര്‍ത്തിച്ച സമാന സ്വഭാവമുള്ള മോഷണങ്ങളെ തുടര്‍ന്ന് ഇയാളുടെ രേഖ ചിത്രം തയ്യാറാക്കി പോലീസ് തെരച്ചില്‍ നടത്തി വരുകയായിരുന്നു.
കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ടി.നാരായണന്റെ നേരിട്ടുളള മേല്‍ നോട്ടത്തില്‍ രൂപികരിച്ച പ്രത്യേക അന്വേഷണ സംഘമാണ് മോഷണത്തിനു വേണ്ടി നഗരത്തിലെത്തിയ ഇയാളെ ചിന്നക്കടയില്‍ നിന്നും പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: