പാലക്കാട്: 45 മണിക്കൂറോളം മലമ്പുഴ കുര്‍മ്പാച്ചി മലയില്‍ കുടുങ്ങി സൈന്യം രക്ഷിച്ച ബാബു ചികിത്സയ്‌ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് വിട്ടു. വെളളവും ഭക്ഷണവുമില്ലാതെ മണിക്കൂറുകള്‍ പാറയിടുക്കില്‍ കഴിഞ്ഞതിനാല്‍ പാലക്കാട് ജില്ല ആശുപ്ത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു ബാബു.
ബാബു ആരോഗ്യം പൂര്‍ണ്ണമായി വീണ്ടെടുത്തെന്ന് ഡിഎംഒ അറിയിച്ചു. ബാബുവിനെ സ്വീകരിക്കാന്‍ നാട്ടുകാരും സുഹൃത്തുക്കളും എത്തിയിരുന്നു. ‘ഇത്രയും പെട്ടെന്ന് ഡിസ്ചാര്‍ജ്ജ് ആകുമെന്ന് വിചാരിച്ചിരുന്നില്ല എന്ന് ബാബുവിന്റെ അമ്മ റഷീദ പറഞ്ഞു. എല്ലാവരോടും നന്ദി പറയുന്നു. എല്ലാത്തിനും കൂടെ നിന്നവര്‍ക്കും, സൈന്യത്തിന് ബിഗ് സല്യൂട്ട്’ റഷീദ പറഞ്ഞു.
ചോദിക്കാതെ സഹായിച്ചവര്‍ക്കും നന്ദി അറിയിക്കുന്നു. കുട്ടികള്‍ അനുവാദമില്ലാതെ വനമേഖലയില്‍ കയറരുതെന്നും ഇനി ഇങ്ങന ഒരു സാഹചര്യം ഉണ്ടാകാതെ നോക്കണമെന്നും അവര്‍ കൂട്ടി ചേര്‍ത്തു. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് ബാബുവും, രണ്ട് പ്ലസ്‌വണ്‍ വിദ്യാര്‍ഥികളും, ഒരു ഒമ്പതാംക്ലാസുകാരനും മല കയറാനായി പുറപ്പെട്ടത്. യാത്രക്കിടെ കഴിക്കാന്‍ ഭക്ഷണവും വാങ്ങി. പ്രധാന റോഡില്‍ നിന്ന് ഒരു കിലോമീറ്ററോളം നടന്നാണ് കാട്ടിലെത്തിയത്. പകുതി ദൂരം പിന്നിട്ടപ്പോള്‍ വിശ്രമിച്ചു, ഭക്ഷണം കഴിച്ചു. യാത്ര തുടര്‍ന്നെങ്കിലും ക്ഷീണവും, ദാഹവും മൂലം കുട്ടികള്‍ തളര്‍ന്നു. മടങ്ങാമെന്ന് പറഞ്ഞെങ്കിലും ബാബു തയ്യാറായില്ല.
മലയുടെ മുകളില്‍ കയറി അവിടെയുള്ള കൊടിയില്‍ തൊടണമെന്നും ഫോട്ടോയെടുത്ത് മടങ്ങാമെന്നും ബാബു പറഞ്ഞു. ബാബുവിന്റെ കൈയില്‍ തൊപ്പിയും, മൊബൈലും മാത്രമാണുണ്ടായിരുന്നത്. ബാബു മടങ്ങില്ലെന്ന് ഉറപ്പായതോടെ കുട്ടികള്‍ വീടുകളിലേക്ക് തിരികെപോന്നു. വൈകിട്ട് ഇതിലൊരു പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ഫോണിലേക്ക് ബാബു വിളിച്ചു, കുടുങ്ങിക്കിടക്കുന്ന ഫോട്ടോയും, കാലിലെ മുറിവിന്റെ ചിത്രവും അയച്ചു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് അഗ്നിശമനസേനയും, ആംബുലന്‍സും, പോലീസുമെത്തി.
ബാബുവേട്ടന് ഒന്നും വരുത്തരുത് എന്ന പ്രാര്‍ത്ഥനമാത്രമായിരുന്നു മനസ്സിലെന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥി ജന്മഭൂമിയോട് പറഞ്ഞു. വീടിന് സമീപത്തുള്ള മൈതാനത്ത് ഫുട്‌ബോള്‍ കളിക്കാന്‍ വരുമ്പോഴാണ് ബാബുവേട്ടനെ പരിചയപ്പെട്ടത്. സാഹസികത ഇഷ്ടമാണ്. അടുത്തുള്ള ചെറിയ കുന്നിലൊക്കെ കയറിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയാണ് കൂര്‍മ്പാച്ചി മല കയറാന്‍ പോവാമെന്ന് ബാബുവേട്ടന്‍ പറഞ്ഞത്. നിര്‍ബന്ധിച്ചതോടെയാണ് ഒപ്പം പോയത്. ഒമ്പത് മണിയോടെ യാത്ര തുടങ്ങി. ഇടക്ക് ഭക്ഷണം കഴിക്കാന്‍ ബാബുവേട്ടന്‍ പൊറോട്ട വാങ്ങി. കാടിന്റെ പകുതിയായപ്പോഴേക്കും അതിയായ ദാഹം. കൈയില്‍ വെള്ളമില്ലായിരുന്നു. ഇനി നടക്കാന്‍ വയ്യെന്നും, തിരിച്ച് പോവാമെന്നും പറഞ്ഞെങ്കിലും അതൊന്നും കുഴപ്പമില്ലെന്നായിരുന്നു മറുപടി. ഞാന്‍ എന്തായാലും മുകളില്‍ കയറിയിട്ടേ വരൂ എന്ന് പറഞ്ഞ് മുന്നോട്ട് നടന്നു. ഞങ്ങള്‍ വീട്ടിലേക്കും.
പിന്നീട് വൈകിട്ട് ചിത്രങ്ങള്‍ അയക്കുകയായിരുന്നു. അപ്പോഴാണ് കാല്‍ തെന്നി വീണെന്നും മലയിടുക്കിലാണെന്നും പറഞ്ഞത്. ഏഴരക്ക് വീണ്ടും വിളിച്ചെങ്കിലും കിട്ടിയില്ല. 46 മണിക്കൂറിന് ശേഷം സൈന്യം രക്ഷപ്പെടുത്തിയപ്പോഴാണ് സമാധാനമായത്. രണ്ട് ദിവസം ഉറങ്ങിയിട്ടില്ലെന്നും, തിരികെ എത്തിയപ്പോള്‍ സന്തോഷമായെന്നും കുട്ടികള്‍ ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: