കൊല്ലം: ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭ്യമല്ലാത്ത സമയങ്ങളില്‍ ആശുപത്രിയിലെത്തുന്ന പോക്സോ ഇരകളെ, പരിശീലനം ലഭിച്ച വനിതാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാമെന്ന കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഉത്തരവില്‍ അപാകതയില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
2011 കേരള മെഡിക്കോ ലീഗല്‍ കോഡിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് കമ്മീഷന് അംഗം വി.കെ. ബീനാകുമാരി ഉത്തരവില്‍ പറഞ്ഞു. ഗൈനക്കോളജി വിദഗ്ധരല്ലാത്തവര്‍ക്കും പോക്സോ ഇരകളെ പരാശോധിക്കാമെന്ന ഡിഎംഒ യുടെ ഉത്തരവ് ഇരകളുടെ അവകാശങ്ങള്‍ ലംഘിക്കുമെന്നാരോപിച്ച് അഭിഭാഷകനായ അഭിരാജ് സുന്ദര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
കൊല്ലം ഡിഎംഒയില്‍ നിന്നും കമ്മീഷന് റിപ്പോര്‍ട്ട് വാങ്ങി. മെഡിക്കല്‍ ലീഗല്‍ പ്രോട്ടോകോളിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ലൈംഗിക പീഡനത്തിന് ഇരയായി മാനസികമായി തളര്‍ന്ന് ആശുപത്രിയിലെത്തുന്ന ഇരയെ ഗൈനക്കോളജിസ്റ്റ് ഇല്ലെന്ന പേരില്‍ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നത് ശരിയല്ലെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഡ്യൂട്ടിയിലുള്ള വനിതാ ഡോക്ടര്‍ക്ക് ഇരയെ പരിശോധിക്കാന്‍ അനുമതി നല്‍കിയത്.
എന്നാല്‍ ഗൈനക്കോളജി പഠിച്ചിട്ടില്ലാത്ത ഡോക്ടറുടെ പരിശോധന ഇരക്ക് നീതി ലഭ്യമാക്കില്ലെന്ന പരാതിക്കാരന്റെ വാദം കമ്മീഷന് അംഗീകരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: