കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടിനെയാണ് ആശുപത്രിയിലെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളേജ് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
ജിയറാം ജിലോട്ട് കഴിഞ്ഞിരുന്ന സെല്ലിൽ മറ്റ് രണ്ടു പേർ കൂടിയുണ്ടായിരുന്നു. ഇവർ തമ്മിൽ ഇന്നലെ വൈകിട്ട് അടിപിടി ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ പറയുന്നു. കട്ടിലുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. ഇതേത്തുടർന്ന് രണ്ടു പേരെയും രണ്ടു സെല്ലിലേക്ക് അധികൃതർ മാറ്റിയിരുന്നു. രാവിലെ അഞ്ചരയോടെ സെല്ലിൽ ഭക്ഷണം വിതരണം ചെയ്യാനെത്തിയ ജീവനക്കാരാണ് ജിയറാം ജിലോട്ടിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവിനെ തേടി തലശ്ശേരിയിൽ എത്തിയ ജിയറാം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ ജനുവരി 28നാണ് പോലീസ് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടം പരിശോധനക്കായി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: