പത്തനാപുരം: മഞ്ഞമണ്‍കാല കുടിവെള്ള പദ്ധതിയിലൂടെയുള്ള ജലവിതരണം മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കും. എംഎല്‍എ കെ.ബി ഗണേഷ് കുമാറിന്റെ സാന്നിധ്യത്തില്‍ ഇന്നലെ ട്രയല്‍റണ്‍ നടത്തി.
വിളക്കുടി, മേലില, വെട്ടിക്കവല തുടങ്ങി മൂന്നുപഞ്ചായത്തുകളില്‍ ലക്ഷ്യമിട്ട പദ്ധതിയുടെ ആദ്യഘട്ടമായി വിളക്കുടി, മേലില പ്രദേശങ്ങളിലാണ് കുടിവെള്ളം എത്തിക്കുക. വെട്ടിക്കവല പഞ്ചായത്തില്‍ പദ്ധതിയുടെ പ്രയോജനം വൈകും. ജല്‍ജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജലവിതരണ പൈപ്പ്ലൈനുകള് സ്ഥാപിക്കുന്ന ജോലികള്‍ രണ്ട് പഞ്ചായത്തുകളിലും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. എന്നാല്‍ വെട്ടിക്കവലയില്‍ പൈപ്പ്ലൈനുകള് സ്ഥാപിക്കുന്ന ജോലികള്‍ക്കുള്ള ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിയിട്ടേയുള്ളൂ. പത്തനാപുരം നിയോജക മണ്ഡലത്തെ സമ്പൂര്‍ണ്ണ കുടിവെള്ള ലഭ്യതയുള്ളതാക്കാന് ലക്ഷ്യമിട്ട് ഏഴ് വര്‍ഷം മുമ്പ് ആവിഷ്കരിച്ച മൂന്നാമത്തെ വലിയ പദ്ധതിയാണിത്.
മൂന്ന് പഞ്ചായത്തുകളിലായി ഒരുലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളം നല്കാന് ലക്ഷ്യമിടുന്ന പദ്ധതിയാണിത്. ജലവിതരണ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്ന രണ്ടാം ഘട്ടം ജല്‍ജീവന്‍ മിഷന് പദ്ധതിയിലാണ് നടപ്പാക്കുന്നത്. വിളക്കുടിയില്‍ 27 കോടിയും മേലിലയില്‍ 35 കോടിയും വെട്ടിക്കവലയില്‍ 73 കോടിയും ചെലവഴിച്ചാണ് ജല്‍ജീവന്‍ പദ്ധതിയുടെ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: