കുടമാളൂര്‍ രാധാകൃഷ്ണന്
കോട്ടയം: ലഫ്. കേണല്‍ ഹേമന്ദ് രാജ്, ധീരനായ സൈനികന്. 2018ലെ മഹാപ്രളയത്തില്‍ നിരവധി പേരുടെ ജീവന് രക്ഷിച്ച മലയാളി. ഇന്നലെ മലയിടുക്കില്പ്പെട്ട് ജീവനുവേണ്ടി പ്രതീക്ഷയോടെ കാത്തിരുന്ന യുവാവിന്റെ ജീവന് രക്ഷിക്കാന്‍ നേതൃത്വം നല്കിയതും ഈ മലയാളിയാണ്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയാണ് ഹേമന്ദ് രാജ്.
മഹാപ്രളയ സമയത്താണ് ഹേമന്ദ് രാജ് അവധിയില്‍ നാട്ടിലെത്തുന്നത്. കൊച്ചിയില്‍ വിമാനമിറങ്ങേണ്ട അദ്ദേഹം അവിടെ ഇറങ്ങിയില്ല. വെള്ളപ്പൊക്കത്തിന്റെ രൂക്ഷത നേരില്‍കണ്ട അദ്ദേഹം നേരെ തിരുവനന്തപുരത്തിറങ്ങി. തുടര്‍ന്ന് നിരവധി ജനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയ വീടുകള്‍ക്കു മുകളില്‍ നിന്ന് ജീവനുവേണ്ടി കേഴുന്ന ചെങ്ങന്നൂരിലേക്ക് ഹെലികോപ്റ്ററില്‍ വന്നിറങ്ങുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുമായിരുന്നു. നിരവധി പേരുടെ ജീവനാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മൂലം അന്നു രക്ഷിക്കാനായത്. അവധിക്ക് നാട്ടിലെത്തിയ മേജര്‍ ഹേമന്ദ് രാജ് പിന്നെയും എത്രയോ ദിവസങ്ങള്‍ക്കുശേഷമാണ് കുടുംബാംഗങ്ങളെ കാണുന്നതു തന്നെ.
അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇന്നലെ മലമ്പുഴയില്‍ ബാബുവിനെ രക്ഷിക്കാന്‍ സൈന്യം എത്തിയത്. ഏറ്റുമാനൂര്‍ പട്ടിത്താനത്തിനു സമീപം റിട്ട. എക്സൈസ് ഇന്‍സ്പെക്ടര്‍ രാജപ്പന്റെയും കോട്ടയം മെഡിക്കല്‍ കോളജ് റിട്ട. ഹെഡ് നഴ്സ് ലതികാ ബായിയുടെയും മകനാണ് ഹേമന്ദ് രാജ്. ഭാര്യ ഡോ. തീര്‍ത്ഥ ഹേമന്ദ് പട്ടിത്താനത്ത് തീര്‍ത്ഥ ദന്താശുപത്രി നടത്തുന്നു. ഏക മകന് അയന് ഹേമന്ദ് ഏറ്റുമാനൂരില്‍ സ്വകാര്യ സ്കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.
കേന്ദ്രമന്ത്രി വി.മുരളീധരന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് എന്നിവര്‍ വീട്ടുകാരെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ ഹേമന്ദ് രാജിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: