കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്നസുരേഷിന്റെ ശബ്ദരേഖയുമായി ബന്ധപ്പെട്ട് പോലീസുകാര്‍ക്കും ശിവശങ്കറിനും എതിരെ ഇഡിയുടെ അന്വേഷണം ഉണ്ടാകും. ഇതിനൊപ്പം ഈ വിഷയത്തില്‍ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ സിബിഐ അന്വേഷണം തേടുകയും ചെയ്തേക്കും.
കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ കേന്ദ്ര ഏജന്‍സികള്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നുള്ള ശബ്ദരേഖ ശിവശങ്കറും കൂട്ടരും നിര്‍ബന്ധിച്ച് പറയിച്ച് റിക്കാര്‍ഡ് ചെയ്തതാണെന്നും ഏജന്‍സികള്‍ മുഖ്യമന്ത്രിയുടെ പേരുപറയാന്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നുമാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍. ചില പോലീസുകാരാണ് ഫോണ്‍ സന്ദേശം പകര്‍ത്തിയതെന്നും തന്റെ കൈയില്‍ ഫോണ്‍ നല്‍കുക പോലും ചെയ്യാതെയാണ് അത് റിക്കാര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചതെന്നും സ്വപ്ന പറഞ്ഞിരുന്നു. കേരള പോലീസ് അസോസിയേഷന്റെ എറണാകുളം ജില്ലാ ഭാരവാഹിയായ ഉദ്യോഗസ്ഥയും പാലാരിവട്ടം സ്റ്റേഷനിലെ മറ്റൊരു വനിതാ ഉദ്യോഗസ്ഥയുമാണ് സ്വപ്നയ്ക്ക് എസ്കോര്‍ട്ട് പോയിരുന്നത്. ഇവരറിയാതെ ഇത്തരമൊരു ശബ്ദരേഖ പുറത്തുവരില്ല.
ശബ്ദരേഖ വ്യാജമായി തയ്യാറാക്കിച്ച ഇവരെപ്പറ്റി ഇഡി അന്വേഷിക്കും. വ്യാജരേഖ ചമച്ചതിന് കേസും എടുക്കും. ഇതിനുപിന്നിലെ ഗൂഡാലോചനയുടെ ആഴം കണ്ടെത്താനും അതിലുള്‍പ്പെട്ടവരെ പിടികൂടാനും ഇഡി സിബിഐയുടെ സേവനവും തേടും. ശിവശങ്കറും കേസിലെ മറ്റു പ്രതികളും ശബ്ദരേഖ ചമയ്ക്കുന്നതിലുള്പ്പെട്ടിട്ടുണ്ട് എന്നാണ് സ്വപ്ന പറഞ്ഞത്. ഇത് 24 ന്യൂസ് ചാനല്‍ വഴിയാണ് പുറത്തുവിട്ടത്. കേസിലെ പ്രതികളും പോലീസുകാരും സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും രക്ഷിക്കാന്‍ തുനിഞ്ഞിറങ്ങിയവരും ചാനല്‍ മേധാവികളും ഉള്‍പ്പെട്ട ഗൂഢാലോചന നടന്നുവെന്നാണ് ഇഡിയുടെ ബലമായ സംശയം. മാത്രമല്ല ഈ ശബ്ദരേഖയുടെ പേരിലാണ് പോലീസ് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുത്തതും ഭീഷണിപ്പെടുത്തി കേസ് ഇല്ലാതാക്കാന്‍ ശ്രമിച്ചതും. തങ്ങളുടെ ഔദ്യോഗികകൃത്യ നിര്‍വ്വഹണം പോലീസ് തടയുകയാണെന്നു കാട്ടി ഇഡി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയുടെ ശബ്ദം റിക്കാര്‍ഡ് ചെയ്തു പ്രചരിപ്പിച്ചത് ജയില്ചട്ടത്തിന്റെ ലംഘനമാണ്. അതിനാല്‍ ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം തേടാമെന്ന് ഇഡിക്ക് നിയമോപദേശം ലഭിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ഇ ഡി അതിന് തുനിയുമെന്നാണ് കരുതുന്നത്.
വ്യാജശബ്ദരേഖക്കേസില് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹിക്കും പങ്കുണ്ടെന്നാണ് വിവരം. ശിവശങ്കറിനെതിരെയും അന്വേഷണം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: