പാലക്കാട്: മലമ്പുഴ ചെറാട് കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കും. വനമേഖലയില്‍ അനുമതിയില്ലാതെ അതിക്രമിച്ച് കയറിയതിനാണ് കേസെടുക്കുക. കേരളാ ഫോറസ്റ്റ് ആക്ട് സെക്ഷന്‍ 27 പ്രകാരമാണ് കേസെടുക്കുക. ഒരു വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. കേസെടുക്കുന്നതിന് മുന്നോടിയായി വാളയാര്‍ സെക്ഷന്‍ ഓഫീസര്‍ ബാബുവിനെ കണ്ട് മൊഴിയെടുക്കും. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് എതിരെ കേസെടുക്കുന്നത് ബാബുവിന്റെ മൊഴിയെടുത്ത ശേഷം തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അതേസമയം, മലമ്പുഴ കുറുമ്പാച്ചി മലയില്‍ അകപ്പെടുകയും ആശങ്കകള്‍ നീണ്ട മണിക്കൂറുകള്‍ക്ക് ശേഷം സൈന്യം രക്ഷപ്പെടുത്തുകയും ചെയ്ത ബാബു ആരോഗ്യം വീണ്ടെടുക്കുകയാണ്. നിലവില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസിയുവില്‍ ചികില്‍സയില്‍ കഴിയുന്ന ബാബുവിനെ സന്ദര്‍ശിച്ച ശേഷം മാതാവ് റഷീദയും സഹോദരനുമാണ് ഇക്കാര്യം അറിയിച്ചത്. ബാബുവിനെ ഇന്ന് വാര്‍ഡിലേക്ക് മാറ്റുമെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിവരം. മലകയറി സമയത്ത് കാല് തട്ടിയാണ് അപകടമുണ്ടായത് എന്നാണ് ബാബു പറഞ്ഞതെന്നും മാതാവ് പ്രതികരിച്ചു. നിലവില്‍ ശരീര വേദനയും ക്ഷീണമാണുള്ളത്. മറ്റ് പ്രശ്നങ്ങളില്ലെങ്കില്‍ ഉടന്‍ ആശുപത്രിവിടുമെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിവരം. ലോകം മുഴുവന്‍ ബാബുവിനായി നല്കിയ പ്രാര്‍ത്ഥനയും ഉണര്‍ന്ന് പ്രവര്‍ത്തിച്ച അധികൃതരോടും നന്ദിയുണ്ടെന്നും മാതാവ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: