നോയിഡ: ഉത്തര്‍പ്രദേശില്‍ ഒന്നാംഘട്ട വോട്ടെടുപ്പിന് ഇന്ന് തുടക്കമാകുമ്പോള്‍ തുടര്‍ഭരണം മാത്രമാണ് ബിജെപിക്ക് മുന്നിലുള്ളത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസനത്തിന്റെ തേരോട്ടമാണ് ബിജെപി ജനങ്ങളോട് പങ്കുവെക്കുന്നത്.
അഞ്ചു വര്‍ഷം കൊണ്ട് യുപിയുടെ മുഖച്ഛായ മാറ്റുകയായിരുന്നു യോഗി സര്‍ക്കാര്‍. ഇക്കാലത്ത് നടപ്പാക്കിയ വികസനപ്രവൃത്തികള്‍, ജനക്ഷേമപദ്ധതികള്‍, തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ നവീകരണം എന്നിവയെല്ലാം ബിജെപി ജനങ്ങളോട് വിശദീകരിക്കുന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് അവഗണിക്കപ്പെട്ടിരുന്ന യുപിക്ക് യോഗി സര്‍ക്കാര്‍ പുതിയ ദിശാബോധം നല്‍കുകയായിരുന്നു. വിദൂരഗ്രാമങ്ങളില്‍ പോലും ഇന്ന് വികസനം എത്തുന്നു.
സംസ്ഥാനത്തെ കലാപരഹിതമാക്കുമെന്ന തെരഞ്ഞെടുപ്പ് വാദ്ഗാനം പാലിക്കാന്‍ ബിജെപിക്കായി. അക്രമങ്ങളും കുറ്റകൃത്യങ്ങളും കുറഞ്ഞു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും തെരുവുകളിലൂടെ സ്വതന്ത്രമായി നടക്കാം. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാരും സംസ്ഥാനത്തെ യോഗി സര്‍ക്കാരും ചേര്‍ന്നുള്ള ഡബിള്‍ എഞ്ചിന് സര്‍ക്കാരാണ് ബിജെപിയുടെ കരുത്ത്.
2019 മാര്‍ച്ച് 19 നാണ് ഉത്തര്‍പ്രദേശിന്റെ 22ാമത് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേറ്റത്. വിവിധ പദ്ധതികളിലൂടെ പാവപ്പെട്ടവര്‍ക്കായി നിര്‍മ്മിച്ച് നല്‍കിയത് 43 ലക്ഷം വീടുകളാണ്. 1.56 കോടി കുടുംബങ്ങള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന് നല്കി. യോഗി ഭരണത്തിലേറുമ്പോള്‍ ഉണ്ടായിരുന്നത് രണ്ട് എക്സ്പ്രസ്വേകള്‍ മാത്രമായിരുന്നെങ്കില്‍ ഇന്ന് ആറ് എക്സ്പ്രസ്വേകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. രണ്ട് വിമാനത്താവളങ്ങള്‍ ഇന്ന് ഒന്‍പതായി ഉയര്‍ന്നു. അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണവും കാശിവിശ്വനാഥ ധാമും വാരാണസിയില്‍ നടക്കുന്ന നവീകരണപ്രവര്‍ത്തനങ്ങളും വികസനത്തിന്റെ നേര്കാഴ്ചകളായി മാറുന്നു.
കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിന്റെ അപ്നാദള്‍, സഞ്ജയ് നിഷാദിന്റെ നിഷാദ് പാര്‍ട്ടി എന്നിവരുമായുള്ള സഖ്യമായാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് എന്നിവയാണ് ബിജെപിയുടെ എതിരാളികള്‍. 403 നിയമസഭാ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ 312 സീറ്റുകളിലാണ് 2017ല്‍ ബിജെപി വിജയിച്ചത്. 47 സീറ്റ് എസ്പിക്കും 19 സീറ്റ് ബിഎസ്പിക്കും കോണ്‍ഗ്രസിന് ഏഴ് സീറ്റും അപ്നാദളിനും മറ്റുപാര്‍ട്ടികള്‍ക്കും ഒന്‍പത് വീതം സീറ്റുകളുമാണ് ലഭിച്ചത്.
മുന്‍മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവ് നയിക്കുന്ന എസ്പിയും മായാവതി നയിക്കുന്ന ബിഎസ്പിയും ബിജെപിയെക്കാള്‍ ബഹുദൂരം പിന്നിലാണ്. പ്രിയങ്ക വാദ്രയാണ് കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് നേതൃത്വം നല്കുന്നതെങ്കിലും കഴിഞ്ഞ തവണ കിട്ടിയ ഏഴു സീറ്റുപോലും നിലനിര്‍ത്താനാവില്ലെന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസ്.
കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെയും കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ നേരിട്ടെത്തിയും യുപിയില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.
അഖിലേഷ് യാദവിന്റെ സഹോദര ഭാര്യ അപര്‍ണ യാദവ്, മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്.പി.എന്‍. സിങ് തുടങ്ങി എസ്പിയുടെയും ബിഎസ്പിയുടെയും കോണ്‍ഗ്രസിന്റെയും പ്രമുഖരായ നേതാക്കളെല്ലാം ബിജെപിയില്‍ ചേര്‍ന്നതും ബിജെപിക്ക് കൂടുതല്‍ കരുത്തുപകരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: