ന്യൂദല്‍ഹി: മോദി വിരുദ്ധ വാര്‍ത്താമാധ്യമങ്ങളും കോണ്‍ഗ്രസുള്‍പ്പെടെയുള്ള ബിജെപി വിരുദ്ധ രാഷ്‌ട്രീയ പാര്‍ട്ടികളും അങ്കലാപ്പിലാണ്. അരവിന്ദ് കെജ് രിവാള്‍ മോദി വിമര്‍ശനം പാടെ നിര്‍ത്തിയിരിക്കുന്നു. ഒരു കാലത്ത് മോദിയുടെ കടുത്ത വിമര്‍ശകനായിരുന്ന അരവിന്ദ് കെജ് രിവാള്‍ പ്രധാനമന്ത്രിയ്‌ക്ക് ചാര്‍ത്തി നല്‍കിയ മോശം വിശേഷണങ്ങള്‍ നിരവധിയായിരുന്നു. അതില്‍ സൈക്കോപത്, കവാഡ് (ഭീരു) എന്നീ വിശേഷണങ്ങളുടെ പേരില്‍ കെജ് രിവാള്‍ കോടതി കയറുകയും ദല്‍ഹി കോടതിയുടെ ശാസന കേള്‍ക്കേണ്ടിയും വന്നു.
എന്നാല്‍ ഇപ്പോള്‍ യുപി ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അരവിന്ദ് കെജ് രിവാള്‍ തെരഞ്ഞെടുപ്പ് വേദികളിലോ, ട്വീറ്റുകളിലോ പ്രധാനമന്ത്രി മോദിയെ വിമര്‍ശിക്കുന്നതേയില്ല. കെജ് രിവാള്‍ ഇതുവരെ നടത്തിയ 38 പ്രസംഗങ്ങളിലും മോദിയെക്കുറിച്ച് ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല. എന്തിന് മോദി എന്ന് തന്നെ ഉച്ചരിച്ചിട്ടില്ല. രണ്ട് വാര്‍ത്തസമ്മേളനങ്ങളില്‍ മോദിയെക്കുറിച്ച് പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുമ്പോള്‍ മാത്രമാണ് മോദി എന്ന വാക്ക് കെജ് രിവാള്‍ ഉച്ചരിച്ചത്.
കെജ് രിവാളിന്റെ ഈ മാറ്റം കമ്മ്യൂണിസ്റ്റ്-ലിബറലുകള്‍ക്കും മോദി വിരുദ്ധ മാധ്യമങ്ങള്‍ക്കും ദഹിക്കുന്നില്ല. ഈ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് മാത്രമല്ല, കഴിഞ്ഞ 32 മാസങ്ങളായി കെജ് രിവാള്‍ മോദിയെക്കുറിച്ച് ഒന്നും മിണ്ടിയിട്ടില്ലെന്നതാണ് വസ്തുത. എന്തിന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ 2020ലും 2021ലും നടത്തിയ പ്രസംഗങ്ങളിലും കെജ് രിവാള്‍ മോദി എന്നോ പ്രധാനമന്ത്രി എന്നോ ഉള്ള വാക്കുകള്‍ ഉപയോഗിച്ചിട്ടില്ലത്രെ. അതേ സമയം കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ആം ആദ്മി പാര്‍ട്ടി പാര്‍ലമെന്‍റിന് അകത്തും പുറത്തും വന്‍പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നപ്പോഴാണിതെന്ന് ഓര്‍ക്കണം.
ദല്‍ഹിയില്‍ ലഫ്. ഗവര്‍ണറെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്ന ബില്‍ 2021 മാര്‍ച്ചില്‍ പാര്‍ലമെന്‍റ് പാസാക്കിയപ്പോള്‍ അതിനെതിരെ ആം ആദ്മി നടത്തിയ പ്രതിഷേധത്തില്‍ പ്രസംഗിച്ചപ്പോഴും മോദി എന്നോ പ്രധാനമന്ത്രി എന്നോ കെജ് രിവാള്‍ ഉപയോഗിച്ചില്ല. രണ്ടാം കോവിഡ് തരംഗത്തില്‍ ദല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം അനുഭവിക്കുമ്പോള്‍ നടത്തിയ അഞ്ച് പ്രസംഗങ്ങള്‍ (2021 ഏപ്രില്‍ 18 മുതല്‍ ഏപ്രില്‍ 26 വരെ) കെജ് രിവാള്‍ നടത്തിയിരുന്നു. ഇതില്‍ ഒന്നില്‍ പോലും മോദി പരാമര്‍ശമില്ല.
2020, 20201, 2022 കാലഘട്ടങ്ങളില്‍ കെജ് രിവാള്‍ നടത്തിയ 45 പ്രസംഗങ്ങള്‍ ഈയിടെ മാധ്യമങ്ങള്‍ വിലയിരുത്തുകയുണ്ടായി. ഇതിലൊന്നിലും മോദി എന്ന വാക്കേയില്ലത്രെ. ഇതേ സ്വഭാവം തന്നെ കെജ് രിവാളിന്റെ ട്വീറ്റുകളിലുമുണ്ട്. 2020, 2021, 2022 ല്‍ നടത്തിയ ട്വീറ്റുകളിലൊന്നിലും മോദി പരാമര്‍ശമില്ല. ഒന്നിലൊഴികെ. അത് 2021ല്‍ മോദിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ആശംസകള്‍ നേരുമ്പോള്‍ മാത്രമാണ് കെജ്രി വാള്‍ മോദി എന്ന വാക്ക് ഉപയോഗിച്ചത്. ‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിയ്‌ക്ക് ജന്മദിനാശംസകള്‍’ എന്നായിരുന്നു ഈ ട്വീറ്റ്.
എന്നുമുതലാണ് ഇദ്ദേഹം മോദി വിമര്‍ശനവും മോദി പരാമര്‍ശവും നിര്‍ത്തിയത് എന്ന അന്വേഷണം ചെന്നെത്തി നില്‍ക്കുന്നത് കൃത്യമായ ഒരു തീയതിയിലാണ്. അത് മെയ് 23,2019ലാണ്. അന്നാണ് മോദി സര്‍ക്കാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി രണ്ടാമത് വീണ്ടും അധികാരത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: