കോട്ടയം: വാവാ സുരേഷിന് വേണ്ടി ഫോറസ്റ്റിനെ തള്ളിപ്പറഞ്ഞ് മന്ത്രി വി.എന്‍. വാസവന്. വാവാ സുരേഷിന് പാമ്പ് പിടിക്കണമെങ്കില്‍ വനം വകുപ്പ് നല്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് നേടണമെന്ന് കഴിഞ്ഞ ദിവസം വനം വകുപ്പ് തിട്ടൂരമിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി വാസവന്റെ ഈ പ്രതികരണം. എന്തായാലും ഇടതുഭരണത്തില്‍ വാവ സുരേഷിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമായ രണ്ട് വിഭാഗമുണ്ട്.
വാവാ സുരേഷിനെ വിളിക്കരുതെന്ന് പറയുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹത്തോട് കുശുമ്പാണെന്നും മന്ത്രി പറഞ്ഞു. ‘ഫോറസ്റ്റുകാര് പലപ്പോഴും പറയുന്ന സമയത്ത് വരാറില്ല. വന്നാല്‍ തന്നെ കൃത്യമായി വനത്തില്‍ കൊണ്ടുപോകുമെന്നതിന് എന്താണ് ഉറപ്പ്’- മന്ത്രി ചോദിച്ചു.
വാവാ സുരേഷ് ആശുപത്രിയിലായിരുന്ന സമയത്ത് ആയിരക്കണക്കിന് ഫോണ്‍ കോളുകളാണ് എനിക്ക് വന്നത്. അദ്ദേഹത്തെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വലിയൊരു ആരാധകവൃന്ദമുണ്ട്. അദ്ദേഹത്തെ പാമ്പ് പിടിക്കാന്‍ വിളിക്കരുതെന്ന് പറയുന്നത് അദ്ദേഹത്തിന്റെ പ്രശസ്തിയെ ഇഷ്ടപ്പെടാത്തവര്‍ പറയുന്ന വര്‍ത്തമാനമായി കണ്ടാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.
വാവാ സുരേഷ് മൃഗസ്നേഹിയും മനുഷ്യസ്നേഹിയുമാണ്. പാമ്പിനെ അതിഥി എന്നാണ് സുരേഷ് വിളിക്കുന്നത്. പിടിക്കുന്ന പാമ്പുകളെ അദ്ദേഹം വനത്തില്‍ കൊണ്ടുപോയി വിടാറുമുണ്ട്. പ്രകൃതി സ്നേഹി കൂടിയാണ് വാവ സുരേഷ്- മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: