തിരുവനന്തപുരം : എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ മാധ്യമങ്ങള്‍ക്ക് മുമ്പാകെ വെളിപ്പെടുത്തലുകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. എന്നാല്‍ തനിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും അതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്നും സ്വപ്ന ഇഡിയെ അറിയിക്കുകയായിരുന്നു.
ജയിലില്‍ കഴിയവേ മുഖ്യമന്ത്രിയെ കുടുക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന വിധത്തില്‍ ശിവശങ്കര്‍ തന്നെക്കൊണ്ട് ഓഡിയോ റെക്കോര്‍ഡ് ചെയ്യിപ്പിച്ചെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിലാണ് അന്വേഷണം. കസ്റ്റഡിയില്‍ ഇരിക്കേ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടത് സംബന്ധിച്ച് വിശദാംശങ്ങള്‍ ചോദിച്ചറിയുന്നതിനായി ബുധനാഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്.
മെയിലിന്റെ സാങ്കേതിക പ്രശ്നങ്ങള്‍ മൂലം തനിക്ക് നോട്ടീസ് ഇപ്പോള്‍ ലഭിച്ചിട്ടില്ല. ചോദ്യം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ ഹാജരായി സത്യസന്ധമായി എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുമെന്നാണ് സ്വപ്ന വിഷയത്തില്‍ ആദ്യം മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ ഇപ്പോള്‍ തനിക്ക് ആരോഗ്യ കാരണങ്ങളാല്‍ ഹാജരാകാന്‍ സാധിക്കില്ല. ഈ മാസം 15ന് ഇഡി മുമ്പാകെ ഹാജരാകാമെന്നും സ്വപ്ന അറിയിക്കുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റേയും സംസ്ഥാന സര്‍ക്കാരിലെ ഉന്നതരുടെയും പേരുകള്‍ പറയാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തി എന്നായിരുന്നു പുറത്തുവന്ന സ്വപ്നയുടെ ശബ്ദരേഖയിലെ വിശദാംശങ്ങള്‍. ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരം ജയിലിലെ വനിതാ പോലീസ് ഉദ്യോഗസ്ഥയാണ് ശബ്ദ സന്ദേശം റെക്കോര്‍ഡ് ചെയ്തത്. അവര്‍ പറഞ്ഞു തന്നത് തന്നെ താന്‍ ആവര്‍ത്തിക്കുകയായിരുന്നുവെന്നും സ്വപ്ന മാധ്യങ്ങള്‍ക്ക് മുമ്പാകെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ശബ്ദരേഖ പുറത്തുവന്നതോടെ സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സിംഗിള്‍ ബെഞ്ച് ഇത് തടഞ്ഞെങ്കിലും സര്‍ക്കാര്‍ നല്കിയ അപ്പീല്‍ നിലവില്‍ ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: