ഇടുക്കി: വണ്ടിപ്പെരിയാറിലെ ബാലികയുടെ കൊലപാതക കേസില്‍ പോലീസിനെ പ്രതികൂട്ടിലാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം ചുമത്തുന്നത് സംബന്ധിച്ച് കളക്ടറും എംഎല്‍എയും നല്കിയ കത്തുകളും പോലീസ് അവഗണിച്ചു. കുടുംബം നീതി തേടി പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങിയത് മുപ്പത് തവണ. ജൂണ്‍ 30നാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അര്‍ജുന്‍(22) പീഡിച്ചിച്ചശേഷം ആറുവയസുകാരിയെ കെട്ടിത്തൂക്കികൊന്നത്.
ആറുവയസുകാരിയുടെ മരണശേഷം മാനസികമായും സാമ്പത്തികമായും തകര്‍ന്ന കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കളക്ടറെ സമീപിച്ചു. കളക്ടര്‍ ഇവരുടെ പരാതി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് കൈമാറി. ഇതരമതസ്ഥനാല്‍ പട്ടികജാതി പെണ്‍ക്കുട്ടി കൊല്ലപ്പെട്ടാല്‍ ചുമത്തേണ്ടിയിരുന്ന നിയമം ഒഴിവാക്കി പോലീസ് കേസെടുത്തതിനാല്‍ ധനസഹായം അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. അപ്പോഴാണ് വീഴ്‌ച്ച കുടുംബത്തിന് മനസിലായത്.
പട്ടികജാതി- പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൂടി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പീരുമേട് ഡിവൈഎസ്പിയെ കണ്ടു. പരാതി വണ്ടിപ്പെരിയാര്‍ സിഐക്ക് കൈമാറി. വണ്ടിപ്പെരിയാര്‍ സിഐ ആവശ്യപ്പെട്ടതനുസരിച്ച് ഡിസംബര്‍ 13ന് തന്നെ വില്ലേജ് ഓഫീസര്‍ ഇക്കാര്യത്തില്‍ സാക്ഷ്യപത്രം നല്കി.
എന്നാല്‍ രണ്ട് മാസമാകുമ്പോഴും തങ്ങളുടെ തെറ്റ് തിരുത്താന്‍ പോലീസ് തയാറായിട്ടില്ല. കുടുംബത്തിന്റെ ആവശ്യമറിയിച്ച് വാഴൂര്‍ സോമന്‍ എംഎല്‍എ നല്കിയ കത്തും അവഗണിച്ചു. ഇപ്പോഴും തെറ്റുപറ്റിയിട്ടില്ലെന്നാണ് പോലീസിന്റെ വാദം. ഒടുവില്‍ പണം കടംവാങ്ങി ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. ഇത് പരിഗണികവെയാണ് നിര്‍ണായക വകുപ്പ് ഇടാത്തതിനെതിരെ കോടതിയും പോലീസിനെ വിമര്‍ശിച്ചത്.
എന്നാല്‍ പോലീസിന്റെ വാദം തങ്ങള്‍ക്ക് തെറ്റില്ലെന്നാണ് അര്‍ജുനും കുടുംബവും ഇത്രയും കാലം ജീവിച്ചത് പട്ടികജാതി(ഹിന്ദു പറയ സമുദായം)യെന്ന പേരിലാണ്. അവരുടെ എല്ലാ സര്‍ട്ടിഫിക്കറ്റും അത്തരത്തിലാണെന്നും വണ്ടിപ്പെരിയാര്‍ പോലീസ് പറയുന്നു. ഇതെല്ലാംവച്ചുകൊണ്ട് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കും. വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് പ്രകാരം ക്രൈസ്തവ വിശ്വാസികളാണ് അര്‍ജുന്റെ കുടുംബം.
പിന്നീട് കോടതി തീരുമാനിക്കുന്നത് പോലെ നീങ്ങാനാണ് പോലീസിന്റെ ശ്രമം. സര്‍ക്കാരിന് തന്നെ ഏറെ നാണക്കേടായ വിഷയത്തില്‍ മുഖ്യമന്ത്രി കുടുംബത്തെ ഫോണില്‍ വിളിച്ച് സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് അറിയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ തന്നെ പോലീസ് കുടുംബത്തോടെ കാണിക്കുന്നത് നീതീകരിക്കാനാകാത്ത അവഗണനയായിട്ടും ഉന്നത തല ഇടപെടല്‍ വൈകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: