ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്. ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഉത്തരാഖണ്ഡിനെ ഹിന്ദുക്കളുടെ അന്താരാഷ്ട്ര ആത്മീയ തലസ്ഥാനമാക്കി മാറ്റുമെന്നും കെജ്രിവാള് പറഞ്ഞു. ഹരിദ്വാറില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
ആത്മീയ തലസ്ഥാനമായി മാറുന്നതോടെ സംസ്ഥാനത്തെ അനേകം യുവാക്കള്‍ക്കു തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നും ടൂറിസം രംഗത്ത് വളര്‍ച്ചയുണ്ടാകുമെന്നും കെജ്രിവാള് വ്യക്തമാക്കി. രാജ്യത്തെ പ്രധാന ആരാധനാ കേന്ദ്രങ്ങളിലേക്കുള്ള തീര്‍ത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അയോധ്യയിലേക്കും അജ്മീറിലേക്കും കര്‍താര്‍പുര്‍ ഗുരുദ്വാരയിലേക്കും സൗജന്യ തീര്‍ത്ഥയാത്ര അനുവദിക്കും. ഡല്‍ഹിയില്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നിട്ടുള്ള മുഖ്യമന്ത്രി തീര്‍ത്ഥയാത്ര യോജനയിലൂടെ 40,000-ഓളം പേര്‍ക്ക് രാജ്യത്തെ വിവിധ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞതായും കെജ്രിവാള് കൂട്ടിച്ചേര്‍ത്തു.
ഇതിനുപുറമെ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ അഴിമതി അവസാനിപ്പിക്കുമെന്നും എല്ലാവര്ക്കും സൗജന്യമായ വിദ്യാഭ്യാസവും ചികിത്സയും നല്‍കുമെന്നും കെജ്രിവാള് പ്രഖ്യാപനത്തിനിടെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: