കൊച്ചി: ജമാഅത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്ണിന്റെ സംപ്രേഷണാനുമതി തടഞ്ഞ കേസില്‍ ഹൈക്കോടതി ഇന്നു രാവിലെ വിധി പറയും. കോടതി ആവശ്യപ്പെട്ട, വിലക്കുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിന്റെ മുഴുവന്‍ ഫയലുകളും കേന്ദ്ര സര്‍ക്കാരിന്റെ അസി. സോളിസിറ്റര്‍ ജനറല്‍ എസ്. മനു കോടതിക്ക് കൈമാറി. മുദ്ര വച്ച കവറില്‍ നല്‍കിയത് രഹസ്യരേഖകളായതിനാല്‍ അവ മീഡിയ വണ്ണിന്റെ അഭിഭാഷകന് കൈമാറാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തലുകള്‍ ചാനലിനല്ല അതു നടത്തുന്ന കമ്പനിക്ക് തന്നെ എതിരാണെന്ന് അസി. സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. ഈ സമയത്താണ് ഫയലുകള്‍ പരിശോധിച്ച് ഇന്ന് വിധി പറയുമെന്നും അതുവരെ ഒരു ദിവസത്തേക്ക് വിലക്കിനുള്ള സ്റ്റേ നീട്ടുകയാണെന്നും ജസ്റ്റിസ് എന്‍. നഗരേഷ് പറഞ്ഞു.
മാധ്യമസ്വാതന്ത്ര്യമെന്നത് കടഞ്ഞാണില്ലാത്ത ഒന്നല്ലെന്നും സുരക്ഷാ കാര്യങ്ങള്‍ പരിഗണിച്ച് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധിക്കുമെന്നും അസി. സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. ഒരിക്കല്‍ ആഭ്യന്തര മന്ത്രാലയം അനുമതി നല്കിയെന്നതിനാല് വീണ്ടും ഇക്കാര്യം പുനപരിശോധിക്കരുതെന്നൊന്നുമില്ല. സംപ്രേഷണാനുമതി അപേക്ഷകളില്‍ ആഭ്യന്തര മന്ത്രാലയം പത്തു വര്‍ഷത്തേക്കാണ് അനുമതി നല്‍കുന്നത്. പത്തു വര്‍ഷം കഴിഞ്ഞ് സ്ഥിതിഗതികള്‍ മാറാം.
പത്തു വര്‍ഷം കഴിഞ്ഞ്, അനുമതി പുതുക്കാനും പുതിയ ലൈസന്‍സ് നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ തന്നെയാണ് പാലിക്കേണ്ടത്, അദ്ദേഹം പറഞ്ഞു. 2010 മുതല്‍ 2020 വരെ തങ്ങള്‍ പ്രവര്‍ത്തിച്ചു, ഒരു പരാതിയും ഉണ്ടായില്ലെന്ന മീഡിയ വണ്ണിന്റെ വാദത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: