ഡെറാഡൂണ്‍: ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ ഉത്തരാഖണ്ഡിനെ ഹിന്ദു മതവിശ്വാസികളുടെ അന്താരാഷ്ട്ര ആത്മീയ തലസ്ഥാനമാക്കി മാറ്റുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉത്തരാഖണ്ഡില്‍ എത്തിയ അദ്ദേഹം ഹരിദ്വാറില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ആത്മീയ തലസ്ഥാനമാക്കുന്നതോടെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നും ടൂറിസം വളരുമെന്നും കെജ്രിവാള് വ്യക്തമാക്കി. രാജ്യത്തെ പ്രധാന മതകേന്ദ്രങ്ങളിലേക്കുള്ള തീര്‍ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അയോധ്യയിലേക്കും അജ്മീറിലേക്കും കര്‍താര്‍പുര്‍ ഗുരുദ്വാരയിലേക്കും സൗജന്യ തീര്‍ത്ഥയാത്ര അനുവദിക്കും. ഡല്‍ഹിയിലെ മുഖ്യമന്ത്രി തീര്‍ത്ഥയാത്ര യോജനയിലൂടെ 40,000-ഓളം പേര്‍ക്ക് രാജ്യത്തെ വിവിധ ആരാധനലായങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കെജ്രിവാള് കൂട്ടിച്ചേര്‍ത്തു. നിയസമഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു മാസമായി ഉത്തരാഖണ്ഡില്‍ കെജ്രിവാള് ഇടയ്ക്കിടയ്ക്ക് സന്ദര്‍ശനം നടത്തുന്നുണ്ട്. ഫെബ്രുവരി 14-നാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ്. മാര്‍ച്ച് പത്തിന് ഫലം പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: