യൗന്ഡെ: മരണക്കളിയായിരുന്നു കാമറൂണില്‍. ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് എന്ത് വില കൊടുത്തും നേടാന്‍ സെനഗല്‍, ആധിപത്യം നിലനിര്‍ത്താന്‍ ഈജിപ്ത്. കുഞ്ഞനല്ല കരുത്തനാണെന്ന് തെളിയിക്കേണ്ടത് അനിവാര്യതയായിരുന്നു സെനഗലിന്. ഒടുവില്‍ 60 വര്‍ഷത്തെ കാത്തിരിപ്പിന് അറുതി വരുത്തി സാദിയോ മാനെ ആ പന്ത് വലയിലെത്തിക്കുമ്പോള്‍ ഒരു രാജ്യം ഒന്നടങ്കം അഭിമാനത്തിന്റെ കൊടുമുടി കയറി. ഷൂട്ടൗട്ടിലെ വിജയം രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക്.
എട്ടാം കിരീടമായിരുന്നു ഈജിപ്തിന്റെ ലക്ഷ്യം. നിശ്ചിത സമയത്ത് ഇരു ടീമിനും ഗോളുകള്‍ നേടാനായില്ല. ഇതോടെയാണ് ഷൂട്ടൗട്ടിലേക്ക് കളി നീങ്ങിയത്. ഷൂട്ടൗട്ടില്‍ മികച്ച റെക്കോഡാണ് ഈജിപ്തിനുള്ളത്. ഇതിന് മുമ്പ് രണ്ട് കിരീടങ്ങള്‍ നേടിയത് ഷൂട്ടൗട്ടിലൂടെ. മറുവശത്ത് മൂന്നാം തവണയാണ് സെനഗല്‍ ഫൈനലിലെത്തിയത്. രണ്ട് തവണയും തോറ്റു. ഒരിക്കല്‍ തോറ്റത് ഷൂട്ടൗട്ടിലൂടെയാണെന്നത് സെനഗലിന്റെ ചങ്കിടിപ്പ് കൂട്ടിയിരുന്നു. അറുപത് വര്‍ഷത്തെ കാത്തിരിപ്പ് അഞ്ച് ഷോട്ടുകള്ക്കപ്പുറം അവസാനിപ്പിക്കാം.
ആദ്യം ഷോട്ടെടുക്കാനെത്തിയ സെനഗല്‍ താരം കൗലിബാലി കൃത്യമായി വലയിലെത്തിച്ച് ലീഡ് നല്കി. സൂപ്പര്‍ താരം സിസോ ഈജിപ്തിനെ ഒപ്പമെത്തിച്ചു. ഡിയാലോയും സ്കോര്‍ ചെയ്തതോടെ സെനഗലിന് ലീഡ്. എന്നാല്‍ അബ്ഡല്മോനമിന് പിഴച്ചതോടെ ഈജിപ്തിന് ഒപ്പമെത്താനുള്ള അവസരം നഷ്ടമായി. വഴിത്തിരിവാകുമെന്ന് പ്രതീക്ഷിച്ച ലീഡ് നഷ്ടപ്പെടുത്തി സെനഗല്‍ താരം സാര്‍ അവസരം നഷ്ടപ്പെടുത്തി. മറുവശത്ത് ഹാംദി ഗോള്‍ നേടിയതോടെ ഈജിപ്ത് ഒപ്പമെത്തി. ഡീയിങ്ങിലൂടെ സെനഗലിന് വീണ്ടും ലീഡ്. ലഷീന് പിഴച്ചതോടെ സെനഗലിന് നിര്‍ണായക ലീഡ് പിടിവള്ളിയായി. സാദിയോ മാനെ ഗോള്‍ നേടി സെനഗലിന് ചരിത്ര വിജയം സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: