തിരുവനന്തപുരം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വാവ സുരേഷ് ഇന്ന് ആശുപത്രി വിടും. അതീവ ഗുരുതരാവസ്ഥയിലായിരുന്ന വാവ സുരേഷ് പൂര്‍ണ ആരോഗ്യവാനായി ഏഴാം ദിവസമാണ് വീട്ടിലേക്ക് മടങ്ങുന്നത്. നിലവില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ല. കടിയേറ്റിടത്തെ മുറിവ് ഉണങ്ങാനുള്ള ആന്റി ബയോട്ടിക്കുകള്‍ മാത്രമാണ് ഉപയോഗിക്കുന്നത്.
മുന്‍കരുതല്‍ സ്വീകരിച്ച് മാത്രമേ ഇനി പാമ്പുകളെ പിടിക്കൂയെന്ന് വാവ സുരേഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു, കോട്ടയം മെഡിക്കല്‍ കോളേജില്‍ തന്നെ സന്ദര്‍ശിച്ച മന്ത്രി വിഎന്‍ വാസവനോടാണ് സുരേഷ് ഇക്കാര്യം ഉറപ്പുനല്‍കിയത്. ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ ശേഷം കുറച്ചുകാലം വിശ്രമജീവിതമായിരിക്കുമെന്നും സുരേഷ് പറഞ്ഞതായി മന്ത്രി അറിയിച്ചിരുന്നു. മൂന്ന് ദിവസത്തിലേറെയായി ഒരു നാടിനെയാകെ ഭീതിയിലാഴ്ത്തിയെ മൂര്‍ഖനെ പിടികൂടാനായിരുന്നു ജനുവരി 31ന് വാവാ സുരേഷ് കോട്ടയം കുറിച്ചിയില്‍ എത്തിയത്.പാമ്പിനെ പിടികൂടി ചാക്കില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പാമ്പിന്റെ കടിയേറ്റത്.
സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം 20% മാത്രമായിരുന്നു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇവിടെ എത്തിയപ്പോള്‍ നില അതീവ ഗുരുതരമായിരുന്നു. ആറു ഡോക്ടര്‍മാര്‍ അടങ്ങിയ വിദഗ്ധ സംഘമാണ് സുരേഷിനെ പരിചരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: