മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ (93) വിട പറഞ്ഞു. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം.കോവിഡ് പിടിപെട്ടതിനെത്തുടര്‍ന്ന് ജനുവരി എട്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ത്യയിലെ ഏറ്റവും മികച്ച ഗായകരിലൊരാളായ ലതാ മങ്കേഷ്‌കര്‍ ആയിരത്തിലധികം ബോളിവുഡ് സിനിമകളില്‍ പിന്നണി ഗായികയായി. വിദേശഭാഷകളിലുള്‍പ്പെടെ 36 ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചു. 30,000 ത്തിലേറെ ഗാനങ്ങള്‍ പാടി.മികച്ച ഗായികയ്‌ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്നുവട്ടം നേടി
ഭാരതരത്‌നം, പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ലീജിയന്‍ ഓഫ് ഓണര്‍ തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
1929 സെപ്റ്റംബര്‍ 28 നാണ് മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ലതയുടെ ജനനം. പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കര്‍, ഷേവന്തി മങ്കേഷ്‌കര്‍ എന്നിവരാണ് മാതാപിതാക്കള്‍. മറാത്തി നാടകരംഗത്ത് അറിയപ്പെടുന്ന കലാകാരനായിരുന്നു ദീനനാഥ് മങ്കേഷ്‌കര്‍. സംഗീത സംവിധായകന്‍ ഹൃദയനാഥ് മങ്കേഷ്‌കര്‍, ഗായികകയും സംഗീതസംവിധായികയുമായ മീന ഖാദികര്‍, ഗായിക ഉഷാ മങ്കേഷ്‌കര്‍, ഗായിക ആഷാ ഭോസ്‌ലേ എന്നിവരാണ് സഹോദരങ്ങള്‍.
കിതി ഹസാല്‍ എന്ന മറാത്തി സിനിമയ്‌ക്ക് വേണ്ടിയായിരുന്നു ലത ആദ്യമായി ഗാനമാലപിച്ചത്. 1945 ല്‍ ജന്മനാടായ ഇന്‍ഡോറില്‍ നിന്ന് ലത മുംബൈയിലേക്ക് താമസം മാറി. തുടര്‍ന്ന് ഹിന്ദുസ്ഥാനി സംഗീതാഭ്യസനം ആരംഭിച്ചു. ഉസ്താദ് അമാന്‍ അലി ഖാനായിരുന്നു ഗുരു. മഹല്‍, ബര്‍സാത്, ബൈജു ബാവ് ര, മീന ബസാര്‍, ആധി രാത്, ഛോട്ടി ഭാഭി, അഫ്‌സാന തുടങ്ങി നിരവധി ആദ്യകാല ചിത്രങ്ങള്‍ക്ക് ലതയുടെ ഗാനങ്ങള്‍ വിജയത്തിളക്കമേകി.
നാല് സിനിമകള്‍ ലത നിര്‍മിച്ചിട്ടുണ്ട്. ഒരു മറാത്തി സിനിമയും മൂന്ന് ഹിന്ദി ചിത്രങ്ങളുമായിരുന്നു അവ. എം.എസ്. സുബ്ബലക്ഷ്മിയ്‌ക്ക് ശേഷം ഭാരതരത്‌നം ലഭിക്കുന്ന സംഗീതജ്ഞയാണ് ലത.ഏഴ് പതിറ്റാണ്ട് കാലം നിരവധി തലമുറകളെ അവര്‍ തന്റെ മാസ്മര ശബ്ദത്തിലൂടെ ആനന്ദിപ്പിച്ചു. മധുബാല മുതല്‍ ദീപിക പദുകോണ്‍ വരെയുള്ളവര്‍ക്ക് വേണ്ടി പാടിയ ലതാ മങ്കേഷ്‌കറാണ് ലോകത്ത് ഏറ്റവുമധികം ഗാനങ്ങള്‍ ആലപിച്ച ഗായിക.
















