അമേരിക്കയും ഓസ്ട്രേലിയയും ഇന്ത്യയും ചേര്‍ന്ന് ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നു എന്നു പറഞ്ഞു നടക്കുന്ന കമ്യൂണിസ്റ്റുകാര്‍ക്കും ചൈനാ പ്രേമം വഴിഞ്ഞൊഴുകുന്ന രാഹുല്‍ ഗാന്ധിയെപ്പോലുള്ള കോണ്‍ഗ്രസുകാര്‍ക്കും പാടി നടക്കാന്‍ ഒരു വിഷയം കൂടി. ബീജിങ്ങില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്സിലെ ഉദ്ഘാടന, സമാപന ചടങ്ങുകള്‍ ഇന്ത്യ ബഹിഷ്കരിക്കുന്നു. വ്യത്യസ്ത കാരണങ്ങളാല്‍ അമേരിക്കയും ഓസ്ര്ടേലിയയും ബ്രിട്ടനും കാനഡയും നേരത്തെ നയതന്ത്ര ബഹിഷ്കരണം പ്രഖ്യാപിച്ചിരുന്നു. അവര്‍ക്കൊപ്പം ഇന്ത്യയും.
ലോക കായികമാമാങ്കങ്ങള്‍ കായികതാരങ്ങളുടെ മാത്രമല്ല. വിജയങ്ങള്‍ ഒരു കളിക്കാരന്റെയോ ടീമിന്റേയോ അല്ല, രാജ്യത്തിന്റെ മൊത്തം വിജയമായായി കരുതപ്പെടും. കായികയിനത്തില്‍ പങ്കെടുക്കുന്ന രാജ്യത്തിന്റെ പ്രതിനിധി സംഘത്തില്‍ അത്ലറ്റുകളാണ് ആകര്‍ഷണകേന്ദ്രമെങ്കിലും ഒട്ടേറെ നയതന്ത്ര ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. കായികസംഘടനകളുടേയും ഭരണസംവിധാനങ്ങളുടേയും പ്രതിനിധികളായി നിരവധി പേര് ഒരോ രാജ്യത്തേയും പ്രതിനിധീകരിച്ചെത്തും.
ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കമാന്‍ഡര്‍ ക്വി ഫബാവോയെ ദീപശിഖയേന്താന്‍ നിയോഗിച്ചതാണ് ഇന്ത്യയുടെ ബഹിഷ്കരണത്തിന് കാരണം. ഗാല്‍വാനില്‍ ഇന്ത്യയുമായുള്ള ഏറ്റുമുട്ടലില്‍ ചൈനീസ് സേനയെ നയിച്ചത് കേണല്‍ ക്വി ഫബാവോ ആയിരുന്നു. മുന്‍ ധാരണ തെറ്റിച്ച് ഇന്ത്യന്‍ സൈന്യത്തെ ആക്രമിക്കാന്‍ ഉത്തരവിട്ടതും, കേണല്‍ സന്തോഷ് ബാബു ഉള്‍പ്പെടെ 20 സൈനികര്‍ വീരമൃത്യു വരിക്കാന്‍ കാരണക്കാരനായതും ഇയാളാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ബഹിഷ്കരണ കാരണത്തെ നിരാകരിക്കാന്‍ ചൈനീസ് മനസുമായി നടക്കുന്നവര്‍ക്കും കഴിയുന്നില്ല.
ശീതകാല ഒളിമ്പിക്സില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നയതന്ത്ര ബഹിഷ്കരണം നേരത്തെ പ്രഖ്യാപിച്ചിരുന്നു. മത്സരങ്ങളില്‍ കായികതാരങ്ങള്‍ പങ്കെടുക്കുമെങ്കിലും നയതന്ത്ര ബഹിഷ്കരണങ്ങളുടെ ഭാഗമായി ഒളിമ്പിക്സ് ഔദ്യോഗിക സംഘത്തെയും നയതന്ത്ര സംഘത്തെയും ചൈനയിലേക്ക് അയച്ചില്ല. ന്യൂനപക്ഷ മുസ്ലീങ്ങള്‍ക്ക് നേരെയുള്ള ക്രൂരമായ നടപടികളും വംശഹത്യയും കൂട്ടക്കൊലയും മറ്റ് മനുഷ്യാവകാശ ലംഘനങ്ങളും ചൈന തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇത് പിന്തുണയ്ക്കാനാവില്ലെന്നും ഇതിനെതിരെ ശക്തമായ സന്ദേശം നല്‍കുകയുമാണ് ബഹിഷ്കരണം കൊണ്ട് ലക്ഷ്യമിടുന്നതെന്നാണ് അമേരിക്ക പറയുന്നത്.
വംശീയവും മതപരവുമായ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വേണ്ടി ഉയ്ഗൂര്‍ മുസ്ലിം സമൂഹത്തെ ചൈന ലക്ഷ്യമിടുന്നതായി യുഎസ് ഒന്നിലധികം തവണ ആരോപിച്ചിരുന്നു. ന്യൂനപക്ഷ പീഡനത്തിന്റെ പേരിലുള്ള ബഹിഷ്കരണമായതിനാല്‍ അമേരിക്കയെ ശക്തമായി ആക്രമിക്കാനുംചൈനീസ് പക്ഷപാതികള്‍ക്ക് അല്‍പ്പം പ്രയാസമുണ്ട്. ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും ‘അമേരിക്കയും ബ്രിട്ടനും ഓസ്ട്രേലിയയും ഒളിമ്പിക്സ് വേദി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു’ എന്നുമായിരുന്നു ചൈന മറുപടിയായി പറഞ്ഞത്.
ലോക കായികമേളയില്‍ ബഹിഷ്കരണ രാഷ്ട്രീയം ആദ്യമല്ല. 1952 വരെയുള്ള ഒളിമ്പിക്സില്‍ റഷ്യ പങ്കെടുത്തിരുന്നില്ലെങ്കിലും ബഹിഷ്കരണം എന്നു പറയുക സാധ്യമല്ല. 1956 ലാണ് ആദ്യത്തെ ഒളിമ്പിക്സ് ബഹിഷ്കരണം. ഇസ്രായേലിന്റെ ഈജിപ്ത് അധിനിവേശത്തില്‍ പ്രതിഷേധിച്ച് ഈജിപ്ത്, ഇറാഖ്, ലബനന് രാജ്യങ്ങളും സോവിയറ്റ് യൂണിയന്റെ ബുഡാപെസ്റ്റിലേക്കുള്ള കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ച് നെതര്‍ലന്‍ഡ്സ്, സ്പെയ്ന്‍, സ്വിറ്റ്സര്‍ലന്‍ഡ് രാജ്യങ്ങളും മെല്‍ബണ്‍ ഒളിമ്പിക്സ് ബഹിഷ്കരിച്ചു. തങ്ങളുടെ നിരവധി കായികതാരങ്ങള്‍ അയോഗ്യരാക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ 1964ലെ ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുത്തിരുന്നില്ല. വര്‍ണവിവേചന നയം പിന്തുടരുന്ന ദക്ഷിണാഫ്രിക്കയെ ഈ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നില്ല
1976ലെ മോണ്ട്രിയല് ഗെയിംസ് 26 ആഫ്രിക്കന്‍ രാജ്യങ്ങളാണ് ബഹിഷ്കരിച്ചത്. ന്യൂസിലന്‍ഡിന്റെ റഗ്ബി ടീം ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയതിനാല്‍ ന്യൂസിലന്‍ഡിനെ ഒളിമ്പിക്സില്‍ നിന്ന് വിലക്കണമെന്നതായിരുന്നു ആഫ്രിക്കന്‍ രാഷ്ട്രങ്ങളുടെ ആവശ്യം 1980ലെ മോസ്കൊ ഒളിമ്പിക്സ് ബഹിഷ്കരിക്കാന്‍ പാശ്ചാത്യ രാജ്യങ്ങളില്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ സമ്മര്‍ദം ചെലുത്തി. തന്റെ ജനപ്രീതി വര്‍ധിപ്പിക്കുകയായിരുന്നു കാര്‍ട്ടറുടെ ലക്ഷ്യം. അഫ്ഗാനിസ്ഥാന് അധിനിവേശത്തിന്റെ പേരു പറഞ്ഞായിരുന്നു ബഹിഷ്കരണം. മോസ്കോ ഒളിമ്പിക്സ് ബഹിഷ്കരിച്ചതില്‍ പ്രതിഷേധിച്ച് 1984ലെ ലോസ് ആഞ്ചല്‍സ് ഗെയിംസില്‍ നിന്ന് സോവിയറ്റ് യൂണിയനും സഖ്യരാഷ്ട്രങ്ങളും വിട്ടുനിന്നു. 1932നുശേഷം ചൈന ആദ്യമായി വിശ്വ കായികമേളക്കെത്തിയതും ലോസ് ആഞ്ചല്‍സിലായിരുന്നു. 1984നു ശേഷം കാര്യമായ ബഹിഷ്കരണങ്ങള്‍ ഒളിമ്പിക്സില്‍ ഉണ്ടായിട്ടില്ല
ഇന്ത്യ മത്സരങ്ങള്‍ ബഹിഷ്കരിക്കുന്നില്ല. ഒരിനത്തില്‍ മാത്രമാണ് മത്സരിക്കുന്നത്. സ്കീയിങ്ങില്‍ (മഞ്ഞിന് മുകളിലൂടെ സഞ്ചരിക്കല്‍) കശ്മീരിയായ ആരിഫ് ഖാന്. പക്ഷേ, നയതന്ത്രതലത്തില്‍ ബഹിഷ്കരണം നല്കുന്ന സന്ദേശം വളരെ വലുതാണ്. അതിര്‍ത്തിയില്‍ ചൈന നടത്തുന്ന അരുതായ്മകളെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനുംരേഖപ്പെടുത്താനുമുള്ള അവസരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: