മണികണ്ഠന് കുറുപ്പത്ത്
അന്നമേകി, ആനന്ദം നല്കി ഓരോ നിമിഷവും ധന്യമാക്കുന്ന നീലജലാശയങ്ങളുണ്ട് ചിലരുടെ ജീവിതത്തില്‍. ഉപജീവനത്തിനായി, മനസ്സിലുദിച്ച മോഹങ്ങളുമായി ജലാശയത്തിലേക്ക് തുഴയെറിയുന്നവര്‍. എന്നെങ്കിലുമൊരിക്കല്‍ കരപറ്റുമെന്ന വിശ്വാസത്തിന്റെ തോണിയേറി പ്രതീക്ഷയാകുന്ന തുഴകൊണ്ട് ജലോപരിതലത്തില്‍ പളുങ്ക് മണികള്‍ ചിതറിക്കുന്നവര്‍. തൃശൂര്‍ അന്തിക്കാട് സ്വദേശി കിഷോര്‍കുമാറിന്റെ ജീവിത നേട്ടങ്ങള്‍ക്ക് കാരണവും ഇതുപോലൊരു ജലാശയവും അതിന്റെ പരിസരപ്രദേശങ്ങളുമാണ്.
ഉള്‍നാടന്‍ മത്സ്യത്തൊഴിലാളിയായും, വേദികളില്‍ സാക്സഫോണില്‍ നാദവിസ്മയം തീര്‍ത്തും ജീവിതത്തിന്റെ താളം ചിട്ടപ്പെടുത്തുകയാണ് കലാകാരനായ കിഷോര്‍കുമാര്‍. ചെത്തു തൊഴിലാളികളുടെ പോരാട്ടവീര്യത്താല്‍ പ്രശസ്തമായ തൃശൂര്‍ അന്തിക്കാട് ദേശത്ത് ജനിച്ച കിഷോര്‍ ഉപജീവനത്തിനായി വേഷങ്ങള്‍ മാറിമാറിയണിയുന്നു.
ഇരുപത്തിരണ്ട് വര്‍ഷമായി മത്സ്യബന്ധനമാണ് ജീവിതമാര്‍ഗം. അന്തിക്കാട്, ഏനാമാവ് പടവുകളിലും കണ്ടശാംകടവിലുമാണ് ചൂണ്ടയിടാനും വലയെറിയാനും പോകുന്നത്. ചൂണ്ടയിടല്‍ രാത്രി തുടങ്ങിയാല്‍ പുലര്‍ച്ചെ വരെ നീളും. കാളാഞ്ചി, ചെമ്പല്ലി തുടങ്ങിയ മീനുകളായിരുന്നു യഥേഷ്ടം ലഭിക്കാറുള്ളത്. 16 കിലോ തൂക്കമുള്ള കാളാഞ്ചി വരെ ചൂണ്ടയിട്ട് പിടിച്ചിട്ടുമുണ്ട്. രാത്രി എട്ടു മണിയോടെ അങ്ങിങ്ങായി വല കെട്ടിയ ശേഷം ഇതില്‍ അകപ്പെട്ട മീനുകള്‍ ശേഖരിക്കാനായി വഞ്ചിയുമെടുത്ത് പോയാല്‍ തിരിച്ച് കരയിലെത്തുന്നത് നേരം പുലരുമ്പോഴായിരിക്കും. കണമ്പ്, കരിമീന്‍, ഏട്ട, പ്രായി തുടങ്ങിയവയും, സീസണ് അനുസരിച്ച് ഞണ്ടുകളും ചിലപ്പോള്‍ വല നിറയും. കരയ്ക്കെത്തിച്ച മത്സ്യവുമായി അഞ്ചു മണിയോടെ തൃശൂര്‍ മാര്‍ക്കറ്റിലെത്തി വില്‍ക്കുന്നതോടെ കിഷോറിന്റെ ശ്വാസം നേരെ വീഴും. മത്സ്യബന്ധനത്തിനായി ഉപയോഗിച്ചിരുന്ന മൂന്ന് വഞ്ചികളില്‍ ഒന്ന് 2018 ലെ പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി കൊടുത്തത് നശിച്ചുപോയി. ഇതിന് നഷ്ടപരിഹാരമൊന്നും ലഭിച്ചില്ല. ദുരന്തമുഖത്ത് ഉപകാരപ്പെടുന്നതിനായി നല്‍കിയത് ആരുടെയൊക്കെയോ അശ്രദ്ധയാല്‍ കൈവിട്ടുപോയതില്‍ ദുഃഖമുണ്ടെങ്കിലും അതെല്ലാം ഉള്ളിലൊതുക്കുകയാണ് കിഷോര്‍. ആശ്വാസത്തിനിപ്പോള് സ്വയം പരിശീലിച്ചുനേടിയ സംഗീതവും കൂട്ടിനുണ്ട്.
ആറ് വര്‍ഷം മുന്‍പ് ഒരു വേദിയില്‍ വച്ച് സാക്സഫോണ് കണ്ടപ്പോഴാണ് അത്തരമൊന്ന് സ്വന്തമാക്കണമെന്ന് കിഷോറിന്റെ മനസില്‍ മോഹമുദിച്ചത്. സാക്സഫോണ് ഉപയോഗിച്ചു നോക്കണമെന്ന ആഗ്രഹം പലരോടും പങ്കുവച്ചെങ്കിലും അവരൊന്നും നല്കാന് തയ്യാറായില്ല. എന്ത് ത്യാഗം സഹിച്ചും ആ വാദ്യോപകരണം സ്വന്തമാക്കണമെന്ന് കിഷോറിന്റെ മനസ് മന്ത്രിച്ചു. ജീവന്റെ ജീവനായി കരുതുന്ന, തനിക്ക് അന്നം തരുന്ന വഞ്ചികളിലൊന്ന് വില്ക്കാന് തീരുമാനിച്ചു. വഞ്ചി വിറ്റപ്പോള്‍ കിട്ടിയത് 45,000 രൂപ മാത്രം. മോഹം പൂവണിയണമെങ്കില്‍ ബാക്കി തുക കൂടി കണ്ടെത്തണം. കിഷോര്‍ കൂടി അംഗമായ ടീം ബാക്ക് ബോണ്‍ എന്ന കലാകാരന്മാരുടെ കൂട്ടായ്മ ബാക്കി സംഖ്യ സ്വരൂപിച്ച് നല്കി. തുടര്‍ന്ന് എറണാകുളത്ത് പോയി 1,65,000 രൂപക്ക് കിഷോര്‍ തന്റെ ആദ്യത്തെ യമഹ ആള്‍ട്ടോ സാക്സഫോണ് സ്വന്തമാക്കി.
സാക്സഫോണ് വാങ്ങിയെങ്കിലും അനുയോജ്യനായ ഗുരുനാഥനെ കിഷോറിന് ലഭിച്ചില്ല. അതിന് ശ്രമിച്ചില്ല എന്നതാവും ശരി. സ്വയം പഠിച്ചെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം മുന്നോട്ട് നയിച്ചു. ചെന്ത്രാപ്പിന്നിയിലുള്ള കോണ്‍ട്രാക്ടറും സാക്സഫോണ് കലാകാരനുമായ അപ്പു (മധു) വിനോട് ചോദിച്ച് വിരലുകളുടെ പ്രയോഗ സ്ഥാനം മനസ്സിലാക്കി. തുടര്‍ന്ന് സ്വയം പരിശീലിക്കാന്‍ തുടങ്ങി. സാക്സഫോണില്‍ നിന്നും വരുന്ന ശക്തിയേറിയ ശബ്ദം മൂലം സമീപമുള്ളവര്‍ക്ക് ബുദ്ധിമുട്ട് നേരിട്ടതോടെ അന്തിക്കാട് പാടശേഖരത്തില്‍ കിടക്കുന്ന തന്റെ വഞ്ചിയെടുത്ത് ഉള്പ്പാടത്തേക്ക് പോയി. പിന്നെ അവിടെയായി പരിശീലനം. വഞ്ചി തുഴഞ്ഞ് ഉള്‍പ്രദേശത്ത് എത്തിയാല്‍ അവിടം പിന്നെ കിഷോറിന്റെ മാത്രം ലോകമായിരുന്നു. പ്രകൃതിയോട് ഇണങ്ങി നിന്ന് പക്ഷിമൃഗാദികള്‍ക്കും വയലേലകള്‍ക്കുമായി ഒരു നാദപ്രപഞ്ചം തന്നെ സൃഷ്ടിച്ചു. ഹൃദിസ്ഥമായ പല സിനിമാ ഗാനങ്ങളും സാക്സഫോണിലൂടെ പുനരാവിഷ്കരിക്കാനുള്ള വെമ്പലിലായിരുന്നു കിഷോറിന്റെ മനസ്. അതിനായി ശാന്തമായ ജലാശയത്തിന് നടുവില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയും ക്ഷമയോടെയും നീണ്ട 22 ദിവസങ്ങളിലായി കഠിന പ്രയത്നം.
മുന്‍നിരയിലുള്ള ഏഴ് പല്ലുകള്‍ ഇനാമല്‍ കുറവ് കാരണം മാറ്റി വെപ്പുപല്ല് വച്ചിരുന്നു. സാക്സഫോണ് ചുണ്ടുകള്‍ക്കിടയില്‍ വച്ചശേഷം ശബ്ദം വരാനായി ശക്തമായി പുറത്തേക്ക് ഊതേണ്ട അവസ്ഥയില്‍ ഈ പല്ലുകള്‍ കിഷോറിന് വലിയ വെല്ലുവിളിയുയര്‍ത്തി. എങ്കിലും പതറിയില്ല. ദിവസം പത്ത് മണിക്കൂര്‍ വരെ പരിശീലനത്തിന് മാറ്റിവച്ചു. ശാസ്ത്രീയ വശങ്ങള് മനസ്സിലാക്കിയിട്ടില്ല എങ്കിലും കേള്‍ക്കുന്ന ഏതു ഗാനവും സാക്സഫോണില്‍ വായിച്ചെടുക്കാന്‍ പ്രാപ്തനായി. 23-ാം ദിവസം കേരള കലാമണ്ഡലത്തിന് സമീപമുള്ള സ്്കൂളില്‍ പരിപാടി അവതരിപ്പിക്കാന്‍ അവസരം കിട്ടി. മുന്‍ സ്പീക്കറും ഇപ്പോഴത്തെ ദേവസ്വം മന്ത്രിയുമായ കെ. രാധാകൃഷ്ണന്റെ ക്ഷണപ്രകാരമായിരുന്നു ഇത്. കിഷോറിന്റെ ജീവിതത്തില്‍ പുതിയൊരദ്ധ്യായം അവിടെ തുറന്നു. രണ്ട് മാസത്തോളം നിരവധി വേദികളില്‍ സൗജന്യമായി സാക്സഫോണ് വായിച്ചു. ആഗ്രഹംകൊണ്ടാണ് വാങ്ങിയതെങ്കിലും എന്തുകൊണ്ട് ഇതൊരു ഉപജീവന മാര്ഗമാക്കിക്കൂടായെന്ന് ചിന്തിച്ചു. ഇതിനിടയില്‍ ഒരു പ്രമുഖ ചാനല്‍ സംഘടിപ്പിച്ച റിയാലിറ്റി ഷോയില്‍ പ്രമദവനം വീണ്ടും… എന്ന ഗാനം ശിങ്കാരിമേളത്തിന്റെ പശ്ചാത്തലത്തില്‍ കിഷോര്‍ സാക്സഫോണില്‍ വായിച്ചത് ജനശ്രദ്ധ നേടി.
നാളിതുവരെ ആയിരത്തില്‍പ്പരം വേദികളില്‍ കിഷോറിന്റെ സാക്സഫോണില്‍ നിന്ന് മധുര ഗാനങ്ങള്‍ ഒഴുകിയെത്തി. മത്സ്യത്തൊഴിലാളിയുടെ നാടന്‍ വേഷത്തിനു പകരം കോട്ടും സ്യൂട്ടുമണിഞ്ഞെത്തിയ കിഷോറിന് സല്‍ക്കാരവേദികളിലും, സ്കൂളുകളിലും സാക്സഫോണിന്റെ ശ്രുതി മധുരിമയില്‍ ലയിക്കാന്‍ ആരാധകരേറെയെത്തി. ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളില്‍ ആ സംഗീതം അലയടിച്ചു. സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ മാനസികോല്ലാസത്തിനായി സാക്സഫോണ് വായിക്കാറുണ്ട്. ഇതിന് പ്രതിഫലം വാങ്ങാറില്ല.
മത്സ്യത്തൊഴിലാളിയാണ് താനെന്ന് അറിഞ്ഞശേഷം മീന്കാരനെന്ന് മുദ്രകുത്തി പലരും ബുക്ക് ചെയ്ത പരിപാടികള്‍ റദ്ദാക്കിയത് കിഷോര്‍ വേദനയോടെ ഓര്‍ക്കുന്നു. പ്രോത്സാഹനം നല്കിയവരും ഏറെയുണ്ട്. സാക്സഫോണ് പ്രയോഗത്തിന്റെ മികവ് കണ്ട് പല വ്യക്തികളില്‍ നിന്നായി വിവിധ തരം ആറ് സാക്സഫോണുകളും സമ്മാനമായി ലഭിച്ചു. സാക്സഫോണ് വാദനത്തിലെ മികവ് പരിഗണിച്ച് ദല്‍ഹിയിലെ ഡോ. അംബേദ്കര്‍ എക്സലന്‍സി അവാര്‍ഡും ഈ കലാകാരനെ തേടിയെത്തി.
പത്താം തരം വിദ്യാഭ്യാസമുള്ള കിഷോര്‍, കെ.കെ. മേനോന് ബസില്‍ ടിക്കറ്റ് ചെക്കറായിട്ടായിരുന്നു ആദ്യം ജോലി നോക്കിയത്. കുറച്ച് വര്‍ഷം തൃശൂര്‍ – അന്തിക്കാട് റൂട്ടില്‍ സ്വകാര്യ ബസില്‍ കണ്ടക്ടറായും ജോലി നോക്കി. നല്ലൊരു തബല കലാകാരന് കൂടിയാണ് കിഷോര്‍. അന്തിക്കാട് കല്ലിടവഴിയില്‍ പുല്ലാങ്കുഴല്‍ വാദകനായിരുന്ന പീച്ചേടത്ത് നാരായണന്റെയും ശാരദയുടെയും മകനാണ് 44 കാരനായ കിഷോര്‍കുമാര്‍. സല്‍മയാണ് ഭാര്യ. മക്കള്‍ ഇരട്ടകളായ നിഹലും നീഹാരയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: