ന്യൂദല്‍ഹി: ബെയ്ജിംഗ് ഒളിമ്പിക്സിനെ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ ബഹിഷ്കരിച്ച മോദി സര്‍ക്കാരിന്റെ നീക്കത്തെ യുഎസിലെ ജനപ്രതിനിധികള്‍ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ അഭിനന്ദിച്ചു.
‘നയനന്ത്ര തലത്തില്‍ ബെയ്ജിംഗ് ഒളിമ്പിക്സ് ബഹിഷ്കരിച്ചതിനെ ഞാന്‍ അഭിനന്ദിക്കുന്നു,’- ഡമോക്രാറ്റിക് പാര്‍ട്ടിയില്‍പ്പെട്ട യുഎസ് സെനറ്റിലെ വിദേശബന്ധങ്ങള്‍ക്കുള്ള സമിതിയുടെ അധ്യക്ഷനായ ബോബ് മെനെന്‍ഡസ് പറഞ്ഞു.
‘ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളെയും ബെയ്ജിങ് ശീതകാല ഒളിമ്പിക്സിനെ രാഷ്ട്രീയ വിജയത്തിനുള്ള മാര്‍ഗ്ഗമാക്കാനുള്ള വൃത്തികെട്ട ശ്രമങ്ങളെയും തള്ളിക്കളഞ്ഞ ഇന്ത്യയൊടും മറ്റ് രാജ്യങ്ങളോടും ഒപ്പം ഞങ്ങള്‍ നിലകൊള്ളുന്നു,’- അദ്ദേഹം പറഞ്ഞു. ഡെമോക്രാറ്റ് പാര്‍ട്ടിയില്‍പ്പെട്ട ജനപ്രതിനിധികള്‍ മാത്രമല്ല, റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധികളും ഇന്ത്യയുടെ ഈ നീക്കത്തെ അഭിനന്ദിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.
ഇന്ത്യയ്ക്ക് പുറമെ യുഎസ്, ബ്രിട്ടന്, കാനഡ, ആസ്ത്രേല്യ എന്നീ രാഷ്ട്രങ്ങളും നയതന്ത്ര തലത്തില്‍ ബെയ്ജിങ് ഒളിമ്പിക്സ് ബഹിഷ്കരിച്ചിരുന്നു. സിന്‍ജിയാങ് പ്രവിശ്യയില്‍ ഉയ്ഗുര് മുസ്ലിങ്ങളെ വംശഹത്യ ചെയ്യുന്ന മനുഷ്യാവകാശലംഘനത്തില്‍ പ്രതിഷേധിച്ചാണ് ഈ രാജ്യങ്ങള്‍ ബെയ്ജിങ് ഒളിമ്പിക്സ് നയതന്ത്രതലത്തില്‍ ബഹിഷ്കരിച്ചത്. ഇന്ത്യ ആദ്യം നയതന്ത്ര തലത്തില്‍ ബെയ്ജിംഗ് ഒളിമ്പിക്സ് ബഹിഷ്കരിച്ചിരുന്നില്ല. പിന്നീട് ഒളിമ്പിക്സിന്റെ ദീപശിഖായേന്തുന്ന ആളായി തെരഞ്ഞെടുത്ത പട്ടാള കമാന്റര്‍ കി ഫബാവോ ഇന്ത്യന്‍ പട്ടാളക്കാര്‍ക്കെതിരെ ഗാല്‍വനില്‍ നടപടിയെടുത്ത വ്യക്തിയാണ്. ഇതാണ് നയതന്ത്ര തലത്തില്‍ ബെയ്ജിങ് ഒളിമ്പിക്സ് ബഹിഷ്കരിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്.
ഇന്ത്യയില്‍ നിന്ന് സ്കീയിങില്‍ ആരിഫ് ഖാന് എന്ന ഒരേയൊരു അത്ലറ്റ് മാത്രമാണ് ബെയ്ജിങ് ശീതകാല ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത്. നയതന്ത്ര തലത്തില്‍ ബഹിഷ്കരണം പ്രഖ്യാപിച്ചതിനാല്‍ ബെയ്ജിങ്ങിനെ ഇന്ത്യന്‍ എംബസിയിലെ നയതന്ത്ര പ്രതിനിധി ഒളിമ്പിക്സുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും സംബന്ധിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: