ന്യൂദല്‍ഹി: കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കളായ ഗുലാം നബി ആസാദിനെയും മനീഷ് തിവാരിയെയും പഞ്ചാബിലെ പ്രചാരണപരിപാടികളില്‍ നിന്നും ഒഴിവാക്കി.
പത്മഭൂഷണ്‍ സ്വീകരിച്ചതാണ് ഗുലാം നബി ആസാദിനു നേരെ വാളോങ്ങാന്‍ കാരണം. മോദിയ്ക്ക് സുരക്ഷ നല്കുന്നതില് പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് വിമര്‍ശിച്ചതിനാണ് മനീഷ് തിവാരിക്ക് വിലക്കേര്‍പ്പെടുത്തിയത്. പഞ്ചാബില്‍ പ്രചാരണം നടത്തുന്ന 30 പേരടങ്ങുന്ന താര ലിസ്റ്റില്‍ ഇരുവരുടെയും പേരില്ല.
ഗുലാം നബി ആസാദിനെ പത്മഭൂഷണ്‍ പുരസ്കാരത്തിന് തെരഞ്ഞെടുക്കുന്നതിന് ഒരു ദിവസം മുന്‍പ് പുറത്തിറക്കിയ ഉത്തര്‍പ്രദേശില്‍ പ്രചാരണം നടത്തുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ലിസ്റ്റില്‍ ആസാദ് ഉണ്ടായിരുന്നു. ഇതില്‍ നിന്നും കോണ്‍ഗ്രസ് ഹൈക്കമാന്റിനെ ചൊടിപ്പിച്ചത് പത്മഭൂഷണ്‍ പുരസ്കാരമാണെന്ന് വ്യക്തം. കോണ്‍ഗ്രസ് അധ്യക്ഷനെ നിയമിക്കാന്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്റിനെതിരെ നീക്കം നടത്തിയ ജി-23 ഗ്രൂപ്പില്‍പ്പെട്ട നേതാക്കളാണ് ഗുലാം നബി ആസാദും മനീഷ് തീവാരിയും.
ഗുലാം നബി ആസാദ് രാജ്യസഭയിലെ കാലാവധി അവസാനിച്ച് പിരിഞ്ഞുപോകുന്ന ദിവസം പ്രധാനമന്ത്രി മോദി അദ്ദേഹത്തെക്കുറിച്ച് നടത്തിയ വികാരനിര്‍ഭരമായ പ്രസംഗം കോണ്‍ഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ചിരുന്നു. ഇതും ഹൈക്കമാന്റിന് ഗുലാം നബി ആസാദിനോടുള്ള മൃദുല സമീപനം ഇല്ലാതാക്കുന്നതിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: