വാര്‍ഷിക ബജറ്റിനെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ പ്രമുഖനേതാവിന്റെ പ്രസംഗം. അത് കേള്‍ക്കാന്‍ ഗൗരവത്തോടെ ജനങ്ങള്‍ കാതുകൂര്‍പ്പിച്ചു. ബജറ്റിനെക്കുറിച്ച് ഒരു വാചകം പോലും രാഹുലില്‍ നിന്നും ഉണ്ടായില്ല. രാജ്യത്തിന്റെ വൈവിധ്യങ്ങളും പ്രത്യേകതകളും വര്‍ണിച്ചു. തന്റെ മുതുമുത്തച്ഛന് 15 വര്‍ഷം ജെയിലില്‍ കിടന്നത് വിവരിച്ചു. അമ്മൂമ്മ 32 വെടിയുണ്ടകള്‍ ഏറ്റുവാങ്ങിയതും പിതാവ് കഷണങ്ങളായി ചിതറിത്തെറിച്ചതും പറയാന്‍ മടിച്ചില്ല. എല്ലാം ഈ രാജ്യത്തിനുവേണ്ടിയാണെന്ന് സാക്ഷ്യപ്പെടുത്താനും മറന്നില്ല.
ഇന്ത്യയെ സംബന്ധിച്ച് രണ്ട് ദര്‍ശനങ്ങളുണ്ടെന്ന് രാഹുല്‍ പ്രസംഗിച്ചു. അതിങ്ങനെയാണ് രാഹുല്‍ വിശദീകരിച്ചത്, ഈ രാജ്യത്തിന്റെ 3000 വര്‍ഷത്തെ ചരിത്രം നിങ്ങള്‍ പരിശോധിക്കൂ. ഒരിക്കലും, ഒരു ഭരണാധികാരിക്കും ഈ രാജ്യത്തെ അടക്കി ഭരിക്കാന്‍ സാധിച്ചിട്ടില്ല. എല്ലായ്പ്പോഴും ഈ രാജ്യം അനേകം സംസ്ഥാനങ്ങളുടെ ഏകോപനത്താല് സൃഷ്ടിക്കപ്പെട്ട ഒന്നായിരുന്നു. രണ്ട്, നിങ്ങള്‍ കരുതുന്നത് നിങ്ങള്‍ക്ക് എല്ലാവരെയും അടിച്ചമര്‍ത്താം എന്നാണ്. നോക്കൂ, തമിഴ്നാടിന് ഒരു സംസ്കാരം ഉണ്ട്. വ്യത്യസ്തമായ ഒരു സങ്കല്പം ഉണ്ട്. ഒരു സംസ്ഥാനം എന്ന നിലയില്‍ അവരുടെ ആ വ്യത്യസ്തമായ ഐഡന്റിറ്റി ഉള്‍ക്കൊണ്ട് തന്നെ അവര്‍ക്ക് ഇന്ത്യയെപ്പറ്റിയും ഈ രാജ്യത്തെ പറ്റിയും കൃത്യമായ ബോധമുണ്ട്. അതുപോലെ തന്നെ കേരളവും, ഞാന്‍ അവിടുത്തെ ജനപ്രതിനിധിയാണ്. കേരളത്തിന് ഒരു സംസ്കാരം ഉണ്ട്, ഒരു അന്തസ് ഉണ്ട്, ചരിത്രം ഉണ്ട്, ജീവിത വഴിയുണ്ട്. അങ്ങനെ അനേകം സംസ്കാരവും ചരിത്രവും ചേരുമ്പോഴാണ് ഇന്ത്യയുണ്ടാവുന്നത്. അതാണ് ഇന്ത്യയുടെ അഴകും കരുത്തും…’
രാഹുല്‍ പറഞ്ഞ ആ അഴകും കരുത്തും നഷ്ടപ്പെട്ട ഒരു കാലമുണ്ടായിരുന്നു. അതിനെയാണ് അടിയന്തിരാവസ്ഥ എന്നുപറയുന്നത്. സര്‍വ അധികാരങ്ങളും കൈക്കുമ്പിളിലാക്കി രാജ്യത്തെ അടക്കിവാണ കാലം. രാജ്യമാകെ തടവറയാക്കി. മിണ്ടാന്‍ പാടില്ല. ചോദിക്കാന്‍ പടില്ല. പറയാന്‍ കഴിയില്ല. ഇതൊക്കെ ചെയ്താല്‍ തടവില്‍ കഴിയേണ്ടിവരും. ആരാണ് ഇത് ചെയ്തത്? 32 വെടിയുണ്ടകള്‍ ഏറ്റുവാങ്ങിയാണെന്റെ അമ്മൂമ്മ മരിച്ചതെന്ന് പറഞ്ഞില്ലെ? ആ അമ്മൂമ്മയുടെ ക്രൂരമായ വിനോദമായിരുന്നു ഇതൊക്കെ.
2021 ല്‍ മൂന്നുകോടി തൊഴിലില്ലാത്തവരുണ്ടായി എന്നുപറഞ്ഞല്ലൊ. ലോകം കണ്ട ഏറ്റവും വലിയ ദുരന്തം. കൊവിഡ് കാലത്ത് തൊഴിലില്ലായ്മ കൂടി. എന്നിട്ടും അതിന്റെ ദുരന്തം ജനങ്ങളുടെ ചുമലില്‍ കയറ്റിവയ്ക്കാതെ ഒരു കൈത്താങ്ങ് നല്കി സംരക്ഷിക്കാന്‍ ഒരു സര്‍ക്കാര്‍ ഇവിടെ ഉണ്ടായി. 86 കോടി ജനങ്ങള്‍ക്ക് പട്ടിണി കൂടാതെ കഴിയാന്‍ സൗകര്യമൊരുക്കിയ സര്‍ക്കാരാണ് കേന്ദ്രത്തില്‍ ഇന്നുള്ളത്. അതിനെ ഒന്ന് പരാമര്‍ശിക്കാന്‍ പോലും കൂട്ടാക്കാത്ത മനസ്സിനെ വന്ദിക്കണോ, നിന്ദിക്കണോ? ഇതെല്ലാം കേള്‍ക്കുമ്പോള്‍ ”എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ല” എന്ന ചൊല്ല് ആരും ഓര്‍ത്തുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: