കെ.എം. നായര്‍
(സിഡ്ബി മുന്‍ കണ്ട്രി ഹെഡായ കെ.എം. നായരോട് സംസാരിച്ച് തയ്യാറാക്കിയത്)
അമൃതകാലത്തേക്കുള്ള 25 വര്‍ഷ രാജ്യ വികസന പദ്ധതിക്ക് ഗാന്ധിയന്‍ ആദര്‍ശത്തിലുള്ള അടിത്തറയില്‍ തയ്യാറാക്കിയ മാര്‍ഗരേഖയാണ് കേന്ദ്ര ബജറ്റ്. ഗാന്ധിയന്‍ കാഴ്ചപ്പാടായ ഗ്രാമീണ-ചെറുകിട-ഇടത്തരം വ്യവസായ വികസനമെന്ന ആശയമാണ് ബജറ്റിന്റെ അടിത്തറ. മൈക്രോതലത്തില്‍ ആസൂത്രണം ചെയ്ത് മാക്രോ ഇക്കണോമിക് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന ഇന്‍ക്ലുസീവ് ഇക്കണോമിക് രീതിയാണ് ഇതിന് വിഭാവനം ചെയ്തിരിക്കുന്നത്. കുടില്‍ വ്യവസായ തലത്തില്‍ ആസൂത്രണം ചെയ്ത് ആവിഷ്കരിക്കുന്ന പദ്ധതിക്ക് ബജറ്റില്‍ വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്.
ബജറ്റില്‍ ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് നേരിട്ട് പണം നീക്കിവച്ചതായി തോന്നുന്നില്ലെങ്കിലും അടിസ്ഥാന സൗകര്യ മേഖലയില്‍ ഉള്‍പ്പെടെ ഓരോ പദ്ധതിയുടെയും നേട്ടം ഇത്തരം സംരംഭങ്ങള്‍ക്ക് ആണ്. സബ്സിഡികളും ഗ്രാന്‍ഡുകളും പോലെ. കൈയടി കിട്ടുന്ന സമ്പ്രദായങ്ങള്‍ക്കുപകരം ഉല്‍പ്പാദന വര്‍ദ്ധനക്ക് പ്രോത്സാഹനവും വളര്‍ച്ചയും നല്‍കുന്നതാണ് ഈ ബജറ്റ്. എംഎസ്എംഇകള്‍ക്ക് വലിയ നേട്ടങ്ങളും അവസരവും നല്കുന്ന എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്കീം കഴിഞ്ഞ ബജറ്റിലുണ്ടായിരുന്നത് ഈ ബജറ്റിലും തുടരുന്നു. മാത്രമല്ല, അതിന് 50,000 കോടി രൂപ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് മാത്രം അധികം അനുവദിച്ചു. 150 ലക്ഷം യൂണിറ്റുകള്‍ക്ക് ഇതിന്റെ നേട്ടമുണ്ടാകും. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച് നടപ്പാക്കിയ ഈ പദ്ധതിയുടെ വിജയമാണ് ഇത് തുടരാന്‍ കാരണം. 130 ലക്ഷം പുതിയ എസ്എംഇകള്‍ തുടങ്ങാന്കൂടിയാണ് 2023 മാര്‍ച്ചുവരെ നീട്ടിയ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സിഡ്ബി(സ്മാള്‍ സ്കെയില്‍ ഇന്‍ഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക്) പദ്ധതിയായ ക്രെഡിറ്റ് ഗ്യാരണ്ടി നടപ്പാക്കുന്നതോടെ കൂടുതല്‍ മേഖലയില്‍ അത് ലഭ്യമാകും. രണ്ടുകോടി രൂപവരെ എംഎസ്എംഇകള്‍ക്ക് ഈടൊന്നും നല്‍കാതെ, പദ്ധതിയുടെ വിജയസാധ്യത മാത്രം വിലയിരുത്തി നല്കുന്ന ഈ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ രണ്ടുലക്ഷം കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളത്.
ഉദ്യം, ശ്രം, എംഎസ്എംഇ, സ്കില്‍ ഡവലപ്മെന്റ് പ്രോഗ്രാം തുടങ്ങി കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലെ വ്യവസായ-ഉത്പാദന പദ്ധതികള്‍ തമ്മില്‍ ബന്ധിപ്പിച്ച് നടത്തുന്ന ആസൂത്രണം ചെറുകിട-ഇടത്തരം വ്യവസായ മേഖലയില്‍ വലിയ നേട്ടത്തിനവസരം തുറക്കും. പദ്ധതികള്‍ക്കുള്ള അനുമതികള്‍ ഉള്‍പ്പെടെ നൂലാമാലകള്‍ നീക്കാന്‍ ഇത് സഹായിക്കും.
ഡിജിറ്റൈസേഷനും ഡിജിറ്റലൈസേഷനും എംഎസ്എംഇ വിഭാഗത്തിന് ഏറെ ഗുണം ചെയ്യും. സംഭരണം നടത്തിയാല്‍ സര്‍ക്കാരില്‍ നിന്നും സ്വകാര്യ മേഖലയില്‍ നിന്നും 10 ദിവസത്തിനകം 75 ശതമാനം മുടക്കുതുകയും ലഭ്യമാക്കുമെന്ന വ്യവസ്ഥ ഈ മേഖലയില്‍ പണമിടപാടില്‍ നേരിട്ടിരുന്ന കാലതാമസം ഇല്ലാതാക്കും. ബില്ലുകള്‍ നിശ്ചിത സമയക്രമത്തില്‍ പാസായിക്കിട്ടാത്തതാണ് പല എംഎസ്എംഇ യൂണിറ്റുകളും നേരിടുന്ന പ്രശ്നം. ബാങ്ക് ഗ്യാരണ്ടിക്കു പകരം ജാമ്യ ബോണ്ടുകളാക്കുന്നത് പേയ്മെന്റ് സംവിധാനം വേഗത്തിലാക്കാനും ബാങ്ക് ചാര്‍ജും സെക്യൂരിറ്റിയും ഒഴിവാക്കാനും സഹായിക്കും. ഇതെല്ലാം ഉല്‍പ്പാദന-വളര്‍ച്ചയ്ക്ക് ഗുണകരമാകും. പ്രതിരോധരംഗത്തെ ഇറക്കുമതി നിര്‍ത്തിയതും സോളാര്‍ പവര്‍ പ്രോജക്ടുകളും എംഎസ്എംഇകള്‍ക്കും വലിയ നേട്ടങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: