കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ രാജ്യമായ ചൈന ഒരിക്കല്‍ക്കൂടി അതിന്റെ മുഷ്ക്കും വികൃതമുഖവും ലോകത്തിന് മുന്നില്‍ കാണിച്ചിരിക്കുകയാണ്. ബീജിങ്ങില്‍ തുടക്കം കുറിച്ചിരിക്കുന്ന ശീതകാല ഒളിമ്പിക്സിന്റെ ദീപശിഖയേന്താന്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കമാന്‍ഡറായ ഖ്വി ഫസാവോയെ നിയോഗിച്ചുകൊണ്ടാണിത്. ഗാല്‍വന്‍ താഴ്വരയില് ഭാരത സൈന്യത്തിനു നേരെ ആക്രമണം നടത്താന്‍ നേതൃത്വം നല്കിയ ഇയാളെ ഇതിനായി തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് ഒളിമ്പിക്സിന്റെ ഉദ്ഘാടന-സമാപന ചടങ്ങുകളില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് തീരുമാനിച്ചതിലൂടെ ഭാരതം ശക്തമായ തിരിച്ചടിയാണ് ചൈനയ്ക്ക് നല്‍കിയത്. ഭാരതത്തിന്റെ നയതന്ത്ര പ്രതിനിധികള്‍ പങ്കെടുക്കാതിരിക്കുന്നതിനു പുറമെ ചടങ്ങുകള്‍ ദൂരദര്ശന് സംപ്രേഷണം ചെയ്യില്ലെന്ന് പ്രസാര്‍ഭാരതിയും വ്യക്തമാക്കി. ഗാല്‍വനിലെ സംഘര്‍ഷത്തില്‍ തങ്ങള്‍ക്കുണ്ടായ ആള്‍നാശം ചൈന മറച്ചുവച്ചുവെന്നും, അവര്‍ അവകാശപ്പെട്ടതിനു വിരുദ്ധമായി നാല്‍പ്പതിലേറെ സൈനികര്‍ മരിച്ചുവെന്നുമുള്ള റിപ്പോര്‍ട്ട് പുറത്തുവന്ന ദിവസം തന്നെ ഒളിമ്പിക്സ് ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്ന് ഭാരതം വ്യക്തമാക്കിയത് കമ്യൂണിസ്റ്റ് ഭരണനേതൃത്വത്തിന് വലിയ നാണക്കേടു വരുത്തിവച്ചിരിക്കുകയാണ്. ഒളിമ്പിക്സ് ദീപശിഖയേന്താന്‍ ചൈന തെരഞ്ഞെടുത്ത ഫസാവോയ്ക്ക് ഗാല്‍വന്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു.
ഗാല്‍വനിലെ കൊലയാളിയെ മഹത്വവല്‍ക്കരിച്ച് ചൈന കാണിച്ച ധിക്കാരത്തെ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന ഭാരതത്തിന്റെ നിലപാടിനെ അമേരിക്കയും പിന്തുണച്ചിരിക്കുകയാണ്. ഒളിമ്പിക്സിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് അപലപിക്കുന്ന ഭാരതത്തിനൊപ്പമാണ് തങ്ങളെന്ന് യുഎസ് വിദേശകാര്യ വകുപ്പാണ് വ്യക്തമാക്കിയത്. അയല്‍ രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന ചൈനയുടെ രീതി തങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും, ഇക്കാര്യത്തില്‍ ഇന്ത്യ-പസഫിക് മേഖലയിലെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് തങ്ങളെന്നും യുഎസ് വിദേശകാര്യ വക്താവ് പറഞ്ഞത് ചൈനയ്ക്ക് വലിയ തിരിച്ചടിയാണ്. അമേരിക്കയിലെ പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഗാല്‍വനില്‍ ഭാരത സൈനികരുടെ കൊലപാതകത്തില്‍ പങ്കെടുത്ത സൈനികനെ ഒളിമ്പിക്സില്‍ ദീപശിഖയേന്താന്‍ നിയോഗിച്ചതിനെ അപലപിക്കുകയുണ്ടായി. നാണംകെട്ട തീരുമാനമാണ് ചൈനയുടെതെന്നും, ഭാരതത്തിന്റെ പരമാധികാരത്തെ തങ്ങള്‍ പിന്തുണയ്ക്കുമെന്നുമാണ് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജിം റിസ്ച് അഭിപ്രായപ്പെട്ടത്. സിഞ്ചിയാങ്ങിലെ വീഗര്‍ മുസ്ലിങ്ങളെ ചൈന അടിച്ചമര്‍ത്തുന്നതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ബീജിങ് ശൈത്യകാല ഒളിമ്പിക്സിന്റെ ചടങ്ങുകള്‍ ബഹിഷ്കരിക്കുമെന്ന് അമേരിക്കയ്ക്കു പുറമെ ഇംഗ്ലണ്ടും കാനഡയും ആസ്ട്രേലിയയും ലിത്വാനിയയും കൊസോവോയും ബെല്‍ജിയവും ഡെന്മാര്ക്കും എസ്റ്റോണിയയുമൊക്കെ നേരത്തെ പ്രഖ്യാപിക്കുകയുണ്ടായി. ഇതിനു പിന്നാലെയാണ് ഗാല്‍വന്‍ സംഘര്‍ഷത്തിന്റെ പേരില്‍ ഒരിക്കല്‍ക്കൂടി ചൈനയ്ക്ക് ഭാരതം ചുട്ട മറുപടി നല്‍കിയിരിക്കുന്നത്.
ചൈനയുടെ ധിക്കാരത്തിന് ഭാരതം തിരിച്ചടി നല്‍കുകയും, ലോകരാഷ്ട്രങ്ങള്‍ ഈ വികാരത്തിനൊപ്പം നില്‍ക്കുകയും ചെയ്യുമ്പോള്‍ രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ സ്വീകരിക്കുന്ന നിലപാട് ഒരിക്കല്‍ക്കൂടി അവരുടെ തനിനിറം വെളിപ്പെടുത്തിയിരിക്കുകയാണ്. ബീജിങ് ഒളിമ്പിക്സ് ചടങ്ങുകള്‍ ബഹിഷ്കരിക്കുമെന്ന മോദി സര്‍ക്കാരിന്റെ ദേശാഭിമാനപരമായ തീരുമാനത്തെ പിന്തുണയ്ക്കേണ്ടതിനു പകരം കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും മൗനം പാലിച്ചു. ഗാല്‍വന്‍ സംഘര്‍ഷത്തിന്റെ സമയത്തും ഇവര്‍ ഭാരത സൈനികര്‍ക്കൊപ്പം നില്‍ക്കാതെ ചൈനയുടെ അവകാശവാദങ്ങളെ കണ്ണുമടച്ച് വിശ്വസിക്കുകയായിരുന്നു. മോദി സര്‍ക്കാര്‍ ചൈനയെയും പാകിസ്ഥാനെയും ഒന്നിപ്പിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വസ്തുതാവിരുദ്ധമായി പ്രസംഗിച്ചത് ചൈനയ്ക്ക് വിടുപണി ചെയ്യുന്നതാണ്. ചൈന-പാക് സൗഹൃദം കോണ്‍ഗ്രസ്സ് ഭരണകാലത്ത് തുടക്കമിട്ടതാണെന്നു മുന്‍ കോണ്‍ഗ്രസ്സ് നേതാവും വിദേശകാര്യമന്ത്രിയുമായിരുന്ന കെ. നട്വര് സിങ് നടത്തിയ പ്രസ്താവന രാഹുലിന്റെ കള്ളം പൊളിച്ചു. ഷാക്സ്വാം താഴ്വരയും പാക്കധീന കശ്മീരിലൂടെ കാരക്കോറം പാത നിര്‍മിക്കാന്‍ സ്ഥലവും വിട്ടുനല്‍കിയതും ചൈന-പാക് സാമ്പത്തിക ഇടനാഴി നിര്‍മിച്ചതുമൊക്കെ കോണ്‍ഗ്രസ്സിന്റെ ഭരണ കാലത്താണെന്ന സത്യം മറച്ചുവച്ച് രാഹുല്‍ അബദ്ധങ്ങള്‍ വിളമ്പിയത് കരുതിക്കൂട്ടിയാണ്. ഇടതു നേതാക്കളെപ്പോലെ ചൈനയുടെ കയ്യിലെ കളിപ്പാവയായി ഈ കോണ്‍ഗ്രസ്സ് നേതാവും മാറിയിട്ട് വളരെക്കാലമായി. തെമ്മാടി രാഷ്ട്രം എന്നു വിളിപ്പേരുള്ള ചൈനയ്ക്കും അവരുടെ അഞ്ചാംപത്തികള്ക്കുമുള്ള മുന്നറിയിപ്പാണ് ഒളിമ്പിക്സ് ചടങ്ങുകള്‍ ബഹിഷ്കരിക്കാനുള്ള ഭാരതത്തിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: