ചെന്നൈ: ബിജെപി ഒരിയ്‌ക്കലും തമിഴ്‌നാട്ടില്‍ അധികാരത്തില്‍ വരില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്‍റിലെ പ്രസംഗത്തിന് നേരെ വിമര്‍ശന ശരങ്ങള്‍ തൊടുത്ത് തമിഴ്‌നാട്ടിലെ ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നോക്കാമെന്നായിരുന്നു അണ്ണാമലൈയുടെ ഇതിനുള്ള മറുപടി.
കോണ്‍ഗ്രസ് തമിഴ്‌നാട്ടില്‍ കുറച്ചുകാലം ഭരിച്ചു. 1965ല്‍ താങ്ങളുടെ അപ്പൂപ്പനാണ് ഹിന്ദി നിര്‍ബന്ധമായി അടിച്ചേല്‍പിച്ചത്. 1986ല്‍ വീണ്ടും താങ്കളുടെ അച്ഛന്‍ ഹിന്ദി തമിഴ്‌നാട്ടില്‍ അടിച്ചേല്‍പിച്ചു. കോണ്‍ഗ്രസ് കാമരാജ് അയ്യയെ അപമാനിച്ചു. താങ്കളുടെ അമ്മൂമ്മയാണ് 1974ല്‍ കച്ചതീവ് വിദേശരാജ്യത്തിന് (ശ്രീലങ്ക) വിട്ടുകൊടുത്തത്. – കോണ്‍ഗ്രസിന്റെ തമിഴ്‌നാട്ടിലെ ചരിത്രം എണ്ണിപ്പറഞ്ഞ് അണ്ണാമലൈ ചോദിച്ചു.
ശ്രീലങ്കയിലെ ശ്രീലങ്കന്‍ തമിഴര്‍ക്ക് സംഭവിച്ചതിനെല്ലാം ഉത്തരവാദി താങ്കളുടെ പാര്‍ട്ടിയാണ്. 2009 ഓര്‍മ്മയുണ്ടോ. ഞങ്ങളുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഇപ്പോള്‍ അവര്‍ക്ക് വേണ്ടി 50,000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. ജല്ലിക്കെട്ട് ഒരു പ്രാകൃത കായികവിനോദമാണെന്ന് വിളിച്ച് താങ്കളുടെ പാര്‍ട്ടി നിരോധിച്ചു. നമ്മളുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി കോടതിയില്‍ യുദ്ധം ചെയ്ത് ജല്ലിക്കെട്ട് തമിഴ് മക്കള്‍ക്ക് തിരിച്ചുനല്‍കി.- അണ്ണാമലൈ പറഞ്ഞു.
താങ്കള്‍ ഇപ്പോള്‍ ഡിഎംകെയുടെ ഓക്സിജന്‍ ശ്വസിച്ച് ഐസിയുവില്‍ കിടക്കുകയാണ്. പുതുച്ചേരിയില്‍ ഞങ്ങള്‍ ഇപ്പോള്‍ അധികാരത്തില്‍ വന്നു. നമ്മുടെ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സ്വീകരിച്ച ജനങ്ങള്‍ക്ക് നന്ദി. അതൊരു നാഴികക്കല്ലായിരുന്നു. ഞങ്ങളുടെ അടുത്ത ലക്ഷ്യം തമിഴ്‌നാടാണ്. തമിഴ്മക്കള്‍ ബിജെപിയോടും പ്രധാനമന്ത്രി മോദിയോടും ഒപ്പമാണ്.- അണ്ണാമലൈ ആഞ്ഞടിച്ചു.
ചരിത്രം മറക്കരുത് സര്‍. അത് ആവര്‍ത്തിക്കുന്നതിന്റെ പേരില്‍ താങ്കള്‍ അധിക്ഷേപിക്കപ്പെടും. അമേഠിയില്‍ താങ്കള്‍ക്ക് സംഭവിച്ചതുപോലെ. തല്‍ക്കാലത്തേക്ക് ബൈ ബൈ, താങ്കള്‍ അടുത്ത കൃത്രിമ പ്രശ്‌നത്തിലേക്ക് ഓടിയെത്തും വരെ. – അണ്ണാമലൈ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: