അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്ത് മുനിസിപ്പല്‍ കോര്‍പറേഷനിലെ ആം ആദ്മി പാര്‍ട്ടിയില്‍പ്പെട്ട അഞ്ച് കൗണ്‍സിലര്‍മാര്‍ ബിജെപിയിലേക്കെന്ന് സൂചന. കഴിഞ്ഞ രണ്ട് ദിവസമായി കാണാതായ ഇവര്‍ ഗാന്ധിനഗറിലേക്ക് പോയതാണെന്ന് പറയപ്പെടുന്നു. വൈകാതെ ഇവര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് പറയുന്നു. .
നേരത്തെ ആം ആദ്മി പാര്‍ട്ടിയിലെ ചില നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. അതിന് പിന്നാലെയാണ് ആപ് കൗണ്‍സിലര്‍മാരുടെ നീക്കം. റുത കേയൂര്‍ കാകതീയ (മൂന്നാം വാര്‍ഡ്), ചിമന്‍ലാല്‍ സോളങ്കി (രണ്ടാം വാര്‍ഡ്), വിപുല്‍ ധിരുബായ് മോവ്ലിയ (പതിനാറാം വാര്‍ഡ്), ജ്യോതിക വിനോദ്ഭായി ലതിയ (എട്ടാം വാര്‍ഡ്), മനീഷ ജഗദീശ്ബായി കുകദിയ (അഞ്ചാം വാര്‍ഡ്) എന്നിവരാണ് മുങ്ങിയത്.
ബിജെപിയുടെ ഒരു യുവനേതാവിന്റെ നിയന്ത്രണത്തിലാണ് ഈ അഞ്ച് പേരുമെന്നാണ് വിവരം. സംശയകരമായ നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് കരുതുന്ന വിപുല്‍ മോവ്ലിയയ്ക്കെ ആം ആദ്മി പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
കമലം ബിജെപി ഓഫീസില്‍ ഈ കൗണ്‍സിലര്‍മാര്‍ എത്തിച്ചേരാന്‍ സാധ്യതയുള്ളതായി പറയുന്നു. പക്ഷെ, ബിജെപി കേന്ദ്ര നേതൃത്വം പച്ചക്കൊടി വീശിയാല്‍ മാത്രമേ ഇവരുടെ ബിജെപിയിലേക്കുള്ള പ്രവേശനം ഔദ്യോഗികമായി നടക്കുക.
സൂറത്ത് മുനിസിപ്പല്‍ കോര്‍പറേഷനില്‍ പ്രതിപക്ഷ നേതാവിന്റെ പദവി ലഭിക്കാന്‍ 24 കൗണ്‍സിലര്‍മാര്‍ വേണം. ആം ആദ്മി പാര്‍ട്ടിക്ക് നിലവില്‍ 27 പേരുണ്ട്. ഇപ്പോള്‍ അഞ്ച് പേര് പോയാല്‍ ഇത് 22 ആകും. അതോടെ പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: